തലശ്ശേരി: ഇല്ലിക്കുന്നിലെ വാടക വീട്ടിൽ നിന്ന് പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ഫരീദാബാദിൽ നിന്ന് കൊറിയർ വഴി എത്തിച്ച 400 കിലോ ഹാൻസാണ് എക്സൈസ് അധികൃതർ പിടികൂടിയത്.
ഇല്ലിക്കുന്ന് ചിറമ്മൽ റോഡിലെ ബദരിയ മസ്ജിദിന് സമീപം യാസിൻ എന്ന വാടകവീട്ടിൽ നിന്നാണ് ഹാൻസ് പിടികൂടിയത്. കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റിവ് ഓഫീസർ സുകേഷ് വണ്ടിച്ചാലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കൂത്തുപറമ്പ് സർക്കിൾ ഇൻസ്പെക്ടർ എ.കെ. വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂർ ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഇല്ലിക്കുന്ന് സ്വദേശി ടി.കെ. റഷ്ബാൻ, കണ്ണൂർ വലിയന്നൂരിലെ സഫ് വാൻ മൻസിലിൽ മുഹമ്മദ് സഫ്വാൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ വനം വന്യജീവി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട സംശയകരമായ വസ്തുവും കസ്റ്റഡിയിലെടുത്തു. ഇത് വനം വകുപ്പിന് കൈമാറുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പരിശോധനയിൽ ഐ.ബി പ്രിവന്റിവ് ഓഫീസർമാരായ സുകേഷ് വണ്ടിച്ചാലിൽ, അബ്ദുൽ നിസാർ, സുധീർ, സി.പി. ഷാജി, ഷജിത്ത്, കൂത്തുപറമ്പ് സർക്കിളിലെ പ്രിവന്റിവ് ഓഫീസർമാരായ പി. പ്രമോദൻ, യു. ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, എൻ.സി. വിഷ്ണു, എ.എം. ബിനീഷ്, ജിജീഷ് ചെറുവായി, ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും പങ്കെടുത്തു.
നിരോധിത പുകയില ഉൽപന്നങ്ങൾ ഇത്രയുമധികം പാർസലായി എത്തിയത് സംബന്ധിച്ച് ജില്ലയിലെ കൊറിയർ സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. വിപണിയിൽ ഏഴു ലക്ഷം രൂപ വരുന്ന ഹാൻസാണ് പിടിച്ചെടുത്തത്.
Post Your Comments