സാംഗ്ലി: വീണ്ടും കസ്റ്റഡി മരണം. മഹാരാഷ്ട്രയില്‍ കവര്‍ച്ചക്കേസ് പ്രതിയെ കൊന്നുകത്തിച്ച സംഭവത്തില്‍ അഞ്ചു പോലീസുകാര്‍ അറസ്റ്റില്‍. കേസില്‍ എസ്ഐ ഉള്‍പ്പെടെ ആറു പേരാണ് അറസ്റ്റിലായത്. പോലീസുകാരെക്കൂടാതെ മൃതദേഹം കത്തിക്കാന്‍ സഹായിച്ചയാളും അറസ്റ്റിലായി. മഹാരാഷ്ട്രയിലെ സാംഗ്ലി സിറ്റി പോലീസ് സ്റ്റേഷനിലായിലായിരുന്നു സംഭവം. കസ്റ്റഡിയിലിരിക്കെ മരിച്ച പ്രതിയുടെ മൃതദേഹം പോലീസുകാര്‍ തെളിവ് നശിപ്പിക്കാന്‍ കത്തിക്കുകയായിരുന്നു.
പ്രതി കസ്റ്റഡിയില്‍നിന്നും രക്ഷപെട്ടതായി പോലീസ് നുണക്കഥ പ്രചരിപ്പിക്കുകയും ചെയ്തു.ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന എന്‍ജിനീയറെ കത്തികാട്ടി മൊബൈല്‍ഫോണും പണവും അപഹരിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടത്. ഇരുവരേയും പോലീസ് കോടതിയില്‍ ഹാജരാക്കുകയും മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു. കവര്‍ച്ചക്കേസില്‍ സാംഗ്ലി ഭാരത് നഗര്‍ സ്വദേശികളായ അനികത് അശോക് കൊത്താല (26), അമോല്‍ സുനില്‍ ഭന്ദാരി (23) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഒരാള്‍ മരിച്ചത്.
കൊത്താലയെ സീലിംഗ് ഫാനില്‍ തലകീഴായി കെട്ടിത്തൂക്കുകയും മര്‍ദിക്കുകയും ചെയ്തു. തലയില്‍ അടിയേറ്റ കൊത്താല മരിച്ചു. ഭന്ദാരിയും സംഭവത്തിനു സാക്ഷിയായി. മൃതദേഹം ആദ്യം മണ്ണെണ്ണയൊഴിച്ചും പൂര്‍ണമായും കത്താത്തതിനെ തുടര്‍ന്ന് പെട്രോളൊഴിച്ചും കത്തിച്ചു. കൊത്താലയുടെ മൃതദേഹവും ഭന്ദാരിയുമായി പോലീസുകാര്‍ ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയില്ല. ഇതോടെ ചൊവ്വാഴ്ച രാവിലെ മൃതദേഹവുമായി പോലീസുകാര്‍ അംബാഗഡിലെത്തുകയും ഇവിടെവച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
പിന്നീട് പ്രതികള്‍ രണ്ടു പേരും രക്ഷപെട്ടതായി പോലീസ് റിപ്പോര്‍ട്ട് ഉണ്ടാക്കുകയും ചെയ്തു. ഇതോടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അടുത്ത ദിവസം ഭന്ദാരിയെ താന്‍ പിടിച്ചതായി ഉന്നത ഉദ്യോഗസ്ഥരോട് എസ്ഐ അറിയിച്ചു. എന്നാല്‍ കൊത്താലയുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് യഥാര്‍ഥ സംഭവം പുറത്തായത്. അന്വേഷണത്തില്‍ പോലീസ് കസ്റ്റഡിയില്‍ കൊത്താല കൊല്ലപ്പെട്ടതായി തെളിഞ്ഞു.
Post Your Comments