കൊച്ചി: ഹാദിയയെ ഷെഫിന്‍ ജഹാനൊപ്പം വിട്ട കോടതി വിധി ചൂണ്ടിക്കാട്ടി ഇത്തരമൊരു വിധി പ്രസ്താവം മതാധിഷ്ഠിത ഭരണഘടന പിന്തുടരുന്ന രാജ്യത്ത് സാധ്യമാകുമോ എന്ന ചോദ്യമുയര്‍ത്തി എഴുത്തുകാരനും, സാമൂഹ്യ പ്രവര്‍ത്തകനുമായ ഹമീദ് ചേന്ദമംഗലൂര്‍. മതാധിഷ്ഠിത ഭരണഘടന പിന്തുടരുന്ന ഒരു രാജ്യത്തും ഇത്തരം പരിഗണന ലഭിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം സമകാലിക മലയാളത്തിലെഴുതിയ കോളത്തില്‍ വിലയിരുത്തുന്നു. സൗദി അറേബ്യ, ഇസ്ലാം മതത്തില്‍ അധിഷ്ഠിതമായ ഭരണഘടനയും നിയമക്രമവും നിലനില്‍ക്കുന്ന രാജ്യമാണത്.
അവിടെ ഒരു മുസ്ലിം സ്ത്രീക്ക് അന്യമതത്തില്‍പ്പെട്ട പുരുഷനെ ഭര്‍ത്താവായി സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമില്ല. മുസ്ലിം പുരുഷന് വേദക്കാരെ (ക്രൈസ്തവരേയോ ജൂതരേയോ) വിവാഹം കഴിക്കാന്‍ പഴുതുണ്ടെങ്കിലും ആ ദാമ്ബത്യത്തിലുള്ള കുട്ടികളെ മുസ്ലിങ്ങളായി വളര്‍ത്തണമെന്നത് അലംഘനീയ നിയമമാണ്.സെക്യുലര്‍ ഭരണഘടന സ്വയം വരിച്ച ഇന്ത്യയില്‍ ജനിച്ചു ജീവിക്കാന്‍ അവസരം കൈവന്ന ഹാദിയയും ഷെഫിന്‍ ജഹാനും വാസ്തവത്തില്‍ എത്ര ഭാഗ്യവാന്മാരാണ്.
ഇന്ത്യന്‍ പൗരന്മാരാകുന്നതിനു പകരം സൗദി അറേബ്യ പോലെ മതാധിഷ്ഠിത ഭരണഘടനയാല്‍ നിയന്ത്രിക്കപ്പെടുന്ന ഏതെങ്കിലും രാഷ്ട്രത്തിലെ പൗരന്മാരായിരുന്നു അവരെങ്കില്‍, മതപരിവര്‍ത്തനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വല്ല സ്വാതന്ത്ര്യവും അവര്‍ക്കനുഭവിക്കാനാകുമായിരുന്നോ?എന്നും അദ്ദേഹം ചോദിക്കുന്നു. മുസ്ലിം പെണ്ണിനു ഇതര മതത്തില്‍പ്പെട്ട വരന്മാര്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ നിഷിദ്ധമാകുമ്പോള്‍ പുരുഷന് കര്‍ശന ഉപാധികളോടെ ജൂത, ക്രൈസ്തവ സമുദായങ്ങളില്‍പ്പെട്ടവരെ വിവാഹം ചെയ്യാനുള്ള അനുമതി ലഭിക്കുന്നു.
വിവാഹ സ്വാതന്ത്ര്യ വിഷയത്തില്‍പ്പോലും സൗദി അറേബ്യ പോലുള്ള രാഷ്ട്രങ്ങളില്‍ ആണ്‍പെണ്‍ വിവേചനം മുഴച്ചു നില്‍ക്കുന്നു എന്നാണിത് കാണിക്കുന്നതെന്നും അദ്ദേഹം എഴുതുന്നു. സുപ്രീംകോടതിയില്‍നിന്നു അനുകൂല വിധി സമ്പാദിച്ച് കേരളത്തിലെത്തിയ ഹാദിയയ്ക്ക് വന്‍ സ്വീകരണം നല്‍കിയത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളായിരുന്നു. അവസരം കിട്ടുമ്പോള്‍ അവരോട് ഹാദിയ ആരായണം, ഇന്ത്യയിലെ മതേതര ഭരണഘടന തനിക്ക് നല്‍കിയ മതപരിവര്‍ത്തന സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള അവകാശങ്ങള്‍ ഇസ്ലാം മതാധിഷ്ഠിത ഭരണഘടനയില്‍നിന്നു തനിക്ക് പ്രതീക്ഷിക്കാനാകുമോ എന്ന്.-എന്നിങ്ങനെയാണ് ഹമീദ് ചേന്ദമംഗലൂരിന്റെ വിമര്‍ശനം.
അതെ സമയം അഖില-ഹാദിയ മതം മാറ്റവിവാഹക്കേസിനായി പോപ്പൂലര്‍ ഫ്രണ്ട് ചിലവാക്കിയത് ഒരു കോടിയോളം രൂപയാണെന്ന് കണക്കുകൾ പുറത്ത്. പോപ്പുലർ ഫ്രണ്ട് തന്നെയാണ് ഈ കണക്കുകൾ വെളിയിൽ വിട്ടത്. പോപ്പുലര്‍ ഫ്രണ്ട് പുറത്ത് വിട്ട കണക്ക് പ്രകാരം 99,52,324 രൂപ കേസിന് വേണ്ടി ചിലവാക്കിയിട്ടുണ്ട്. ഇതില്‍ 93,85,000 രൂപ കേസില്‍ വാദിച്ച മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ദുഷ്യന്ത് ദാവെ, ഇന്തിരാ ജൈസിംഗ്, മര്‍സൂക്ക് ബഫാക്കി എന്നിവര്‍ക്കാണ് നല്‍കിയത് .
തങ്ങളെപ്പറ്റി പരാമര്‍ശങ്ങള്‍ നടത്തിയ മുസ്ലീം സംഘടനകള്‍ക്ക് മറുപടി എന്ന രീതിയിലാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടതെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളാ ഘടകം നേതാവ് നസിറുദ്ദീന്‍ എളമരം പറഞ്ഞു. തങ്ങള്‍ അഖില ഹാദിയയുടെ കേസ് വഴി ഏതെങ്കിലും രീതിയില്‍ ലാഭമുണ്ടാക്കാന്‍ നോക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments