Latest NewsParayathe VayyaSpecials

പ്രതിഷേധത്തിന്റെ കോപാഗ്നിയില്‍ സ്നേഹക്കടലായി മാറിയ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ ഭരണ മന്ത്രിമാര്‍ക്കും ഇതുവരെയും നേരിടേണ്ടിവന്നിട്ടില്ലാത്ത ജനരോഷമാണ് ഇപ്പോള്‍ കേരളത്തില്‍ ഉണ്ടാകുന്നത്. ഒറ്റപ്പെട്ട ചില വിഷയങ്ങളില്‍ പ്രതിഷേധങ്ങള്‍, കരിങ്കൊടി കാണിക്കുക, ഉപരോധിക്കുക തുടങ്ങിയ കലാപരിപാടികള്‍ നടക്കുക സ്വാഭാവികം. പക്ഷെ ഇന്നലെ കേരളം കണ്ടത് അതല്ല. ഓഖി ദുരന്തം സംഭവിച്ച് നാലാംദിവസം മാത്രം വിഴിഞ്ഞം കടലോരത്തെത്തിയ മുഖ്യമന്ത്രിക്കും ഒപ്പമുണ്ടായിരുന്ന റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കും നേരെ ഉണ്ടായ പ്രതിഷേധം. ആ പ്രതിഷേധ ശക്തിയില്‍ പൂന്തുറ സന്ദര്‍ശനം മുഖ്യമന്ത്രി റദ്ദുചെയ്യുകയുമുണ്ടായി. ഈ തീ ചൂടിലേയ്ക്ക് നടുവിലേക്കാണ് തിങ്കളാഴ്ച പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പോലീസിന്റെ മുന്നറിയിപ്പിനെ കൂസാതെ ചെന്നത്. കൂടെ ഉണ്ടായിരുന്ന മന്ത്രിമാര്‍ക്ക് നേരെ മാത്രം പ്രതിഷേധം ഉയര്‍ത്തുകയും സിര്‍മ്മല സീതാരാമന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയും ചെയ്ത ജനങ്ങളെ നമ്മള്‍ കണ്ടു. എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത്?

എല്ലാം ശരിയാക്കാന്‍ അധികാരത്തില്‍ കയറിയ പിണറായിയും കൂട്ടരും സ്വന്തം സ്ഥാനമാനങ്ങള്‍ മാത്രം നോക്കുകയും കേന്ദ്രത്തെ ശത്രു രാജ്യമായി കണ്ടു വിമര്‍ശങ്ങള്‍ ഉന്നയിക്കുകയും മാത്രമാണ് ചെയ്യുന്നത്. പാവങ്ങളുടെ സര്‍ക്കാര്‍ എന്നും കൈത്താങ്ങായി അവര്‍ക്കൊപ്പം മാത്രമെന്നു പരസ്യ ബോര്‍ഡുകളില്‍ മാത്രം നിറയുന്ന കേരളത്തിന്റെ ഇരട്ട ചങ്കന്‍ ഭരണം ഇന്നലെ സ്വന്തം ജനങ്ങളുടെ അവരുടെ ഭാഷയില്‍ അണികളുടെ എതിര്‍പ്പില്‍ ജീവനും കൊണ്ടോടേണ്ടിവന്നതില്ലോടെ നാണക്കേട്‌ ആര്‍ക്കാണ്? നമുക്ക് തന്നെയല്ലേ. ആപത്തില്‍ സഹായിക്കാനും വേദനകളില്‍ ഒരു കൈതാങ്ങായി കൂടെയുണ്ടാകുമെന്നു വാഗ്ദാനം നല്‍കി വോട്ടു നേടി വിജയിച്ച ശേഷം സംസ്ഥാന സര്‍ക്കാര്‍ കാര്യമായ പ്രവര്‍ത്തങ്ങള്‍ എന്തെങ്കിലും ചെയ്തോ? രണ്ടു ദിവസം മുന്നേ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചിട്ടും യാതൊരു മുന്കരുതലും സ്വീകരിക്കാതെ നിരവധി ജീവനുകള്‍ പൊലിയുകയും കുടുംബത്തിലുള്ളവര്‍ തിരിച്ചെത്താതെ കഴിയുന്ന ഈ അവസ്ഥയില്‍ കേരളത്തിന്റെ മുഖ്യ മന്ത്രി നാല് ദിവസങ്ങള്‍ക്ക് ശേഷം മാത്രം സന്ദര്‍ശനം നടത്തുന്നു. ഇതിനെ എന്തുപറഞ്ഞു ന്യായീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. വോട്ട് ചെയ്തതിന്റെ നന്ദിയെങ്കിലും നിങ്ങള്‍ക്ക് കാണിച്ചുകൂടെയെന്നു ആ ജനങ്ങള്‍ ചോദിച്ചാല്‍ നിങ്ങള്‍ക്ക് മറുപടിയുണ്ടോ സര്‍ക്കാരെ?

വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചത് ദുരന്തമുണ്ടാകുമെന്ന വിവരം ലഭിച്ചത് വ്യാഴാഴ്ച ഉച്ചയ്‌ക്കെന്നാണ്. എന്നാല്‍ അതിന് രണ്ടു ദിവസം മുന്‍പ്, അതായത് നവംബര്‍ 28 നും 29 നും കേരളത്തില്‍ ചുഴലിക്കാറ്റുണ്ടാകുമെന്ന വിവരം കൈമാറിയിട്ടുണ്ട്. പക്ഷേ സര്‍ക്കാര്‍ അത് കാര്യമായി എടുത്തിരുന്നില്ല. അതിന്റെ ദുരിതം അനുഭവിക്കുന്നത് പാവം ജനങ്ങളും. മുഖ്യമന്ത്രിക്ക് മാത്രമല്ല, മന്ത്രിമാര്‍ക്കും വീഴ്ചപറ്റി. അതിനു തെളിവാണ് കള്ളക്കരച്ചിലുമായി എത്തിയ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും ജനവികാരത്തിന് മുന്നില്‍ ഭയന്നൊളിക്കേണ്ടിവന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ നൂറോളം പേരെക്കുറിച്ച് ഒരു വിവരവുമില്ലാതെ ദുരന്തം പേറിനില്‍ക്കുമ്പോള്‍ നാവികസേനയുടെ ഹെലികോപ്റ്ററില്‍ ആകാശയാത്ര നടത്തിയ മന്ത്രിയെന്ന ഒരു നേട്ടം കടകംപള്ളി സുരേന്ദ്രനുണ്ട്. അത് മാത്രം മതിയോ. ഈ പ്രതിഷേധത്തിന് പിന്നിലെ കാരണം സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തി എന്ന വികാരമാണ്. കാരണം സ്വന്തം കുടുംബത്തിലുള്ളവരെ കാണാതാവുകയും മരണപ്പെടുകയും ചെയ്യുമ്പോള്‍ ആശ്വസിപ്പിക്കുന്നതിനു പകരം അവഹേളിക്കാന്‍ ശ്രമിച്ചത്തിന്റെ ഫലമാണ് ഇവര്‍ അനുഭവിച്ചത്. പോത്തും മറ്റു മൃഗങ്ങളുമല്ല അവിടെ ജീവന്‍ ഇല്ലാതെയായത്. ഓരോ കുടുംബത്തിന്റെയും പ്രതീക്ഷയും ആശ്രയവുമായിരുന്നു. ആ വേദനകളിലെയ്ക്ക് അവഹേളനവുമായി ധാര്ഷ്ട്യത്തിന്റെ ഭാഷയുമായി കടന്നെത്തുന്നവരെ അവര്‍ തിരസ്കരിക്കുക സ്വാഭാവികം. അത്രയെങ്കിലും അവര്‍ ചെയ്യേണ്ടേ?

ഇതേ ജനക്കൂട്ടത്തിന് നടുവിലേക്ക്, അവരുടെ പ്രതിഷേധത്തിന്റെ തീ ചൂളയിലേയ്ക്ക് യാതൊരു കൂസലുമില്ലാതെയാണ് തിങ്കളാഴ്ച പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കടന്നു ചെന്നത്. ആദ്യം സങ്കട ശബ്ദങ്ങളുണ്ടായെങ്കിലും അതൊന്നും കേന്ദ്രമന്ത്രിയ്ക്കെതിരെ ഉയര്‍ന്നിരുന്നില്ല. കേന്ദ്രമന്ത്രി സംസാരിച്ച് തുടങ്ങിയപ്പോള്‍ തീരവാസികളെല്ലാം ശ്വാസമടക്കി അത് കേട്ടുനിന്നു. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പറയാനുള്ളതും അവര്‍ കേട്ടു. ഓരോരുത്തരുടെയും ഹൃദയത്തില്‍ തൊട്ടുകൊണ്ടുതന്നെയായിരുന്നു മന്ത്രിയുടെ വാക്കുകള്‍. സാധാരണ ജനങ്ങള്‍ക്ക് മനസിലാകുന്ന രീതിയില്‍ തമിഴില്‍ അവര്‍ സംസാരിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ മുഷ്ടിചുരുട്ടിയവര്‍ ശാന്തരായി. ”ദയവായി കോപപ്പെടാതിങ്കൊ…പ്ലീസ്.. കൈകള്‍ കൂപ്പി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞപ്പോള്‍ തീരജനതയുടെ മനസ്സിലെ മഞ്ഞുരുകിത്തുടങ്ങി. വിഴിഞ്ഞത്തും പൂന്തുറയിലും സങ്കടങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഇടയില്‍ പ്രാര്‍ഥനകളുമായി കഴിയുന്നവര്‍ക്കു സാന്ത്വനമായി മാറുകയായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകള്‍. ‘ഞാനുമൊരു പെണ്ണാണ്, വീട്ടില്‍ നിന്നൊരാള്‍ പോയിട്ടു മടങ്ങിവരാതിരിക്കുമ്പോഴുള്ള വേദന നിങ്ങളെപ്പോലെ എനിക്കും അറിയാം, ഒരു തുള്ളി വെള്ളം പോലും ഇറങ്ങില്ലെന്നറിയാം, ദയവായി കോപിക്കരുത്’ തങ്ങളുടെ വേദനയില്‍ ഹൃദയം കൊണ്ട് പങ്കുചേര്‍ന്ന കേന്ദ്രമന്ത്രിക്കു മുന്നില്‍ നാട്ടുകാര്‍ പരിഭവങ്ങളുടെയും പരാതികളുടെയും പ്രതിഷേധങ്ങളുടെയും കെട്ടഴിച്ചു.

