ശബരിമലയിലേക്ക് അയ്യപ്പസ്വാമിയെ കാണുന്നതിന് മുൻപ് പാലിക്കേണ്ട വ്രതാനുഷ്ഠാനങ്ങളെ കുറിച്ചറിയാം. മാനസികമായും ശാരീരികമായും തയാറെടുത്തു വേണം ഓരോ ഭക്തനും മല ചവിട്ടേണ്ടത്. ശബരിമല തീര്‍ത്ഥാടനം വ്രതശുദ്ധിയോടെ നടത്തേണ്ടതിനാൽ ചുവടെ പറയുന്ന കാര്യങ്ങൾ തീർച്ചയായും പാലിക്കുക.
ആദ്യമായി മല ചവിട്ടുന്ന അയ്യപ്പന്‍മാരെ കന്നി അയ്യപ്പന്‍മാർ എന്നാണ് വിളിക്കുക. അതിനാൽ മറ്റു ഭക്തരെ അപേക്ഷിച്ച് കന്നി അയ്യപ്പന്‍മാർക്ക് ചടങ്ങുകൾ കൂടുതലാണ്. 8 വര്‍ഷം സ്ഥിരമായി മുടങ്ങാതെ മല ചവിട്ടിയ സ്വാമിക്ക് ഗുരുസ്വാമിയാവാൻ സാധിക്കുന്നു.
അതിരാവിലെ കുളിച്ച് കറുത്ത വസ്ത്രം ധരിച്ച് ക്ഷേത്രത്തില്‍ ചെന്ന് ഗുരുസ്വാമിക്ക് ദക്ഷിണ വെച്ച ശേഷം സ്വാമിയുടെ രൂപമുള്ള മാലയാണ് ധരിക്കേണ്ടത്. ശേഷം നാല്‍പ്പത്തിയൊന്ന് ദിവസത്തെ വ്രതം തെറ്റാതെ അനുഷ്ഠിക്കണം.
മാലയിട്ടു കഴിഞ്ഞാൽ വ്രതം തീര്‍ന്ന് ശബരിമല ദർശിച്ച് തിരിച്ചെത്തുന്നത് വരെ കഴുത്തിൽ നിന്നും ഊരുവാൻ പാടുള്ളതല്ല. അയ്യപ്പസ്വാമിയുടെ പ്രതിരൂപമായിട്ടാണ് മാലയിട്ട ശേഷം പരസ്പരം അവനവനെ കാണേണ്ടത്. കൂടാതെ മല ചവിട്ടി തിരിച്ചെത്തുന്നത് വരെ ക്ഷൗരം ചെയ്യാന്‍ പോലും പാടില്ല.
ലഹരിവസ്തുക്കള്‍,മാംസഭക്ഷണം അപ്പാടെ ഒഴിവാക്കുക ഇല്ലെങ്കിൽ വ്രതത്തിന് ഭംഗം സംഭവിക്കാന്‍ കാരണമാകുന്നു. ശബരിമല ദർശനത്തിന് ശേഷവും ലഹരിവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക. കൂടാതെ പഴയതും പാകം ചെയ്ത് അധികസമയവുമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. വ്രതമെടുക്കുന്നവർക്ക് വേണ്ടി വീട്ടമ്മമാർ കുളിച്ച് ശുദ്ധമായി വേണം ഭക്ഷണം പാകം ചെയ്യാന്‍. ആര്‍ത്തവ കാലത്ത് അടുക്കളയില്‍ കയറുവാനോ ആഹാരം പാകം ചെയ്യുവാനോ പാടില്ല. മാത്രമല്ല മാലയിട്ടവരില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനും ശ്രദ്ധിക്കുക.
മാലയിട്ട ശേഷം ഒരിക്കലും ശവസംസ്‌കാരത്തില്‍ പങ്കെടുക്കരുത്. അഥവാ പങ്കെടുത്താൽ അടുത്ത മണ്ഡല കാലം വരെ വ്രതമെടുത്ത് മല ചവിട്ടണം. മലക്ക് മാലയിട്ട ശേഷം കഴിയുന്നത്രയും വ്രതങ്ങള്‍ എടുക്കാന്‍ ശ്രമിക്കുക. എള്ളുതിരി കത്തിക്കല്‍, നീരാഞ്ജനം തുടങ്ങിയ വഴിപാടുകള്‍ ചെയ്യാന്‍ ശ്രമിക്കണം.
Post Your Comments