(ജീവിതത്തെ മാറ്റിമറിച്ച അനുഭവങ്ങളിലൊന്നായിരുന്നു 2008 ലെ മുംബൈ ഭീകരാക്രമണത്തിന് സാക്ഷിയാകേണ്ടി വന്നത്. വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ഓര്‍മ്മകള്‍ പോലും രക്തമുറയിപ്പിക്കുന്നു. എത്ര കാലം ജീവിച്ചാലും പറഞ്ഞു തീരാത്ത കഥയായി അതുള്ളിലിങ്ങനെ കനലായി ബാക്കി കിടക്കും)
ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ജീവിതത്തിന്റെ ഒരുപാട് ഇരുണ്ടയാഥാര്‍ഥ്യങ്ങളുമായി പലവട്ടം മുഖത്തോട് മുഖം നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ ചില അനുഭവങ്ങള്‍ ആത്മാവിന്റെ അടിത്തട്ടോളം ആഴ്ന്നിറങ്ങി നമ്മെ മാറ്റിമറിച്ചു കളയും. ഉള്ളിലുള്ളതെല്ലാം ഉടച്ചു വാര്‍ത്ത് നമ്മെ പുതിയൊരാളാക്കും. ഇത് അത്തരമൊരു അനുഭവമാണ്. ഒരു നഗരം അതിന്റെ തെരുവുകളില്‍ നിറഞ്ഞ പച്ചച്ചോരയുടെ മിഴിലിവും പിടിച്ചുലയ്ക്കുന്ന ഗന്ധത്തോടെയും ഓര്‍മ്മകളില്‍ ഉടവു തട്ടാതെ ബാക്കി വെച്ചത്….
വര്‍ഷം 2008. അന്ന് ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പില്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റായി ജോലി ചെയ്യുന്നു.
മനോരമ വിട്ടിട്ട് അധികം കാലമായിട്ടുണ്ടായിരുന്നില്ല. ഇംഗ്‌ളീഷ് പത്രപ്രവര്‍ത്തനത്തിന്റെ ശീലങ്ങളോട് പൊരുത്തപ്പെടുന്ന കാലം. അതൊരു സാധാരണ ബുധനാഴ്ച വൈകുന്നേരമായിരുന്നു. ആരെയോ കണ്ട ശേഷം തിരിച്ചു സി.എസ്റ്റിയിലേക്കെത്തി. സമയം വൈകിട്ട് ഒമ്പത് മണിയായിട്ടുണ്ടാകും. പ്രസ് ക്‌ളബില്‍ സുഹൃത്തായ മാധ്യമം പത്രലേഖകന്‍ ഫൈസല്‍ വൈത്തിരി കാത്തിരിപ്പുണ്ട്. അന്ന് ഒരു തിരക്കഥ ചര്‍ച്ച ചെയ്യുന്ന കാലമായിരുന്നു.
ക്‌ളബിലെത്തിയപ്പോള്‍ ഒരുഫോണ്‍കോള്‍. ഏതാണ്ട് പത്തു മിനിറ്റോളം സംസാരിച്ചു നിന്നു. അപ്പോഴതാ ഫൈസല്‍ ഓടിക്കിതച്ചിറങ്ങി വരുന്നുണ്ട്. സി.എസ്.റ്റിയില്‍ വെടിവെപ്പു നടക്കുന്നത്രെ.
ഞെട്ടിപ്പോയി. അവിടെനിന്നും പതിനഞ്ച് മിനിറ്റ് മുമ്പാണ് ഇവിടേക്കു തിരിച്ചത്. ഏതെങ്കിലും അധോലോക ഗുണ്ടകളെ പൊലീസ് പിടികൂടി നടത്തുന്ന എന്‍കൗണ്ടര്‍ പരിപാടിയാണ് എന്നു തോന്നി. എന്തായാലും പോയി നോക്കാം. വലിയ സംഭവങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അവിടേക്കു കുതിക്കാനുള്ള ഒരു സാധാരണ പത്രപ്രവര്‍ത്തക ത്വര. ഞങ്ങള്‍ തൊട്ടടുത്തുള്ള സി.എസ്.റ്റി റെയില്‍വേ സ്റ്റേഷനിലേക്കു കുതിച്ചു. അന്ന് സ്വപ്‌നത്തില്‍ പോലുമോര്‍ത്തില്ല, ജീവിതത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്തത്ര ഭീതിജനകമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്ന്.
