കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികള്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രാസൗജന്യത്തിന് അനുവദിക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ഇത്തരം കുട്ടികള്‍ക്ക് സൗജന്യയാത്ര അനുവദിക്കണമെന്നും ഏഴ് ദിവസത്തിനുള്ളില്‍ അതിനുള്ള പാസ് നല്‍കണമെന്നും ഇവര്‍ക്കൊപ്പം സഞ്ചരിക്കുന്ന ഒരാള്‍ക്ക് കൂടി സൗജന്യ യാത്ര അനുവദിക്കണമെന്നുമുള്ള ഉത്തരവാണ് ഹൈക്കോടതി തടഞ്ഞത്.
അതേസമയം ശാരീരികവും മാനസികവുമായി വൈകല്യമുള്ള കുട്ടികള്‍ പാസിനായി സമര്‍പ്പിച്ച അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സ്റ്റേ ബാധകമല്ലെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. ബാലാവകാശ കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ച് ഒരുമാസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്തത്.
കോഴിക്കോട് ചൂലാംവയല്‍ സ്വദേശി നൗഷാദ് തെക്കയിലാണ് ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയിരുന്നത്. ഈ പരാതിയില്‍ സെപ്റ്റംബര്‍ 15നാണ് ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് അംഗീകരിച്ച് യാത്രാ സൗജന്യം നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിയോട് നിര്‍ദേശിക്കണമെന്നും ഈ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന ഒരാള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നുമായിരുന്നു പരാതിയില്‍ ഉന്നയിച്ച ആവശ്യം.
എന്നാല്‍ ബാലാവകാശ കമ്മിഷന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് കോര്‍പ്പറേഷന്‍ ഹര്‍ജി നല്‍കിയത്. 1950 ലെ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍സ് ആക്ട് പ്രകാരം യാത്രാ സൗജന്യവും പാസും നല്‍കേണ്ടത് കെ.എസ്.ആര്‍.ടി.സിയാണ്.
Post Your Comments