ന്യൂഡൽഹി: ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരായ വിശാല മതനിരപേക്ഷ സഖ്യത്തിൽ കോൺഗ്രസിനെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സി.പി.എം പോളിറ്റ് ബ്യൂറോയിൽ ഭിന്നത തുടരുന്നു. കോൺഗ്രസുമായി യാതൊരു തരത്തിലുള്ള ബന്ധവും വേണ്ടെന്നാണ് പ്രകാശ് കാരാട്ട് പക്ഷം ആവശ്യപ്പെടുന്നത്.
കോൺഗ്രസ് ബന്ധം വേണ്ടെന്ന കാരാട്ടിന്റെ നിലപാടിനൊപ്പമാണ് കേരള ഘടകം. മറ്റ് മതേതര പാർട്ടികളെ പോലെ അല്ല കോൺഗ്രസെന്നാണ് കാരാട്ടിന്റെ നിലപാട്. ഇക്കാര്യത്തിൽ നിലവിൽ മാറ്റം വേണ്ടെന്ന നിലപാടാണ് കേരള ഘടകത്തിനും. അതേസമയം, ബംഗാൾ ഘടകം യെച്ചൂരിക്കൊപ്പമാണ്.
എന്നാൽ പ്രാദേശിക സഖ്യം പൂർണമായും വേണ്ടെന്ന് വയ്‌ക്കരുതെന്നാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ മറ്റൊരു വിഭാഗത്തിന്റെ വാദം. ഇരു നേതാക്കളും ഞായറാഴ്‌ച നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ ഇത് സംബന്ധിച്ച് സംസാരിക്കുമെന്നാണ് അറിയുന്നത്.
നിലവിലെ രീതിയിൽ മാറ്റം വേണമെന്നും കോൺഗ്രസുമായുള്ള സഹകരണത്തെ പൂർണമായും പിന്തള്ളരുതെന്നും ബംഗാൾ ഘടകം വാദിക്കുന്നു. വി.എസ്.അച്യുതാനന്ദന്റെ പിന്തുണയും യെച്ചൂരിക്കുണ്ട്. ഇത് സംബന്ധിച്ച് യെച്ചൂരി അവതരിപ്പിച്ച പ്രമേയം കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രകമ്മിറ്റി വോട്ടെടുപ്പില്ലാതെ തള്ളിയിരുന്നു.
Post Your Comments