സി.എസ്റ്റിയിലെ മുന്നിലെ റോഡില്‍ യുദ്ധ സമാനാവസ്ഥ. പൊലീസ് ബാരിക്കേഡുകള്‍ തീര്‍ക്കുന്നു. ആളെ ഒഴിപ്പിക്കുന്നു. വഴിയില്‍ പൊലീസ് തടഞ്ഞു. പ്രസ് കാര്‍ഡ് കാട്ടിയപ്പോള്‍ കടത്തി വിട്ടു. റോഡിന്റെ മധ്യത്തിലുള്ള ഡിവൈഡറിന്റെ പിന്നില്‍ ഞങ്ങളുടെ ക്രൈം എഡിറ്റര്‍ അഭിജീത് സാഠെ കുറേ പൊലീസുകാര്‍ക്കൊപ്പം നില്‍ക്കുന്നതു കണ്ടു. ഭീതിജനകമായ അന്തരീക്ഷം. എന്തു പറ്റിയതെന്നു ചോദ്യത്തിന് മാരകമായ വികാരത്തള്ളിച്ചയില്‍ കുറേ തെറികളുടെ അകമ്പടിയോടെ അയാള്‍ അലറിപ്പറഞ്ഞു. ‘ഭീകരാക്രമണം.’ മുംബൈ ആക്രമിക്കപ്പെട്ടിരിക്കുന്നു. ഒരു നിമിഷം ഞങ്ങള്‍ക്കതിന്റെ ഗൗരവം മനസിലായില്ല. ഞങ്ങളുടെ വശത്തു നിന്ന ഓഫീസര്‍ ഡിവൈഡറിന്റെ മറവിലിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് തന്റെ കൈത്തോക്കെടുത്ത് ഡിവൈഡറിന്റെ മുകളില്‍ വെച്ച് വെടിയുതിര്‍ക്കാന്‍ തുടങ്ങി.
ഡിവൈഡറിന്റെ പിന്നില്‍ മറഞ്ഞിരുന്ന എനിക്ക് എന്തോ സംഭവങ്ങളുടെ കിടപ്പ് പൂര്‍ണമായും പിടികിട്ടിയിരുന്നില്ല. അവിടിരുന്ന് ഞാന്‍ ഫോണില്‍ കൂട്ടുകാരെ വിളിക്കാന്‍ തുടങ്ങി. അവരോട് മുംബൈ ആക്രമണത്തിന്റെ വാര്‍ത്ത പറഞ്ഞു. മുംബൈയില്‍ തന്നെയുള്ള സഹോദരന്‍ സാജു മുരളിയെ വിളിച്ച്, ഫോണ്‍ സ്പീക്കര്‍ മോഡിലിട്ട് വെടിയൊച്ച കേള്‍പ്പിച്ചു. ഫൈസല്‍ പിടിച്ചുലയ്ക്കുമ്പോഴാണ് സത്യത്തില്‍ യാഥാര്‍ഥ്യ ബോധത്തിലേക്കുണര്‍ന്നത്. ഞങ്ങള്‍ രണ്ടു പേരും മാത്രമേ ആ ഡിവൈഡറിന്റെ പിന്നിലുള്ളൂ. പൊലീസുകാരും അഭീജീത് സാഠെയുമൊക്കെ ഇടയ്‌ക്കെപ്പോഴോ അപ്രത്യക്ഷരായി. വെടിയുണ്ടകള്‍ റോഡില്‍ വന്നു പതിക്കുമ്പോഴുള്ള തീപ്പൊരികള്‍ ഒട്ടകലെയല്ലാതെ കാണാമായിരുന്നു.
