കോട്ടയം : സംസ്ഥാനത്തിന്റെ പല ഭാഗത്തും സുരക്ഷയ്ക്കായി സ്ഥാപിച്ച സിസി ടിവി കാമറകളില്‍ രാത്രി ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ല. സംസ്ഥാനത്തെ ഒന്‍പതു നഗരങ്ങളിലാണ് പോലീസ് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളില്‍ രാത്രിദൃശ്യങ്ങള്‍ വ്യക്തമല്ലാത്തത്. സുരക്ഷയ്ക്കും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുംവേണ്ടിയാണ് ഇവ സ്ഥാപിച്ചത്
. രാത്രിദൃശ്യങ്ങള്‍ പതിയുമെങ്കിലും വ്യക്തതയില്ലാത്തത് പോലീസിനെ വലയ്ക്കുന്നു. സംസ്ഥാനത്ത് 548 ക്യാമറയാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ 39 ക്യാമറ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കെല്‍ട്രോണ്‍ പ്രോജക്ട് മാനേജര്‍ എസ്.പി.ഗോപകുമാര്‍ പറഞ്ഞു. പ്രവര്‍ത്തിക്കുന്നവയില്‍ത്തന്നെ രാത്രിദൃശ്യങ്ങള്‍ വ്യക്തവുമല്ല.
2009-മുതലാണ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് നഗരങ്ങളില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചുതുടങ്ങിയത്. അന്നത്തെ മികച്ച ഫിക്‌സഡ്, പി.ടി.ഇസഡ്.(പാന്‍ ടില്‍റ്റ് സൂം) വിഭാഗങ്ങളില്‍പ്പെട്ട ക്യാമറകളാണ് കെല്‍ട്രോണ്‍വഴി സ്ഥാപിച്ചത്.
ഇവയില്‍ രാത്രിദൃശ്യങ്ങള്‍ വീഡിയോ ആയി റെക്കോഡുചെയ്യും. പക്ഷേ, വ്യക്തതയില്ല. കോട്ടയം കുമ്മനം അറുപറയില്‍നിന്ന് 2016 ഏപ്രിലില്‍ ദമ്പതിമാരെ കാണാതായ സംഭവത്തില്‍ നഗരത്തിലെ സി.സി.ടി.വി. പരിശോധിച്ചെങ്കിലും രാത്രിയിലെ ദൃശ്യങ്ങള്‍ക്കു വ്യക്തതയില്ലാതായതോടെ പോലീസന്വേഷണം വഴിമുട്ടി. സമാനമായ ഒട്ടേറെ സംഭവങ്ങള്‍ മറ്റിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാത്രിയിലെ കുറ്റങ്ങള്‍ തെളിയിക്കാന്‍ വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്പരുകള്‍ ഏറെ സഹായകമായിരുന്നു. ഇത്തരം ക്യാമറകളില്‍നിന്നു നിശ്ചിതദൂരത്തിലാണ് വാഹനമെങ്കില്‍ ദൃശ്യങ്ങള്‍ വ്യക്തമാകാറേയില്ല.
അറ്റകുറ്റപ്പണികള്‍ നടത്താത്തതും ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന തൂണുകളില്‍ വാഹനങ്ങള്‍ ഇടിച്ചതുമാണ് പ്രശ്‌നകാരണമായി അധികൃതര്‍ പറയുന്നത്.
ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, മലപ്പുറം എന്നിവിടങ്ങളില്‍ നഗരസഭയുടെയും റെസിഡന്റ്‌സ് അസോസിയേഷനുകളുടെയും സഹായത്തോടെയാണ് ക്യാമറകള്‍ സ്ഥാപിച്ചത്.
Post Your Comments