ന്യൂസ് സ്റ്റോറി :
മറ്റു മക്കൾക്ക് സ്നേഹം പകുത്തുപോകുമെന്നു ഭയന്ന് ഒരു മോളെ മാത്രം താലോലിച്ചു വളർത്തിയ അശോകനും പൊന്നമ്മയും ഇന്ന് മകൾ നഷ്ടപ്പെട്ട് നിസ്സഹായരായി നിൽക്കുമ്പോൾ സമൂഹ മനസാക്ഷിയോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ഹാദിയയുടെ വ്യക്തി സ്വാതന്ത്ര്യം പോലെ മകളുടെ സുരക്ഷിതഭാവി സ്വപ്നം കാണുന്ന അച്ഛനമ്മമാര്‍ക്കും വ്യക്തി സ്വാതന്ത്ര്യം ഇല്ലേ? പരമോന്നത കോടതി, നിയമത്തിനുപരിയായി അഖിലയുടെ അച്ഛന് അശോകന്റെയും അമ്മ പൊന്നമ്മ അമ്മയുടെയും തീവ്രദുഃഖം കാണേണ്ടതുണ്ട്. ഇവരുടെ ദുഃഖം ഓരോ മാതാ പിതാക്കളുടെയും ദുഖമാണ്.
ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ ആരുടെയോ കയ്യിലെ കളിപ്പാവയായി നീതി വേണമെന്ന് വിലപിക്കുന്ന ഹാദിയയ്ക്കു മാത്രമല്ല അശോകനും പൊന്നമ്മയ്ക്കും നീതി വേണം. ഭാരതീയ സംസ്കാരം നിലനിൽക്കുന്നത് തന്നെ കുടുംബാധിഷ്ഠിതമായ ബന്ധങ്ങളിലൂടെയാണ്. സുശക്തമായ സമൂഹത്തിന്റെ അടിത്തറ ഈടുറ്റ കുടുംബബന്ധങ്ങളുടെ നിലനില്‍പ്പിലാണെന്ന സത്യം എല്ലാ രാഷ്ട്രീയക്കാരും മനസ്സിലാക്കേണ്ടതാണ്. മതത്തെ വൈകാരികമായി ഉപയോഗിച്ച് സമൂഹത്തില്‍ അന്തഃഛിദ്രം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അഖിലയെപ്പോലുള്ളവരുടെ മതപരിവര്‍ത്തനമെന്നു സമൂഹം ഇന്ന് മനസിലാക്കുന്നു.
വേണ്ടതെല്ലാം നല്കി വളര്‍ത്തിവലുതാക്കിയ അച്ഛനമ്മമാരുടെ ത്യാഗവും സ്നേഹവും മനസ്സിലാക്കാനോ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാനോ തയ്യാറല്ലാത്ത ഹാദിയ മറ്റാരുടെയോ കയ്യിലെ കളിപ്പാവയാണ്. പൗരാവകാശങ്ങളെയും മതവിശ്വാസം തെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തെയും മറയാക്കി, പരാവര്‍ത്തനം ചെയ്യപ്പെട്ട ഹാദിയയെ അവരുടെ മതപരിവർത്തനത്തിന്റെ ലൈസൻസ് ആയാണ് ചിലർ കാണുന്നത്. ഏതൊരു പിതാവിനെയും പോലെ തന്റെ മകൾ നശിക്കരുതെന്ന ആഗ്രഹം അശോകനും ഉണ്ട്. അതുകൊണ്ടു തന്നെ കോടതി വിധിയെ പൂർണ്ണമായും അംഗീകരിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്.
മകളുടെ നല്ല ഭാവിക്കായി അവൾ പഠിക്കട്ടെ എന്നാണ് അദ്ദേഹവും പ്രതികരിച്ചത്. അഖിലയെ തന്നോടൊപ്പം വിടണമെന്നും രക്ഷാകർതൃസ്ഥാനം തനിക്കാണെന്നുമുള്ള ഷെഫിൻ ജെഹാന്റെ വാദങ്ങൾ സുപ്രീംകോടതിയിൽ നിഷ്പ്രഭമായി. അഖിലയുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മാത്രം അമിതപ്രാധാന്യം നല്കുന്ന പ്രമുഖ എഴുത്തുകാരും സംഘടനകളും എടുക്കുന്ന തീരുമാനം ദുഷ്ടലാക്കോടെയാണെന്ന് നിസ്സംശയം പറയാം. ഹാദിയക്ക് സഞ്ചാരസ്വാതന്ത്ര്യം കോടതി അനുവദിച്ചിട്ടുണ്ടെങ്കിലും എത്രത്തോളം സാധ്യമാകുമെന്നും വ്യക്തമാകേണ്ടതുണ്ട്. സേലത്തെ കോളജ് ഹോസ്റ്റലിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഹാദിയ തമിഴ്നാട്ടിലേക്കു തിരിക്കും.
കോളജ് ഹോസ്റ്റല്‍ സൗകര്യങ്ങളും മറ്റും, മറ്റുള്ള വിദ്യാര്‍ത്ഥികളെ പോലെ മാത്രമേ ഹാദിയയ്ക്കു ലഭ്യമാകൂ. എന്നാല്‍ ഹാദിയയ്ക്കു ചുറ്റും തമിഴ്നാട് പൊലീസിന്റെ ശക്തമായ സുരക്ഷാവലയമുണ്ടായിരിക്കും. വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കാണു സുരക്ഷാചുമതല. ഹാദിയെ കാണുന്നതില്‍നിന്നു സന്ദര്‍ശകര്‍ക്കു വിലക്കില്ല. അതുകൊണ്ട് തന്നെ ഹാദിയയെ കാണാന്‍ ഷെഫിന് ജെഹാനും ശ്രമിക്കും. എന്‍ഐഎയുടെ വാദങ്ങളെ കോടതി തള്ളിയിരുന്നില്ല. ഒപ്പം എന്‍ഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
മതപരിവര്‍ത്തനത്തിന് രാജ്യത്ത് വലിയ ശൃംഖലയുണ്ടെന്നും എന്‍ഐഎക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.ഇതോടെ ഹാദിയ കേസ് താൽക്കാലികമായെങ്കിലും മറ്റൊരു തലത്തിൽ എത്തിയിരിക്കുകയാണ്. ഷെഫിന് ജെഹാനുമായുള്ള ഹാദിയയുടെ വിവാഹബന്ധം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി റദ്ദാക്കാന്‍ സുപ്രീംകോടതി തയ്യാറായിട്ടില്ല എന്നത് അശോകന് ആശ്വാസം നൽകുന്നതാണ്.
തയ്യാറാക്കിയത് : സുജാതാ ഭാസ്കര്‍
Post Your Comments