അവിടെ നിന്നും മാറാമെന്നു ഫൈസല്‍ പറഞ്ഞു. പക്ഷേ ആ ഡിവൈഡറിന്റെ മറവില്‍ നിന്നു മാറിയാല്‍ വിശാലമായ തുറന്ന റോഡാണ്. അപകടമായേക്കുമെന്നു തോന്നി. സ്റ്റേഷനുള്ളില്‍ ചലനങ്ങള്‍ കാണാമായിരുന്നു. പെട്ടെന്ന് നടുക്കിക്കൊണ്ട് ഒരു കൈംബോംബ് പൊട്ടി. പുകയും ഏതാനും നിമിഷത്തെ നിശബ്ദതയും. ഞങ്ങള്‍ രണ്ടു പേരും അവിടെ നിന്ന് ഇറങ്ങിയോടി സബ് വേയുടെ അരികിലെത്തി. അപ്പോളേക്കും പൊലീസ് സ്ഥലത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ആള്‍ക്കാരെ മുഴുവന്‍ തുരത്തിത്തുടങ്ങി. നിരവധി പൊലീസ് വാനുകള്‍ ചീറിപ്പാഞ്ഞു വന്നു. ഏതോ പൂരപ്പറമ്പിലെ വെടിക്കെട്ടു പോലെ വെടിയൊച്ചകളുടെ ശബ്ദം മാത്രം. ആര്‍ക്കുമറിയാനാവുന്നില്ല എന്താണ് സംഭവിക്കുന്നതെന്ന്. ഉള്ളില്‍ ഭയം മെല്ലെ വളര്‍ന്നു വലുതാകുന്നതറിഞ്ഞു.
സുഹൃത്തും സഹപ്രവര്‍ത്തനുമായ നിര്‍മല്‍ മേനോന്‍ വിളിച്ചു പറഞ്ഞു. താജിലും ലിയോപോള്‍ഡ് കഫേയിലും ഭീകരാക്രമണമെന്ന്. മറ്റൊരു സുഹൃത്ത് വിളിച്ചു പറഞ്ഞു ട്രൈഡന്റില്‍ തീവ്രവാദികള്‍ ഇരച്ചു കയറി വെടിവെപ്പു തുടങ്ങിയെന്ന്. എനിക്കറിയാം അവര്‍ക്ക് തെറ്റായ വിവരമാണ് കിട്ടിയത്. കാരണം വെടിവെപ്പ് നടക്കുന്നത് സി.എസ്.റ്റിയിലാണ്. എന്റെ കണ്‍മുന്നില്‍. പക്ഷേ ആ വിശ്വാസത്തിന് അധികം ആയുസുണ്ടായില്ല. കുറച്ചു സമയത്തിനുള്ളില്‍ തന്നെ തിരിച്ചറിഞ്ഞു. എല്ലാ നടുക്കുന്ന വാര്‍ത്തകളും ശരിയാണ്. മുംബൈ ആക്രമിക്കപ്പെട്ടിരിക്കുന്നു.
ഉടന്‍ ഭാര്യ ലക്ഷ്മിയെ വിളിച്ചു. അവള്‍ ഗര്‍ഭ ശുശ്രൂഷകള്‍ക്കായി നാട്ടിലായിരുന്നു. അച്ഛനെയും അമ്മയേയും വിളിച്ചു. ആക്രമണത്തെക്കുറിച്ച് പറഞ്ഞു. ഞാന്‍ സുരക്ഷിതനാണെന്നറിയിച്ചു.
