
ആലപ്പുഴ : മത്തിയെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ കുറിച്ച് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. ഇതോടെ മത്തിയെ കുറിച്ചുള്ള ആശങ്ക ഒഴിഞ്ഞു. മാര്‍ക്കറ്റുകളില്‍ വീണ്ടും മത്തിക്കു ഡിമാന്‍ഡ് കൂടി. കോക്കാല മത്തിയും കരിച്ചാളമത്തിയും നെയ് മത്തിയും വീണ്ടും മത്സ്യ വിപണി കീഴടക്കുകയാണ്. ഇടയ്ക്ക് അപ്രത്യക്ഷരായ വലകുടയുന്ന പൊങ്ങു വലക്കാരും റോഡരികുകളില്‍ വീണ്ടും സജീവമായി. എന്നാല്‍ ആശങ്ക ഒഴിഞ്ഞെങ്കിലും നെയ് മത്തി ലഭ്യത കുറഞ്ഞതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
മത്തിക്ക് അജ്ഞാത രോഗം ബാധിച്ചതായി സമൂഹ മാധ്യമങ്ങളില്‍ നടന്ന പ്രചാരണം മത്തി വിപണിയെ സാരമായി ബാധിച്ചിരുന്നു. മത്തിയുടെ കുടല്‍ ഭാഗങ്ങളില്‍ വെളുത്ത നിറത്തില്‍ ചെറിയ മുട്ടകള്‍ പോലെ തോന്നിക്കും വിധം രോഗം കാണപ്പെടുന്നതായി ചിത്രം ഉള്‍പ്പെടെയാണു പ്രചരിപ്പിച്ചത്. ഇതോടെ ഏറെ ആവശ്യക്കാരുള്ള മത്തിക്കു പകരം കൂടിയ വില നല്‍കി ആവോലി, നെമ്മീന്‍, ചൂര, കണവ എന്നീ മത്സ്യങ്ങള്‍ വാങ്ങുകയായിരുന്നു ആളുകള്‍. നെയ് മത്തി സുലഭമായിട്ടും ആര്‍ക്കും വേണ്ടാതിരുന്നതു മത്സ്യത്തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും വലിയ തിരിച്ചടിയായിരുന്നു.
Post Your Comments