തിരുവനന്തപുരം: ഓഖി ദുരന്തബാധിത കുടുംബങ്ങളില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. ഓഖി ദുരന്തത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായധനം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആണ്‍കുട്ടികള്‍ക്ക് പോലീസ് വകുപ്പിലുള്‍പ്പെടെയാണ് ജോലി നല്‍കാന്‍ നടപടിയെടുക്കുന്നത്. ഈ 143 കുടുംബങ്ങളില്‍ 40 വയസിനുതാഴെ പ്രായമുള്ളവരില്‍ പത്താംക്ലാസ് എങ്കിലും യോഗ്യതയുള്ള സ്ത്രീകള്‍ക്ക് മത്‌സ്യഫെഡിന്റെ നെറ്റ്ഫാക്ടറിയില്‍ വര്‍ക്കര്‍മാരായി ജോലി നല്‍കാനും നടപടിയായിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സൗകര്യവും വിദ്യാഭ്യാസവകുപ്പുമായി ചേര്‍ന്ന് മാനദണ്ഡങ്ങളനുസരിച്ച് നല്‍കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. ഓഖി ബാധിതരുടെ മാത്രമല്ല, തീരദേശത്തെ മത്‌സ്യത്തൊഴിലാളികളുടെ എല്ലാ പ്രശ്‌നങ്ങളിലും പ്രായോഗികമായ ഇടപെടല്‍ നടത്തി ജീവിതനിലവാരം മെച്ചപ്പെടുത്തും.
കടല്‍ക്ഷോഭം രൂക്ഷമാകുന്ന മേഖലകളില്‍ പുനരധിവാസത്തിന് നടപടിയെടുക്കും. മുട്ടത്തറയിലെ പുതിയ ഫ്‌ളാറ്റുകള്‍ നലകുന്നതിനുപുറമേ, കാരോട്, അടിമലത്തുറ, ബീമാപ്പള്ളി മേഖലകളിലും പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിക്കും. കടലില്‍ പോകുന്നവരുടെ സുരക്ഷയില്‍ ശക്തമായ നിലപാടെടുക്കുന്നതിന്റെ ഭാഗമായി 15000 തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ നല്‍കും. കടലില്‍ പോകുന്ന മത്‌സ്യത്തൊഴിലാളികള്‍ക്കുള്ള ‘നാവിക്’ സംവിധാനം നിര്‍മിക്കാന്‍ കെല്‍ട്രോണിന് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. മറൈന്‍ ആംബുലന്‍സ് തെക്കന്‍ കേരളം, മധ്യകേരളം, വടക്കന്‍ കേരളം എന്നിവിടങ്ങളിലായി മൂന്നെണ്ണമാണ് വരുന്നത്. 18.24 കോടി ചെലവഴിച്ചാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനെക്കൊണ്ട് നിര്‍മിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്രതീക്ഷിതമായ പ്രകൃതിദുരന്തങ്ങളുടെ ആഘാതമുണ്ടായപ്പോള്‍ നല്‍കാവുന്നതില്‍ വലിയതോതിലുള്ള നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മരിച്ചവരുടേതിനു പുറമേ, കാണാതായവരുടെ കുടുംബത്തിനും അതേതോതില്‍ നഷ്ടപരിഹാരം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ട തിരുവനന്തപുരം ജില്ലയിലെ 64 പേര്‍ക്കാണ് സഹായം നല്‍കിയത്. ആകെ 3.09 കോടി രൂപയുടെ സഹായമാണ് നല്‍കിയത്. ടെക്‌നിക്കല്‍ കമ്മിറ്റി നഷ്ടം വിലയിരുത്തിയാണ് സഹായധനം നല്‍കിയത്. മറൈന്‍ ആംബുലന്‍സുകള്‍ നിര്‍മിക്കുന്നതിനും വാര്‍ഷിക മെയിന്റനന്‍സിനുമായുള്ള കരാറും ചടങ്ങില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡുമായി ഒപ്പിട്ടു. ഷിപ്പ്‌യാര്‍ഡ് ഡയറക്ടര്‍ എന്‍.വി. സുരേഷ്ബാബുവും ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേശപതിയുമാണ് കരാര്‍ ഒപ്പിട്ടത്. എന്‍.ഐ.സിയുമായി സഹകരിച്ച് ഫിഷറീസ് വകുപ്പ് മത്‌സ്യത്തൊഴിലാളികള്‍ക്കായി തയാറാക്കിയ ‘സാഗര’ മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനവും മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ നിര്‍വഹിച്ചു. ചടങ്ങില്‍ എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, എം. വിന്‍സെന്റ്, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേശപതി തുടങ്ങിയവര്‍ സംബന്ധിച്ചു
Post Your Comments