ശേഷം മനോരമ ടിവിയില്‍ നേരത്തേ മുംബൈയിലുണ്ടായിരുന്ന റോണി പണിക്കരെ വിളിച്ചു. അവന്‍ കൊച്ചിയിലേക്ക് സ്ഥലം മാറിപ്പോയിരുന്നു. വിവരം പറഞ്ഞ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ സ്റ്റുഡിയോയില്‍ നിന്ന് ഫോണ്‍ എത്തി. അങ്ങനെ മുംബൈ ആക്രമിക്കപ്പെട്ട വിവരം മലയാളീ പ്രേക്ഷകര്‍ക്കായി ഞാന്‍ വാര്‍ത്തയില്‍ അറിയിച്ചു. പിന്നെ, അമൃതാ ഡല്‍ഹി ബ്യൂറോ ചീഫ് ആയ മധുവിനെ വിളിച്ചു. (മധു ഇപ്പോള്‍ മാതൃഭൂമി ടിവിയിലാണ്). അമൃത ടിവിയും വിവരം അനൗണ്‍സ് ചെയ്തു. പിന്നെ ആ രാത്രിയിലെ ഓട്ടത്തിനിടെ കുറേ ചാനലുകള്‍ തുടര്‍ച്ചയായി വിളിച്ചുകൊണ്ടേയിരുന്നു. അവര്‍ക്കെല്ലാം ലൈവ് നല്‍കി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മനോരമയുടെ ജെറി സെബാസ്റ്റിയനെത്തി. ടൈംസിലെ സഹപ്രവര്‍ത്തകരായ വിനയ് ദല്‍വിയും നിര്‍മല്‍ മേനോനും എത്തി.
ആസാദ് മൈതാനത്തു നിന്നും ഞങ്ങള്‍ തൊട്ടടുത്തുള്ള ബോംബെ ഹോസ്പിറ്റലിലേക്ക് പോകാന്‍ തീരുമാനിച്ചു. ബോംബെ ഹോസ്പിറ്റല്‍ ശരിക്കും ഒരു യുദ്ധഭൂമിയായിരുന്നു. വെടിയേറ്റു വീണ പ്രിയപ്പെട്ടവരെ കാണാന്‍ ഗേറ്റിനു മുന്നില്‍ തടിച്ചു കൂടിയ നൂറുകണക്കിനു പേര്‍. അലമുറയിട്ടു കരയുന്ന സ്ത്രീപുരുഷന്‍മാര്‍. ഓരോ രണ്ടു മിനിറ്റിലും വെടിയേറ്റു മരിച്ചവരെക്കൊണ്ടോ പരുക്കേറ്റവരെയും കൊണ്ടോ ചീറിയെത്തുന്ന ആംബുലന്‍സുകള്‍. തളം കെട്ടിക്കിടക്കുന്ന ഭീതി.
പൊടുന്നനെ ഏതൊ പൊലീസുകാരന്റെ തോക്കില്‍ നിന്ന് ഒരു അബദ്ധവെടി പൊട്ടി. ഭയന്ന ജനക്കൂട്ടം അങ്ങുമിങ്ങും പലായനം ചെയ്തു. ഈ അവസരം മുതലാക്കി ഞങ്ങള്‍ ആശുപത്രിയുടെ മതില്‍ ചാടി അകത്തു കടന്നു.
ചുറ്റും വെടിയൊച്ചകളുടെ ശബ്ദം ഉയര്‍ന്നും താണും ഏതോ ഭീതിദമായ സിംഫണിയെന്ന പോലെ കേട്ടുകൊണ്ടേയിരുന്നു. എവിടെയും ചോരയും മരണവും മാത്രമായിരുന്നു. നട്ടെല്ലിനുള്ളില്‍ നിന്ന് ഒരു തരിപ്പ് മുകളിലേക്കുയര്‍ന്നു കയറി. ഇനിയൊരു പ്രഭാതം കൂടി കാണാനുള്ള ഭാഗ്യമുണ്ടാകുമോ…
ഞങ്ങള്‍ ഇതിനകം സൗഹൃദം സ്ഥാപിച്ചിരുന്ന ഒരു ഡോക്ടര്‍ ആശുപത്രിക്കകത്തു നിന്നും ഓടിയെത്തിപ്പറഞ്ഞു. ‘ഹേമന്ത് കര്‍ക്കരെയും വിജയ് സാലസ്‌കറും കൊല്ലപ്പെട്ടു’. വിശ്വസിക്കാനാവാത്ത വണ്ണം നടുങ്ങിപ്പോയി. എല്ലാ പ്രതീക്ഷയും അസ്തമിച്ച രാത്രി. അല്‍പനേരം കഴിഞ്ഞ് ഐപിഎസ് ഓഫീസറായ അശോക് കാംതെയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള ആംബുലന്‍സ് എത്തി. അയാളുടെ കണ്ണുകള്‍ തുറിച്ചിരുന്നു. നെറ്റിയുടെ ഒത്ത നടുവിലൂടെ കയറിപ്പോയ ഒരു വെടിയുണ്ട തീര്‍ത്ത ദ്വാരത്തില്‍ നിന്ന് രക്തമിറ്റു വീഴുന്നുണ്ടായിരുന്നു.
