ആലപ്പുഴ : ഓഖി ചുഴലിക്കാറ്റുപോലെയുള്ള മഹാമാരികളെത്തിയാല്‍ കടല്‍ നോക്കിയിരിക്കാനെ തീരദേശ പോലീസിന് കഴിയു. തോട്ടിന്‍കരയിലും കായല്‍ത്തീരത്തും അടിയുന്ന മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിക്കാവുന്ന ബോട്ടല്ലാതെ മറ്റു സംവിധാനമൊന്നും നിലവില്‍ തീരദേശ സേനക്കില്ല. സംസ്ഥാനത്തെ 14 പൊലീസ് സ്റ്റേഷനുകളിലായി 450 പൊലീസുകാരും 24 ബോട്ടുകളും ഉണ്ടായിട്ടും കടല്‍ക്ഷോഭം കാരണം ഓള്‍ക്കുപോലും കടലില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാനാകുന്നില്ല.
കോടികള്‍ ചെലവഴിച്ച് വാങ്ങിയ ഇന്റര്‍സെപ്റ്റര്‍ സ്പീഡ് ബോട്ടുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമാണ്. ആലപ്പുഴ ജില്ലയിലെ തോട്ടപ്പളളി, അര്‍ത്തുങ്കല്‍ സ്റ്റേഷനുകളില്‍ നിലവില്‍ ഉപയോഗിക്കാന്‍ പറ്റിയ ബോട്ടില്ല. കൊല്ലത്തും ഇതുതന്നെയാണ് സ്ഥിതി. വലിഴീക്കല്‍ മുതല്‍ വാടക്കല്‍ മത്സ്യഗന്ധി ജങ്ഷന്‍ വരെയുള്ള 40 കിലോമീറ്ററോളം തീരത്തിന്റെ ചുമതലയുള്ള തോട്ടപ്പളളി സ്റ്റേഷനില്‍ രണ്ടുകോടി രൂപ വീതം വിലയുള്ള ഗോവന്‍ നിര്‍മിതമായ മൂന്ന് ഇന്റര്‍സെപ്റ്റര്‍ ബോട്ടുണ്ടായിരുന്നു.
ഇതില്‍ ഒന്നു കത്തിപ്പോയി. അര്‍ത്തുങ്കല്‍ സ്റ്റേഷന്‍ തുടങ്ങിയപ്പോള്‍ ഒരെണ്ണം അവിടേയ്ക്കു നല്‍കി. 12 ടണ്ണിന്റെ ബോട്ടുകളായിരുന്നു ഇവ. ബാക്കിയുണ്ടായിരുന്ന അഞ്ച് ടണ്ണിന്റെ ബോട്ട് അഞ്ചുമാസമായി തകരാറിലാണ്. അര്‍ത്തുങ്കല്‍ സ്റ്റേഷന് നല്‍കിയ 12 ടണ്ണിന്റെ ബോട്ടും പ്രവര്‍ത്തനരഹിതമാണ്.കമ്പനിയുടെ സര്‍വീസ് കാലാവധി കരാര്‍ കഴിഞ്ഞതോടെ കേടായ ബോട്ടുകള്‍ പൂര്‍ണമായ നാശാവസ്ഥയിലേക്കാണ്.കൂടാതെ തീരദേശ സേനയിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥർക്കും രക്ഷാപ്രവർത്തനത്തിൽ വേണ്ട പരിശീലനം ലഭിച്ചിട്ടുമില്ല.
Post Your Comments