കേരളജനത വീണ്ടും വിഡ്ഢികള്‍ ആകുകയാണോ? ലൈംഗിക ആരോപണ കേസില്‍ മന്ത്രിസ്ഥാനം തെറിച്ച എന്‍ സി പിയുടെ നേതാവ് എ കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാന്‍ നീക്കം. ശശീന്ദ്രന്‍ പുറത്തായപ്പോള്‍ ഗതാഗതത്തെ സംരക്ഷിക്കാന്‍ എത്തിയ കുവൈറ്റ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ നികത്തി സ്വന്തം ആസ്തി വര്‍ദ്ധിപ്പിച്ചു കൊണ്ട് ജനങ്ങളെയും നിയമ സംഹിതകളെയും വെല്ലുവിളിച്ചു. തെളിവുകളുടെയും പ്രതിഷേധത്തിന്റെയും പേരില്‍ ഒടുവില്‍ ആ മന്ത്രിയും എന്‍ സിപിയ്ക്ക് നഷ്ടമായി. ആ സ്ഥാനത്തേയ്ക്ക് വീണ്ടും ശശീന്ദ്രന്‍ വരുന്നെന്നു സൂചന.
മാധ്യമപ്രവര്‍ത്തകയുമായി അശ്ലീല ഫോണ്‍സംഭാഷണം നടത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദമാണ് എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനം നഷ്ടമാക്കിയത്. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയില്‍ നിന്ന് പരാതിക്കാരി പിന്‍വലിക്കുകയും ചെയ്തിരുന്നു. വിവാദം അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ആന്റണി കമ്മീഷന്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്. ചൊവ്വാഴ്ച സമര്‍പ്പിക്കുന്ന ആന്റണി റിപ്പോര്‍ട്ട് കമ്മീഷന്‍ അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് എന്‍.സി.പി.സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. റിപ്പോര്‍ട്ട് അനുകൂലമായാല്‍ ശശീന്ദ്രനെ ഉടന്‍ മന്ത്രിയാക്കാനാണ് എന്‍സിപിയുടെ തീരുമാനം.
ചാണ്ടി മന്ത്രി സ്ഥാനം രാജി വയ്ക്കുന്നതിനായി നല്‍കിയ നിബന്ധകളില്‍ ഒന്നാണ് എന്‍ സി പിയുടെ മന്ത്രി സ്ഥാനം അവര്‍ക്കായി തന്നെ ഒഴിച്ചിടണമെന്ന വാദം. ഈ നിബന്ധന മുഖ്യമന്ത്രി അംഗീകരിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും അതിനായി കളം ഒരുക്കുകയാണ് എന്‍ സി പി. ആര് ആദ്യം കുറ്റവിമുക്തനാകുന്നോ അവര്‍ മന്ത്രിയാകും എന്നായിരുന്നു തോമസ് ചാണ്ടി രാജിവെച്ചപ്പോള്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി തങ്ങള്‍ക്ക് ഇക്കാര്യം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചാണ്ടിയുടെ രാജിയോടെ രാജ്യത്ത് മന്ത്രിയില്ലാത്ത പാര്‍ട്ടിയായി മാറിയിരിക്കുകയാണ് എന്‍ സി പി. ഒരു ദേശീയ പാര്‍ട്ടിയെന്ന വിശേഷണം മാത്രമാണ് എന്‍ സിപിയ്ക്ക് ഇപ്പോഴുള്ളത്.