മരണത്തിനും ജീവിതത്തിനും വെടിയുണ്ടകള്‍ക്കുമിടയില്‍ നിന്ന് ആംബുലന്‍സ് സര്‍വീസുകാര്‍ മാത്രം ആരെയൊക്കെയോ വാരിപ്പിടിച്ചു കൊണ്ടുവന്നുകൊണ്ടേയിരുന്നു. രാത്രി പിന്നെയും കനത്തു. വെടിയുണ്ടകളുടെ ശബ്ദം കുറഞ്ഞു വന്നു. പിന്നെ അത് നിലച്ചു. ഞങ്ങള്‍ ആശുപത്രിയില്‍ തന്നെയായിരുന്നു. പരുക്കേറ്റവരും മരിച്ചവരും വന്നുകൊണ്ടേയിരുന്നു. ഏതാണ്ട് മൂന്നു മണിയായപ്പോള്‍ മനോരമയുടെ ക്യാമറമാന്‍ കനല്‍ ലാല്‍ വിളിച്ചു. താജ് കത്തുന്നു. അവന്‍ പറഞ്ഞു. ഇനി ഇതുപോലൊന്നു കാണാന്‍ അവസരം കിട്ടില്ല (ഇനി ഇതുപോലൊന്നു എന്തിനു കാണണം!!!). ഞങ്ങള്‍ അവിടേക്കു പോകാന്‍ തീരുമാനിച്ചു. വിനയ്‌യും നിര്‍മ്മലും വരുന്നില്ല. നാലഞ്ചു കിലോമീറ്ററോളം നടക്കണം. യാത്ര ചെയ്യുന്നത് സുരക്ഷിതമാണോ എന്നറിയാന്‍ അവിടെ നിന്ന ഒരു ഡിസിപിയെ സമീപിച്ചു. സ്വന്തം റിസ്‌കില്‍ പൊയ്‌ക്കൊള്ളാനായിരുന്നു ഉപദേശം.
പക്ഷേ പോകാതിരിക്കാന്‍ കഴിയുമായിരുന്നില്ല. അത് ചോരയുടെയും മരണത്തിന്റെയും രാത്രിയായിരുന്നു. ആ രാത്രിയില്‍ ജീവിതത്തിലാദ്യമായി ഞങ്ങള്‍, ഞാനും ജെറിയും ഫൈസലും മുംബൈയെ ശൂന്യമായി കണ്ടു. തെരുവില്‍ ഞങ്ങളല്ലാതെ ആരുമുണ്ടായിരുന്നില്ല. അങ്ങനെ നടക്കവേ, ആര്‍മി ജവാന്മാരെ നിറച്ച് നാസിക്കില്‍ നിന്നു വന്ന അഞ്ചു ട്രക്കുകള്‍ ഞങ്ങളെ കടന്നു പോയി. അവര്‍ മെഷീന്‍ ഗണ്ണുകള്‍ കയ്യിലേന്തി യുദ്ധ സന്നദ്ധരായി അതില്‍ നിന്നു. അന്ന് രാത്രി ആര്‍ക്കും ആരെയും വെടിവെയ്ക്കാമായിരുന്നു. ഞങ്ങള്‍ക്ക് അതറിയുകയും ചെയ്യാമായിരുന്നു.
