താനെ : ഇന്ത്യയെ വിറപ്പിച്ച അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സാമ്രാജ്യം അനാഥമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ശത്രുക്കളുടെ തോക്കുകളോ വിടാതെ പിന്തുടരുന്ന അന്വേഷണ സംഘങ്ങളോ ഒന്നുമല്ല ദാവൂദിന്റെ വിഷാദത്തിന് കാരണം. തന്റെ വ്യവസായസാമ്രാജ്യം നോക്കിനടത്തേണ്ട മൊയിന്‍ നവാസ് വഴിപിരിഞ്ഞതിലാണ് ദാവൂദിന്റെ ദുഃഖം. സ്വന്തം കുടുംബത്തിനുള്ളില്‍നിന്ന് തന്നെയാണ് ദാവൂദിന് പണികിട്ടിയിരിക്കുന്നത്. മക്കളില്‍ മൂന്നാമത്തെയാളും ഒരേയൊരു ആണ്‍തരിയുമായ മോയിന്‍ നവാസ് ഡി. കസ്‌കര്‍ (31) പിതാവിന്റെ പാത കൈവെടിഞ്ഞ് സമ്പൂര്‍ണ പൗരോഹിത്യ മാര്‍ഗത്തിലാണ് ജീവിക്കുന്നത്.
ദാവൂദ് കുടുംബത്തില്‍ നിന്ന് അകന്നുകഴിയുന്ന മൊയിന്‍ നവാസ് കുടുംബവ്യവസായങ്ങളില്‍ നിന്നും ഏറെക്കാലമായി മാറിനില്‍ക്കുകയായിരുന്നു. ഖുര്‍ആനിലെ 6,236 സൂക്തങ്ങളും മനഃപാഠമാക്കിയ നവാസ് കറാച്ചിയിലെ ആഡംബര വസതി ത്യജിച്ച് കറാച്ചിയിലെ ഒരു പള്ളിയോട് ചേര്‍ന്ന ചെറിയ വീട്ടിലാണ് കഴിയുന്നത്. എങ്കിലും ഭാര്യയും മൂന്ന് മക്കളും നവാസിനെ ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ല. ഇവരും പള്ളിയോട് ചേര്‍ന്നുള്ള വീട്ടിലാണ് താമസം. ബിസിനസിന്റെയോ സമ്പത്തിന്റെയോ പ്രലോഭനങ്ങളില്‍ ഒരു താത്പര്യവുമില്ലാതെ മതപ്രബോധകന്‍ (മൗലാന)ആയി മാറിയിരിക്കുകയാണ് കടുത്ത മതവിശ്വാസിയായ മൊയിന്‍ നവാസ്.
നിയമവിരുദ്ധ പ്രവൃത്തികളിലൂടെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെയും കുപ്രസിദ്ധി നേടിയ ദാവൂദ് കുടുംബത്തിലെ പലരും പിടികിട്ടാപ്പുള്ളികളാണ്. പക്ഷേ, മൊയിന്‍ നവാസിന് പിതാവിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോട് കടുത്ത എതിര്‍പ്പായിരുന്നുവെന്ന് താനെയിലെ അന്വേഷണ സംഘത്തലവന്‍ പ്രദീപ് ശര്‍മ പറഞ്ഞു. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടിയ നവാസ് 2011-ല്‍ കറാച്ചിയിലെ സമ്പന്നനായ വ്യവസായിയുടെ മകള്‍ സാനിയ ഷെയ്ഖിനെ വിവാഹം ചെയ്തു. ഇവര്‍ക്ക് മൂന്നുമക്കളുമുണ്ട്. ആദ്യകാലത്ത് ദാവൂദിന്റെ ബിസിനസില്‍ നവാസ് സഹായിച്ചിരുന്നുവെങ്കിലും പിന്നീട് ആത്മീയതയുടെ പാതയിലേക്ക് തിരിയുകയായിരുന്നു.
താന്‍ പടുത്തുയര്‍ത്തിയ അധോലോക സാമ്രാജ്യം ഭാവിയില്‍ ആര് നോക്കി നടത്തുമെന്നതിനെക്കുറിച്ച് ദാവൂദിന് കടുത്ത ആശങ്കയുണ്ടെന്നും ഇഖ്ബാല്‍ കസ്‌കര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ദാവൂദിന്റെ വിശ്വസ്തനായ മറ്റൊരു സഹോദരന്‍ അനീസ് ഇബ്രാഹിം കസ്‌കര്‍ അനാരോഗ്യത്തിലാണെന്നതും ദാവൂദിനെ വലയ്ക്കുന്നു. അധോലോക സാമ്രാജ്യത്തിന്റെ ഭാവി ഭദ്രമാക്കാന്‍ വിശ്വസ്തരായ അടുത്ത ബന്ധുക്കളും ഇപ്പോള്‍ ദാവൂദിനില്ല. മൂന്ന് കവര്‍ച്ചക്കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദാവൂദിന്റെ ഇളയ സഹോദരന്‍ ഇഖ്ബാല്‍ ഇബ്രാഹിം കസ്‌കറിനെ ചോദ്യം ചെയ്തപ്പോഴാണ് ദാവൂദ് കുടുംബത്തിലെ ആഭ്യന്തരപ്രശ്‌നങ്ങളെക്കുറിച്ച് വിവരം ലഭിച്ചതെന്ന് പ്രദീപ് ശര്‍മ വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് വെളിപ്പെടുത്തി.
Post Your Comments