ന്യുഡല്‍ഹി: ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ നമ്പറിനും പിന്നാലെ അധാറുമായി ബന്ധിപ്പിക്കാന്‍ ഒരു ഇനം കൂടി വരുന്നു. ഇന്‍ഷുറന്‍സ് പോളിസികള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ ഐആര്‍ഡിഎഐ വ്യക്തമാക്കി. ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്ന വ്യക്തികള്‍ നിലവിലുള്ള ചട്ടങ്ങളുമായി സഹകരിക്കണമെന്നും ഐആര്‍ഡിഎഐ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ (മെയിന്റനന്‍സ് ഓഫ് റെക്കോര്‍ഡ്‌സ്) നിയമത്തിലെ രണ്ടാം ഭേദഗതിപ്രകാരമാണ് ഇക്കാര്യം നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ജൂണില്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ആധാറും പാന്‍ കാര്‍ഡും അല്ലെങ്കില്‍ ഫോം 60യും ഇന്‍ഷുറന്‍സ് അടക്കമുള്ള സാമ്പത്തിക സേവനങ്ങള്‍ക്ക് ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
ഇതു സംബന്ധിച്ച് എല്ലാ ലൈഫ്, ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും അറിയിപ്പു നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ നിര്‍ദേശങ്ങള്‍ക്ക് കാത്തിരിക്കാതെ നടപ്പാക്കുകയാണ് വേണ്ടതെന്നും ഐആര്‍ഡിഎഐ പറയുന്നു. രാജ്യത്ത് നിലവില്‍ 24 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും 33 ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുമാണ് പ്രവര്‍ത്തിക്കുന്നത്.
Post Your Comments