താജിന്റെ മിനാരങ്ങളില്‍ തീപിടിക്കുന്നത് ഞങ്ങള്‍ കണ്ടു. ജനാലകളില്‍ ഏണി കെട്ടി ഫയര്‍ഫോഴ്‌സുകാര്‍ ആള്‍ക്കാരെ പുറത്തിറക്കിക്കൊണ്ടിരുന്നു. പ്രധാന കെട്ടിടത്തിനു താഴെ ഫയര്‍ഫോഴ്‌സിനരികില്‍ ഇനിയെന്തു ചെയ്യണമെന്നറിയാതെ ഞങ്ങള്‍ വെറുതെ സ്തംഭിച്ചു നിന്നു. ഏതെങ്കിലുമൊരു തീവ്രവാദി ഏതെങ്കിലുമൊരു ജനല്‍ തുറന്ന് വെടിയുതിര്‍ന്നുവെങ്കില്‍ ഞങ്ങളെല്ലാം കൊല്ലപ്പെടുമായിരുന്നു.
സമയം ആറുമണിയോടടുക്കുന്നു. ദുസ്വപ്‌നങ്ങള്‍ കണ്ടു ഞെട്ടിയുണരാനിടയുള്ള ഒരു ഉറക്കത്തിനായി സുഹൃത്തിന്റെ ഓഫീസിലേക്കു നടന്നു.
*ഒന്‍പത് വര്‍ഷങ്ങള്‍… ഒരുപക്ഷേ ആ രാത്രി ഉണ്ടായിരുന്നില്ലെങ്കില്‍ എന്റെ ജീവിതം വെറും സാധാരണമായ ഒന്നായിപ്പോകുമായിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിലെ വര എത്രമാത്രം ചെറുതാണെന്നു കാട്ടിത്തന്ന രാത്രി. കണ്ണടച്ചു തുറക്കുന്ന സമയത്തിനുള്ളില്‍ എല്ലാ പുഞ്ചിരികളും തുടച്ചു മാറ്റപ്പെടാമെന്ന്, എല്ലാ സ്വപ്‌നങ്ങളും ആവിയായിപ്പോകാമെന്ന്, ഒടുവില്‍ ബാക്കിയാകുന്നത്, നിങ്ങളെങ്ങനെ ജീവിതം ജീവിച്ചുവെന്നതു മാത്രമാണെന്ന്, നിങ്ങള്‍ കൊടുത്തതും എടുത്തതുമായ സന്തോഷം മാത്രമാണെന്ന്, നിങ്ങള്‍ സൃഷ്ടിച്ച ഓര്‍മ്മകള്‍ നിങ്ങളെ അടയാളപ്പെടുത്തുമെന്നതാണെന്ന്, അവ നിങ്ങളെയും അതിജീവിക്കുമെന്ന് ആ രാത്രി എന്നെ പഠിപ്പിച്ചു.*
*ആ രാത്രി എന്നെ മറ്റൊരാളാക്കി. ജീവിതത്തെ ഒരു പുതിയ വെളിച്ചത്തില്‍ കാണാന്‍ പഠിപ്പിച്ചു. മരണത്തേക്കാളുപരി ജീവിതം തന്നെയാണ് മഹനീയമെന്നും ഇറ്റു നഷ്ടബോധം പോലുമില്ലാതെ മരിക്കാനാവുകയെന്നതാണ് ജീവിതത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമെന്നും ഓര്‍മ്മിപ്പിച്ചു. മരണത്തിന് തൊട്ടരികിലാണ് ഒരു മനുഷ്യന്‍ ജീവിതത്തെ ഏറെ സ്‌നേഹിക്കുന്നതെന്നും അത്രമേല്‍ അരുമയോടെ അയാള്‍ മറ്റൊരിക്കലും ജീവിതത്തെ കാണില്ലെന്നുമുള്ള വെളിപാടില്‍ നിറഞ്ഞു. അനുഭവത്തിന്റെ ആ ബോധിവൃക്ഷച്ചുവടില്‍ നിന്നു തൊട്ടെടുത്ത തിരിച്ചറിവുകളാല്‍ ഞാന്‍ എന്നെന്നേക്കും കീഴടക്കപ്പെട്ടു.*
സിബി സത്യന്‍
Post Your Comments