ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം ഡല്‍ഹിയിലെ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട 15.39 കോടി രൂപ ബിനാമി സ്വത്തായി പ്രഖ്യാപിച്ചു. പണം അയച്ചയാളെയും സ്വീകരിച്ചയാളെയും കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ പ്രത്യേക കോടതിയുടെ നടപടി. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പാസ്സാക്കിയ കള്ളപ്പണം തടയല്‍ നിയമപ്രകാരം സ്വീകരിക്കുന്ന ആദ്യ നടപടികളിലൊന്നാണിത്. ഡല്‍ഹിയിലെ നയാബസാര്‍ മേഖലയിലെ ഗാലി ലാല്‍ട്ടെന്‍ സ്വദേശിയായ രമേഷ് ചന്ദ് ശര്‍മയാണ് പണം നിക്ഷേപിച്ചത്.
എന്നാല്‍, ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ അപ്രത്യക്ഷനായി. അതോറിറ്റിയുടെ നടപടിക്രമങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പിലും ശര്‍മ തുടര്‍ച്ചയായി ഹാജരായിരുന്നില്ല. സമന്‍സുകള്‍ക്കും മറുപടി നല്‍കിയില്ല. ചില വ്യക്തികള്‍ക്കുവേണ്ടി ബിനാമിയായി ഈ പണം കൈയില്വെച്ചിരുന്നത് ശര്‍മയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 2006-07-ല്‍ ശര്‍മ സമര്‍പ്പിച്ച ആദായനികുതി റിട്ടേണില്‍ മൂന്നുലക്ഷം രൂപയാണ് വാര്‍ഷികവരുമാനമായി കാണിച്ചിരിക്കുന്നത്.
ബാങ്കിലെ ഉപഭോക്താവ് എന്ന നിലയില്‍ നല്‍കിയിരിക്കുന്ന കെ.വൈ.സി. രേഖകളില്‍ പറയുന്ന വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ അയല്‍ക്കാര്‍ക്കുപോലും ഇയാളെ അറിയില്ലെന്നാണ് തെളിഞ്ഞത്.നോട്ട് നിരോധനത്തിന് ശേഷം നടന്ന സംശയകരമായ ഇടപാടുകള്‍ ഇപ്പോഴും ആദായ നികുതി വകുപ്പ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ കെ.ജി മാര്‍ഗ്ഗ് ശാഖയില്‍ നടത്തിയ പരിശോധനയിലാണ് പഴയ 500, 1000 രൂപാ നോട്ടുകള്‍ ഉപയോഗിച്ച് നടത്തിയ 15,93,39,136 രൂപയുടെ ഇടപാടുകള്‍ ശ്രദ്ധയില്‍ പെട്ടത്.
മൂന്ന് കമ്പനികളുടെ പേരിലായിരുന്നു നിക്ഷേപം. ഇവ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. പണം നിക്ഷേപിച്ച ശേഷം ഉടന്‍ തന്നെ ചില വ്യക്തികളുടെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റുകള്‍ ബാങ്കില്‍ നിന്ന് വാങ്ങി. അജ്ഞാതരായ വ്യക്തികളുടെ പേരില്‍ എടുത്ത ഡി.ഡികള്‍ പണം മറ്റെവിടേക്കോ മാറ്റാനുള്ള നടപടിയുടെ ഭാഗമായാണെന്ന സംശയത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ ഇവ മരവിപ്പിച്ചത്. കഴിഞ്ഞമാസം വരെയുള്ള കണക്കുപ്രകാരം 1833 കോടിയുടെ ബിനാമിസ്വത്താണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. 517 നോട്ടീസുകളയച്ചിട്ടുണ്ട്. ബിനാമി നിയമപ്രകാരം പരമാവധിശിക്ഷ ഏഴുവര്‍ഷം തടവും പിഴയുമാണ്.
Post Your Comments