കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് ഹാദിയയുടെയും ഷെഫിൻ ജഹാന്റെയും വിവാഹം. ഇപ്പോഴിതാ, ഹാദിയ കേസ് വീണ്ടും ചർച്ചയാവുകയാണ്. മകൾക്ക് വേണ്ടി പിതാവ് അശോകൻ നിയമപോരാട്ടത്തിനൊരുങ്ങിയതോടെയാണ് ഹാദിയ കേസ് വീണ്ടും ചർച്ചയായത്. കുറച്ച് നാളുകളായി അഖിലയെ കാണുന്നില്ലെന്ന് കാട്ടി പിതാവ് അശോകനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അഡ്വ. രാജേന്ദ്രന് മുഖേന അശോകൻ ഹേബിയസ് കോര്‍പസ് ഹര്‍ജി നൽകുകയായിരുന്നു. ഇതോടെ തന്റെ ഭാഗം ന്യായീകരിച്ച് ഹാദിയ രംഗത്തെത്തി. താൻ വീണ്ടും വിവാഹം കഴിച്ചുവെന്നും അത് ചർച്ചയാക്കേണ്ട കാര്യമെന്താണെന്നും ഹാദിയ ചോദിക്കുന്നു. മീഡിയ വണ്ണിനോടായിരുന്നു ഹാദിയയുടെ പ്രതികരണം.
എല്ലാവർക്കും വിവാഹിതരാകാനും ഡിവോഴ്സ് ആയി പുനർവിവാഹം ചെയ്യാനും ഭരണഘടനാ അനുവദിച്ച കാര്യമാണെന്നും തന്റെ വിഷയം മാത്രം എന്തിനാണ് ഇത്രയും ചർച്ചയാക്കുന്നതെന്നും ഹാദിയ ചോദിച്ചു. സമൂഹത്തിൽ നോർമൽ ആയ ഒരു കാര്യം ഞാൻ ചെയ്യുമ്പോൾ മാത്രം എന്തുകൊണ്ടാണ് ചിലർ ഇറിറ്റേറ്റഡ് ആകുന്നതെന്ന് ഹാദിയ ചോദിക്കുന്നു. രണ്ടാമത് വിവാഹം കഴിക്കുക എന്നത് എന്റെ അവകാശമാണ്, ഞാനൊരു ചെറിയ കുട്ടിയല്ല എന്നതാണ് തനിക്ക് തന്റെ മാതാപിതാക്കളോട് പറയാനുള്ളതെന്നും ഹാദിയ പറഞ്ഞു.
‘എന്റേതായ തീരുമാനം എടുക്കാനുള്ള പ്രായവും പക്വതയും എനിക്കുണ്ട്. എനിക്ക് പറ്റാതായപ്പോഴാണ് ആ വിവാഹബന്ധം വേണ്ടെന്ന് വെച്ചത്. പറ്റുന്ന ഒരു വിവാഹബന്ധത്തിലേക്ക് ഇപ്പോൾ എത്തിയതാണ്. അച്ഛൻ പറയുന്നതിലൊന്നും ഒരു വസ്തുതയുമില്ല. ഞാൻ എവിടെയാണ് എന്നുള്ള കാര്യം അച്ഛനും അമ്മയ്ക്കും അറിയാവുന്നതാണ്. മാതാപിതാക്കളുടെ വികാരങ്ങൾക്ക് പ്രാധാന്യം കൊടുക്കണമെന്ന് എന്റെ മതത്തിൽ നിർബന്ധമായിട്ടുള്ള ഒരു കാര്യമാണ്. ഞാനും അങ്ങനെ തന്നെ ചെയ്യുന്നു’, ഹാദിയ പറയുന്നു.
Post Your Comments