കൊച്ചി: ഹാദിയയെ കാണാന്‍ അനുമതി നിഷേധിച്ച പിതാവ് അശോകനെതിരെയും കേസെടുക്കാൻ വിസമ്മതിച്ച പോലീസിനെതിരെയും കൊച്ചിയില്‍നിന്നുള്ള സാമൂഹിക പ്രവര്‍ത്തക വി.എം. സനീറ കോട്ടയം ജില്ല പൊലീസ് മേധാവിക്ക് പരാതി നല്കി.വീട്ടില്‍ സുരക്ഷിതയല്ലെന്നും പിതാവ് മര്‍ദിക്കുന്നതായും ഹാദിയ വെളിപ്പെടുത്തുന്ന വിഡിയോ കഴിഞ്ഞദിവസം രാഹുല്‍ ഇൗശ്വര്‍ വാര്‍ത്തസമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു. തന്നെ സന്ദര്‍ശിച്ച മറ്റു ചിലരോടും ഹാദിയ ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
ഇൗ പശ്ചാത്തലത്തിലാണ് സനീറ വെള്ളിയാഴ്ച രാവിലെ ഹാദിയയെ കാണാന്‍ എത്തിയത്. എന്നാൽ അശോകനും പോലീസും ഹദിയയെ കാണാൻ അനുവദിച്ചില്ലെന്നാണ് പരാതി. ഹാദിയയുടെ ജീവനു ഭീഷണിയുണ്ടെന്നും മർദ്ദിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ പൊലീസും അശോകനും നിഷേധിച്ചു. ഹാദിയയെ അന്യായ തടങ്കലില്‍നിന്ന് മോചിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടുമാണ് സനീറ പരാതിയുമായി വൈക്കം പൊലീസിനെ സമീപിച്ചത്. എന്നാല്‍, കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ ഇടപെടാനാവില്ലെന്ന് പറഞ്ഞ് പരാതി സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ച വൈക്കം പൊലീസിനെതിരെ നടപടി വേണമെന്നും ജില്ല പൊലീസ് മേധാവിക്ക് നല്കിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം രാഹുൽ ഈശ്വർ 2 മാസം മുൻപ് ഹദിയയുടെ വീട്ടിൽ ചെന്നപ്പോഴുള്ള വീഡിയോ ആയിരുന്നു രണ്ടു ദിവസം മുൻപ് പുറത്തു വിട്ടത്. ഇതിൽ താന്‍ ഇന്നോ നാളെയോ രണ്ടു ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടേക്കാം എന്നായിരുന്നു ഹാദിയ പറയുന്നത്.
Post Your Comments