തിരുവനന്തപുരം: എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് എൻസിപിയിൽ തർക്കം രൂക്ഷം. എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാൻ എൻസിപിയിൽ നീക്കം നടക്കുന്നുണ്ടെങ്കിലും എ കെ ശശീന്ദ്രൻ ഇനിയും വഴങ്ങിയിട്ടില്ല. മന്ത്രിസ്ഥാനം നഷ്ടമായാൽ എംഎൽഎ പദവിയും രാജിവക്കുമെന്ന നിലപാടിലാണ് ശശീന്ദ്രൻ. പാർട്ടിക്ക് ലഭിച്ച മന്ത്രിസ്ഥാനത്തിലെ മാറ്റം സംബന്ധിച്ച് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചർച്ച നടത്തിയിരുന്നു. കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് പി സി ചാക്കോയുടെ നീക്കം.
എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയും കുട്ടനാട് എംഎൽഎ തോമസ് കെ തോമസും മുംബൈയിൽ എത്തി പാർട്ടി അധ്യക്ഷൻ ശരത് പവാറിനെ കാണും. മന്ത്രി മാറ്റത്തിന്റെ അനിവാര്യത പിസി ചാക്കോ അധ്യക്ഷനെ അറിയിക്കും. എന്നാൽ, എ കെ ശശീന്ദ്രൻ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. പാർട്ടിക്കുള്ളിലെ ചർച്ച പിസി ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനെയും അറിയിച്ചു. മന്ത്രി വിഷയം എൻസിപിയിലെ ആഭ്യന്തര വിഷയമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അന്തിമ തീരുമാനം പാർട്ടി കേന്ദ്ര ഘടകത്തിന്റേത് ആയിരിക്കും.
എന്നാൽ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് തനിക്ക് ഒരറിവുമില്ലെന്നും താൻ മാധ്യമങ്ങളിൽ നിന്നാണ് ഈ വാർത്ത അറിഞ്ഞതെന്നും തോമസ് കെ തോമസ് പറഞ്ഞു. മന്ത്രിമാറ്റത്തെക്കുറിച്ച് തനിക്ക് ഒരറിയിപ്പും കിട്ടിയിട്ടില്ലെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും തോമസ് കെ തോമസ് കൂട്ടിച്ചേർത്തു.
Post Your Comments