പാരീസ്: ധനകാര്യ സ്ഥാപനത്തിന്റെ വാതില്‍ അടയ്ക്കാന്‍ മറന്നുപോയതിനെ തുടര്‍ന്ന് മോഷണം പോയത് മൂന്ന് ലക്ഷം യൂറോ. പാരീസിലെ പ്രധാന വിമാനത്താവളമായ ചാള്‍സ് ഡേ ഗ്വാല്ലേയില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 എഫിലുള്ള ലൂമിസ് കാഷ് മാനേജ് മെന്റ് കമ്പനിയില്‍ നിന്നാണ് പണം നഷ്ടമായത്. വിമാനത്താവളത്തിനടുത്ത് ആക്രി പെറുക്കി നടന്നിരുന്ന ആളെയാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ തപ്പി വീപ്പകള്‍ തോറും തെരഞ്ഞു നടക്കുകയാണ് ഇപ്പോള്‍ പോലീസ്.
മോഷ്ടാവ് രണ്ടു സഞ്ചികള്‍ നിറയെ പണമെടുത്തുകൊണ്ടുപോയപ്പോള്‍ മൂന്ന് ലക്ഷം യൂറോയാണ് സ്ഥാപനത്തിന് നഷ്ടമായത്. വിമാനത്താവളത്തിന് സമീപം കിടന്നുറങ്ങുന്ന നിരവധി ആളുകളില്‍ നിന്നും സുരക്ഷാ ക്യാമറ ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പോലീസ് വ്യക്തമാക്കി. ഇയാള്‍ ഉപേക്ഷിച്ച സ്യുട്ട് കേയ്‌സുകള്‍ പോലീസ് പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
തെരുവിലൂടെ നടന്നുപോകുന്നതിനിടയില്‍ പണ സ്ഥാപനത്തിന്റെ വാതില്‍ വെറുതെ തള്ളി നോക്കിയപ്പോഴാണ് അത് തുറന്നു കിടക്കുന്നത് ഇയാളുടെ ശ്രദ്ധയില്‍പെടുന്നത്. പിന്നെ ഒന്നു ആലോചിച്ചില്ല. തന്റെ കൈവശമുണ്ടായിരുന്ന സ്യൂട്ട്‌കേയ്‌സ് വാതില്‍ക്കല്‍ വെച്ചശേഷം അകത്തു കയറി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടു സഞ്ചിയില്‍ പണം നിറച്ച് ഇയാള്‍ സ്ഥലവിട്ടു. സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ മോഷണത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ആളെ തിരിച്ചറിഞ്ഞ് തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.
അതേസമയം ധനകാര്യ സ്ഥാപനത്തിന്റെ വാതില്‍ രാത്രി സമയത്ത് തുറന്നുകിടന്നതിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം ആദ്യം കരുതിയിരുന്നത് മോഷണം നടത്താനായി വാതില്‍ തുറന്നതാണെന്നാണ്. എന്നാല്‍ പിന്നീടാണ് മോഷ്ടാവല്ല വാതില്‍ തുറന്നതെന്നും യാദൃശ്ചികമായി വാതില്‍ തുറന്നുകണ്ടതിനെ തുറന്ന് അകത്തുകടന്നാണ് മോഷണം നടത്തിയതെന്നും അറിയുന്നത്. മോഷ്ടാവിന് 50 വയസില്‍ അധികം പ്രായമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
Post Your Comments