ഗുരുതരമായ ലൈംഗിക ആരോപണത്തെത്തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്‍ രാജിവച്ചത്. പ്രശ്‌നപരിഹാരത്തിന് സമീപിച്ച സ്ത്രീയോട് ലൈംഗിക ചുവയോടെ ഫോണില്‍ സംസാരിക്കുന്ന ശബ്ദരേഖ സ്വകാര്യ ചാനല്‍ പുറത്തുവിട്ടതിനെതുടര്‍ന്നാണ് എന്‍സിപി ദേശീയ സമിതിയംഗം കൂടിയായ ശശീന്ദ്രന് സ്ഥാനം ഒഴിയേണ്ടി വന്നത്. ഇതു സംബന്ധിച്ച കേസില്‍ ചാനല്‍ സിഇഒ അടക്കം ഒമ്പത് പേര്‍ക്കെതിരെ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മന്ത്രിക്ക് മുന്നില്‍ പരാതിയുമായെത്തിയ വീട്ടമ്മയുമായി എ.കെ ശശീന്ദ്രന്‍ ലൈംഗിക ചുവയുള്ള സംസാരം നടത്തിയതെന്നായിരുന്നു മാര്‍ച്ച് 26ന് സംഭാഷണം പുറത്തുവിട്ടുകൊണ്ട് ചാനല്‍ അവകാശപ്പെട്ടത്. തുടര്‍ന്ന് അന്ന് വൈകുന്നേരം തന്നെ ശശീന്ദ്രന്‍ രാജിവച്ചു. ഇതിന് ശേഷം സാമൂഹിക മാധ്യമങ്ങളിലടക്കം ശക്തമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ മാപ്പ് അപേക്ഷിച്ച് ചാനല്‍ സിഇഒ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനുള്ളിലെ ഒത്തുകളി എന്തുതന്നെയും ആയിക്കോട്ടെ, ഈ ഘട്ടത്തില്‍ ഒരു ചോദ്യം മാത്രം ഹണി ട്രാപ്പില്‍ കുടുങ്ങിയ മന്ത്രി വീണ്ടും അധികാരത്തില്‍ എത്തുന്നത് ശരിയാണോ?
ഒരു വ്യക്തി എത്ര നല്ലവനോ ആയിക്കോട്ടെ. പക്ഷെ ഒരു ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്ന, മന്ത്രിസ്ഥാനം കയ്യാളുന്ന ഒരാള്‍ ഇത്തരത്തില്‍ ഒരു പെണ്ണിന്റെ വലയില്‍ കുടുങ്ങിയെങ്കില്‍ പിന്നെ അയാളില്‍ എന്തു വിശ്വാസ്യതയാണ് നമ്മള്‍ക്ക് ഉണ്ടാകേണ്ടത്? നിരവധി രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സമുന്നതായ ഒരു സ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയെ ട്രാപ്പില്‍ കുടുക്കി വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചാല്‍ ഇത് പോലെ ഇനിയും എത്രയോ സംഭവങ്ങള്‍ ഉണ്ടാകും? ലൈംഗികത ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമായി ഇരിക്കുമ്പോള്‍ മന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ ഇത്തരം പ്രശ്നങ്ങളില്‍ പെടുന്നത് ശരിയല്ല. ജനങ്ങളെ സേവിക്കേണ്ട ഈ മന്ത്രിമാരില്‍ എന്തുവിശ്വാസ്യതയാണ് ഇനിയും നമ്മള്‍ പുലര്‍ത്തേണ്ടത്? പെണ്ണ് അങ്ങോട്ട് ചെന്ന് ട്രാപ്പില്‍ ആക്കിയതാണെന്ന് തന്നെ ഇരിക്കട്ടെ, ഔദ്യോഗിക രഹസ്യങ്ങള്‍ ഈ മന്ത്രിയില്‍ നിന്നും പുറത്തു പോകില്ലെന്ന് ഇനിയും എങ്ങനെ ഉറപ്പിക്കാന്‍ കഴിയും?
എന്‍സിപിക്ക് മന്ത്രിസ്ഥാനം നേടാന്‍ ആകെ രണ്ടു എം എല്‍എ മാര്‍ മാത്രമേയുള്ളൂ. അവര്‍ ഇങ്ങനെ വിവാദങ്ങളില്‍ പുറത്തുനില്‍ക്കുമ്പോള്‍ കുറേക്കാലത്തേക്കെങ്കിലും മന്ത്രിസ്ഥാനം പാര്‍ട്ടിയുടെ സ്വപ്നം മാത്രമായി മാറും. കോടതിയും കേസും തീരുമാനിക്കും ഇനി ഇവരുടെ തിരിച്ചുവരവുകള്‍. ചാണ്ടി പറയുമ്പോലെ കസേര ഒഴിച്ചിട്ടിട്ടുണ്ട്. ചൊവാഴ്ച്ച സമര്‍പ്പിക്കുന്ന ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ശശീന്ദ്രന് ലോട്ടറി ആകുമോയെന്നു കാത്തിരുന്നു കാണാം. അതോ ശശീന്ദ്രനെ വെട്ടി തോമസ് ചാണ്ടി ലോട്ടറി നേടിയെടുക്കുമോ? എന്തായാലും ഭരണത്തിലെ ഇത്തിള്‍കണ്ണികളായി ഇവരില്‍ ഒരാള്‍ ഇനിയും ഉണ്ടാകുമെന്നു സൂചന.
Post Your Comments