തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നുഴഞ്ഞുകയറി, മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ചോദ്യങ്ങളുമായി മുഖ്യമന്ത്രിയെ സമീപിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ തിക്കിത്തിരക്കുന്നതു നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് ചാനലുകാരുടെ മൈക്ക് മുഖ്യമന്ത്രിയുടെ മുഖത്ത് തട്ടിയിരുന്നു. പിണറായി തുടര്‍ന്ന് പ്രകോപിതനായി സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് എത്തുന്നത്.
മൈക്കുമായി സമീപിച്ച ചാനല്‍ പ്രവര്‍ത്തകനോടു പിണറായി മാറിനില്‍ക്കാന്‍ പറഞ്ഞതു വിവാദമായിരുന്നു. ഇതിനു പിന്നാലെയാണു മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയത്. ഇതോടെ പിണറായിയുടെ സുരക്ഷ ശക്തമാക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇനി കടുത്ത നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടുത്തുമെന്നാണ് സൂചന.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍, അദ്ദേഹം വാഹനത്തില്‍നിന്ന് ഇറങ്ങുമ്പോഴും തിരികെക്കയറുമ്പോഴുമൊക്കെ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗതടസം സൃഷ്ടിക്കുന്നതു ഗുരുതര സുരക്ഷാഭീഷണിയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഉടന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു കൈമാറും. റിപ്പോര്‍ട്ട് സെക്രട്ടറിക്ക് കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കും.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ അടുത്തെത്താന്‍ കഴിയാത്ത സുരക്ഷയാകും ഉയര്‍ത്തുക. പ്രധാനമന്ത്രിക്കും മറ്റും നിലവില്‍ ഇത്തരത്തില്‍ സുരക്ഷാ ക്രമീകരണമുണ്ട്. ഈ മാതൃക പിണറായി വിജയന് വേണ്ടിയും നടപ്പാക്കും.
ചാനല്‍ ക്യാമറ, സ്റ്റാന്‍ഡ്, മൈക്ക് എന്നിവയെല്ലാം ആയുധങ്ങളായി ഉപയോഗിക്കാന്‍ കഴിയും.
മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയെത്തുന്നവരുടെ ബാഗുകളിലും ആയുധങ്ങളോ സ്‌ഫോടകവസ്തുക്കളോ ഒളിപ്പിക്കാം. അതുകൊണ്ടുതന്നെ ചോദ്യങ്ങളുമായി മുഖ്യമന്ത്രിയെ സമീപിക്കുന്ന മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കണം. അവര്‍ക്കിടയില്‍ അക്രമികള്‍ നുഴഞ്ഞുകയറിയാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു തിരിച്ചറിയാനാവില്ല.
ചില മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുകയും അദ്ദേഹം പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഫലത്തില്‍ പരിപാടികള്‍ക്ക് എത്തുമ്‌ബോള്‍ മുഖ്യമന്തരിയുടെ ബൈറ്റ് എടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ രീതിക്ക് അവസാനമാകും.
Post Your Comments