ന്യൂഡല്‍ഹി : ഇന്ത്യന്‍ പേനല്‍ കോഡില്‍ ചരിത്രപരമായ ഭേദഗതി വരുത്തി. ഒറ്റയടിക്ക് മൂന്ന് തലാഖും ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് (തലാഖ്-ഇ-ബിദ്ദത്ത്) ക്രിമിനല്‍ കുറ്റമാക്കും. ഇതിനായി ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി) ഭേദഗതിചെയ്യും.ഇതിനുള്ള ബില്‍ മന്ത്രിസഭയുടെ അനുമതിക്കുശേഷം പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കും. മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്നുവര്‍ഷത്തെ തടവ് ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. ഐ.പി.സി. 497-ാം വകുപ്പിന് തുടര്‍ച്ചയായി പുതിയൊരു ഉപവകുപ്പ്, 497(എ) കൂട്ടിച്ചേര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
അഞ്ചംഗബെഞ്ചിലെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹറും ജസ്റ്റിസ് എസ്. അബ്ദുള്‍ നസീറും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആറുമാസത്തിനുള്ളില്‍ നിയമം കൊണ്ടുവരണമെന്നാണ് നിര്‍ദേശിച്ചത്.ആറുമാസത്തിനകം നിയമം കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ നിരോധനം തുടരുമെന്ന് അതില്‍ വിശദീകരിക്കുകയുണ്ടായി. ന്യൂനപക്ഷവിധിയിലെ ഈ നിര്‍ദേശം, ഭൂരിപക്ഷവിധിയില്‍ നിരാകരിക്കുകയോ എതിര്‍ക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് നിയമഭേദഗതി. ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചപ്പോള്തന്നെ പുതിയ നിയമം കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
ഇതുസംബന്ധിച്ച് ചില കൂടിയാലോചനകള്‍ ആഭ്യന്തരമന്ത്രാലയത്തില്‍ നടന്നെങ്കിലും പ്രത്യേക നിയമം ആവശ്യമില്ലെന്ന തീരുമാനമാണ് ഒടുവില്‍ കൈക്കൊണ്ടത്.മറ്റു രണ്ടുതരത്തിലുള്ള തലാഖ് ചൊല്ലലിന്റെ കാര്യത്തില്‍ പ്രത്യേക നിയമം ഇല്ലാത്തസ്ഥിതിക്ക് ‘തലാഖ്-ഇ-ബിദ്ദത്ത്’ ന് മാത്രമായി പ്രത്യേക നിയമം ആവശ്യമില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച ഉപദേശം. ശരിയത്ത് പ്രകാരം മൂന്നുവിധത്തിലുള്ള തലാഖ് ചൊല്ലലാണുള്ളത്. ഇവയില്‍ ആദ്യത്തെ രണ്ടെണ്ണവും സുപ്രീംകോടതി നിരോധിച്ചിട്ടില്ല.
ഒറ്റടയിക്കുള്ള തലാഖ് ചൊല്ലലും വിവാഹം വേര്‍പെടുത്തലുമാണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. മുത്തലാഖ് ശിക്ഷാര്‍ഹമാക്കുംവിധം നിയമമുണ്ടാക്കിയാലേ തങ്ങളുടെ പോരാട്ടം പൂര്‍ണമാവൂ എന്ന് സുപ്രീംകോടതിയെ സമീപിച്ച ശായറാ ബാനോ, ഇസ്രത്ത് ജഹാന് എന്നിവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ നിയമമുണ്ടാക്കുമ്പോള്‍ ശരിയത്ത് നിയമങ്ങളും മുസ്ലിം സംഘടനകളുടെ ആശങ്കയും കണക്കിലെടുക്കണമെന്ന് ന്യൂനപക്ഷ വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഈ വിധിയുടെ പശ്ചാത്തലത്തില്‍ വിശദമായ കൂടിയാലോചനയും ചര്‍ച്ചയും നടത്തുന്നത് വിഷയം സങ്കീര്‍ണമാക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
Post Your Comments