Kerala

എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എംഎൽഎമാർക്ക് നൂറ് കോടിയുടെ ഓഫർ, തോമസ് കെ തോമസിനെതിരെ കോഴ ആരോപണം

തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കോഴ ആരോപണം. എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. പരാതി മുഖ്യമന്ത്രി സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പരാതിയുടെ കാര്യം പരാമര്‍ശിച്ചത്.

തോമസ് കെ.തോമസിന്റെ മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത് ഈ കാരണത്താലാണ്. ഏകാംഗ കക്ഷി എംഎൽഎമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി–ലെനിനിസ്റ്റ്) എന്നിവർക്ക് 50 കോടി വീതം തോമസ് വാഗ്ദാനം ചെയ്തെന്നാണു മുഖ്യമന്ത്രിക്കു ലഭിച്ച വിവരം. ബിജെപിയുടെ സഖ്യകക്ഷിയായ എൻസിപിയിൽ (അജിത് പവാർ) ചേരാനായിരുന്നത്രേ ക്ഷണം.

പിണറായി വിളിപ്പിച്ച് അന്വേഷിച്ചപ്പോൾ ആന്റണി രാജു വിവരം സ്ഥിരീകരിച്ചു. ഓർമയില്ലെന്നായിരുന്നു കുഞ്ഞുമോന്റെ മറുപടി.കോഴ ആരോപണം എന്‍സിപി നേതൃയോഗവും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. 19ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് കോഴ ചര്‍ച്ച ചെയ്തത്. തോമസ് കെ തോമസ് തന്നെയാണ് വിഷയം ഉന്നയിച്ചത്.

അതേസമയം, കോഴ ആരോപണവുമായി ബന്ധപ്പെട്ട് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആരോപണത്തിന്റെ നിജസ്ഥിതി തെളിയിക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഇന്നലെയാണ് കത്ത് നല്‍കിയത്. ആരോപണം തോമസ് കെ തോമസ് നിഷേധിച്ചു. താന്‍ ശരത്ത് പവാറിനൊപ്പമാണെന്നും ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button