മുക്കം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി തീര്‍ത്തും നിയമവിരുദ്ധമായാണ് നടപ്പാക്കുന്നതെന്നും ജന വിരുദ്ധ നയങ്ങളില്‍ മോദിയും പിണറായിയും പിന്തുടരുന്നത് ഒരേ നയമാണന്നും നര്‍മ്മദ ആന്തോളന്‍ ബച്ചാവോ സമര നേതാവും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ ഡോ.സന്ദീപ് പാെണ്ഡ പറഞ്ഞു. എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരപന്തലും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പ്രദേശവും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പദ്ധതിക്കായി കൃഷിയിടങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ 70 ശതമാനം കര്‍ഷകരുടെ അനുമതി വേണമെന്നതാണ് നിയമം. ഗെയില്‍ പദ്ധതി സര്‍ക്കാരും പ്രൈവറ്റ് കമ്പനികളും സംയുക്തമായാണ് നടപ്പാക്കുന്നത്. അത് കൊണ്ട് 80 ശതമാനം കര്‍ഷകരുടെ അനുമതിയെങ്കിലും ആവശ്യമാണ്. എന്നാല്‍ ഇത് പാലിക്കാതെ തീര്‍ത്തും നിയമവിരുദ്ധമായി നടപ്പാക്കുന്ന പദ്ധതിയാണിത്.
പ്രകൃതിയെ തകര്‍ക്കുന്ന ഈ പദ്ധതിക്കെതിരെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും ഡോ.സന്ദീപ് പാണ്ഡെ പറഞ്ഞു. നേരത്തെ എരഞ്ഞിമാവിലെ സമരപന്തലിലെത്തിയ അദ്ദേഹം ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ച് ഇരകളുടെ പരാതികള്‍ കേട്ട ശേഷമാണ് തിരിച്ചു പോയത്. സമരക്കാരെ തീവ്രവാദികളായി മുദ്ര കുത്തുന്ന സര്‍ക്കാര്‍ നിയമ ലംഘനങ്ങള്‍ക്ക് കൂട്ടുപിടിച്ച് യഥാര്‍ത്ഥ ഭീകരവാദികളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എ.പി.എ (നാഷനല്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ് മൂവ്്മന്റ്) സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ ചേളായി, ഡോ. പി.കെ നൗഷാദ് അരീക്കോട്, സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍, ബഷീര്‍ പുതിയോട്ടില്‍, ജി.അബ്ദുല്‍ അക്ബര്‍, ശംസുദ്ദീന്‍ ചെറുവാടി, റൈഹാന ബേബി, ടി.പി മുഹമ്മദ്, ജാഫര്‍ എരഞ്ഞിമാവ്, കരീം പഴയങ്കല്‍, നജീബ്, ബാവ പവര്‍വേള്‍ഡ്, സാലിം ജീറോഡ് എന്നിവര്‍ പങ്കെടുത്തു.
Post Your Comments