സങ്കടങ്ങളെല്ലാം കേട്ട മന്ത്രി ‘ഞാന്‍ ഒപ്പമുണ്ട്..നിങ്ങളുടെ ഇടയില്‍നിന്ന് കാണാതായ അവസാനത്തെ ആളെയും കണ്ടെത്തും വരെ.. അല്ലെങ്കില്‍, ഇനി തിരയേണ്ടതില്ല എന്നു നിങ്ങള്‍ ഒരുമിച്ചു പറയുംവരെ.. ഞാന്‍ മാത്രമല്ല, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഉദ്യോഗസ്ഥരും നമുക്കു പ്രാപ്യമായ എല്ലാ ഔദ്യോഗിക സംവിധാനങ്ങളും നിങ്ങള്‍ക്കൊപ്പമുണ്ടാകും’ പറഞ്ഞു. 403 പേരെ രക്ഷിച്ചു. ‘സഹോദരാ, നിങ്ങളുടെ വാട്‌സാപ് നമ്പര്‍ തരൂ, രക്ഷാപ്രവര്‍ത്തന ദൗത്യത്തിന്റെ എല്ലാ വിവരവും ഞാന്‍ അയച്ചുതരാം, എന്നെ വിശ്വസിക്കൂ’. എന്ന് ആള്‍ക്കൂട്ടത്തിലെ ഒരാളുടെ ചോദ്യത്തിനും മാന്യമായതും സ്നേഹം നിറഞ്ഞതുമായ് വാക്കുകള്‍ പറഞ്ഞ് ആശ്വസിപ്പിക്കുകയും അവസാന ആളെയും കണ്ടെത്തുന്നതുവരെ, തീരദേശവാസികള്‍ ഇനി തിരച്ചില്‍ വേണ്ട എന്നുപറയുംവരെ നാവികസേനയും മറ്റും നിങ്ങളോടൊപ്പമെന്ന് മാത്രമല്ല നഷ്ടപ്പെട്ട വസ്തുവകകള്‍ക്ക് പരിഹാരം ഉറപ്പുനല്‍കുകയും ചെയ്തിട്ടാണ് കേന്ദ്രമന്ത്രി മടങ്ങിയത്. കൂടാതെ മുന്നറിയിപ്പ് നല്‍കിയതിനെച്ചൊല്ലിയുള്ള രാഷ്ട്രീ തര്‍ക്കത്തിനും വടം വലികള്‍ക്കുമുള്ള സമയമല്ല ഇതെന്നറിയിച്ച പ്രതിരോധമന്ത്രി രാഷ്ട്രീയത്തിലെ ഔന്നത്യവും മര്യാദയും തെളിയിക്കുകയും ചെയ്തു. ഈ വാക്കുകള്‍ക്കു മുന്നില്‍ ജനം ശാന്തനായതില്‍ എന്താണ് തെറ്റ്. സ്നേഹത്തോടെ ചേര്‍ത്തു നിര്‍ത്തുകയും അധികാരത്തിന്റെ ഭാഷയില്‍ അല്ലാതെ സാധാരണക്കാരന്റെ ഭാഷയില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ ഭരണാധികാരികള്‍. ഇവിടെ കൊലപാതക രാഷ്ട്രീയത്തിന്റെ കയ്യാങ്കളികള്‍ മാത്രം അറിയാവുന്ന എല്ലാവരും തങ്ങളേക്കാള്‍ താഴെയാണെന്ന് ചിന്തിക്കുന്ന നിങ്ങള്‍ മാറി ചിന്തിക്കേണ്ട കാലമായി. ഇല്ലെങ്കില്‍ അണികള്‍ പോലും കൈവിട്ടു കളയുമേന്നതില്‍ സംശയം വേണ്ട. ഓട്ട ചങ്കുള്ള ആണൊരുത്തനെക്കാള്‍ നാടിനാവശ്യം ചങ്കുറപ്പുള്ള പെണ്ണുതന്നെയാണ്.

അനില്‍കുമാര്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button