പത്തുമുന്നൂറോളം വരുന്ന മനുഷ്യരെ, ഏറ്റവും തിരക്കുള്ള റോഡിൽ മുഖ്യമന്ത്രിയ്ക്ക് കടന്നു പോകാൻ വേണ്ടി മാത്രം മണിക്കൂറുകളോളം തടഞ്ഞു വച്ച് ബുദ്ധിമുട്ടിക്കുന്നത്, എന്തൊരു ഏർപ്പാടാണെന്ന് തോന്നും ചിലപ്പോഴൊക്കെ. ജോലി കഴിഞ്ഞ് എങ്ങനെയെങ്കിലും വീടെത്തിയാൽ മതിയെന്ന് കരുതിയിരിക്കുന്ന ആളുകൾ, ഹോസ്പിറ്റലിലേക്ക് പോകുന്ന മനുഷ്യർ, ഇത്രയും തിരക്കിൽ വണ്ടിയോടിക്കാനറിയാത്ത ആളുകൾ ഇവരെയൊക്കെ കാണുമ്പോഴാണ് ഇങ്ങനെ ഒരു തോന്നലുണ്ടാവുന്നത്.
Also Read:അധിനിവേശം ശക്തമാക്കി റഷ്യ: സ്ത്രീകളുടെ ആശുപത്രിക്ക് നേരെ ഷെല്ലാക്രമണം
മന്ത്രിയ്ക്ക് വന്നുപോകാൻ എന്തുകൊണ്ട് മറ്റു മാർഗ്ഗങ്ങൾ സ്വീകരിച്ചുകൂടാ? ഹെലികോപ്റ്റർ അടക്കമുള്ള സാധ്യതകളിലേക്ക് നീങ്ങുന്നത് നല്ലതാണെന്നു തോന്നുന്നു. ഇത്രയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനേക്കാൾ നല്ലത് മന്ത്രിയായാലും അൽപ്പം കാത്തു നിൽക്കുന്നതല്ലേ? നിരത്തുകൾ പണ്ടത്തെ പോലെയല്ല, എല്ലാവർക്കും വാഹനങ്ങൾ ഉണ്ട്, ജനസംഖ്യയും അധികമാണ് അതിനിടയിൽ കൊണ്ട് വരുന്ന ഒരു തടസ്സം സൃഷ്ടിക്കുന്ന ദുരിതങ്ങൾ ഏറെ വലുതാണ്.
തിരുവനന്തപുരം നഗരത്തിലാണ് ഇത്തരത്തിലുള്ള ദുരിതങ്ങൾ അധികവും സംഭവിക്കുന്നത്. ഒരുപക്ഷെ പോലീസുകാർ വഴിതടയാൻ നിന്നില്ലായിരുന്നെങ്കിൽ ഈ തിരക്കൊക്കെ ആളുകൾ തന്നെ കണ്ടറിഞ്ഞു തിരുത്തുമായിരുന്നു. ഏറ്റവുമധികം സർക്കാർ ഉദ്യോഗസ്ഥരുള്ള ജില്ലയെന്ന നിലയിൽ തിരുവനന്തപുരത്ത് മൂന്ന് മണിയ്ക്ക് ശേഷമുള്ള സമയങ്ങൾ വലിയ തിരക്ക് രൂപപ്പെടാറുണ്ട്. ഇത് കൃത്യമായി അറിയുന്ന പോലീസുകാർ എന്തുകൊണ്ട് ഈ സമയത്തേക്കുറിച്ച് ബന്ധപ്പെട്ട അധികാരികളെയോ മറ്റോ അറിയിക്കുന്നില്ല. ജനങ്ങൾ കാത്തു നിന്നാലും രാജാവ് നീങ്ങട്ടെ എന്ന ചരിത്ര നിർമ്മിതികൾ തന്നെയാണ് ഇപ്പോഴും നിയമങ്ങളായി തുടരുന്നത്.
ഇത് ഒരു സർക്കാരിനെ കുറിച്ചല്ല, ഒരു പാർട്ടിയെക്കുറിച്ചുമല്ല. ഇത് ഇവിടുത്തെ നിയമങ്ങളെ കുറിച്ചാണ്. അത് തിരുത്തേണ്ട ആവശ്യകതയെ കുറിച്ചാണ്. റോഡ് ഗതാഗതം സ്തംഭിപ്പിച്ചു കൊണ്ടുള്ള ഒരു പരിപാടികളും പൊതു നിരത്തിൽ അനുവദിക്കാതിരിക്കുക. സമരം ചെയ്യാനുള്ള അവകാശം പോലെ തടസ്സങ്ങൾ ഇല്ലാതെ സഞ്ചരിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
-സാൻ
Post Your Comments