Latest NewsIndia

ഫേസ്ബുക്ക് ഫ്രണ്ട് ഒന്നരലക്ഷം രൂപ പറ്റിച്ച് മുങ്ങി: നാലു മക്കളുള്ള വീട്ടമ്മയെ ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലി

സൈബര്‍ ഇടത്തിലെ വഞ്ചനയില്‍ ഫേസ്ബുക്ക് ഫ്രണ്ട് ഒന്നരലക്ഷം തട്ടിയെടുത്തതിന് പിന്നാലെ നാലു മക്കളുള്ള വീട്ടമ്മയെ ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലി. ഒഡീഷയിലെ കേന്ദ്രാപാഡ ജില്ലയിലെ ദേരാബിഷിയില്‍ ജാംറണ്‍ ബീവി എന്ന സ്ത്രീയെയാണ് 18 വര്‍ഷം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിച്ച്‌ ഭര്‍ത്താവ് ഷെയ്ഖ് റഷീദ് മൊഴി ചൊല്ലിയത്.

ഗുജറാത്തിലെ ഒരു വലിയ കമ്പനിയില്‍ ഉയര്‍ന്ന ജീവനക്കാരനാണ് ഷെയ്ഖ്. കഴിഞ്ഞ മാര്‍ച്ചിലാണ് അപരിചിതനായ ഒരാളുമായി ഫേസ്ബുക്കില്‍ ഇയാളുടെ ഭാര്യ ജാംറണ്‍ ബീവി പരിചയപ്പെട്ടത്. റാബി ശര്‍മ്മ എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. പിന്നീട് ഈ സൗഹൃദം വളരുകയും വലിയ അടുപ്പമായി മാറുകയും ചെയ്തു. ദിവസേനെയുള്ള നിരന്തര സംഭാഷണത്തിനിടയില്‍ ഒരു ദിവസം താന്‍ 25 ലക്ഷത്തിന്റെ ഒരു സമ്മാനം അയച്ചിട്ടുണ്ടെന്നും അത് വാങ്ങാന്‍ സര്‍വീസ് ചാര്‍ജ്ജായി 1.5 ലക്ഷം അയയ്ക്കാനും ഇയാള്‍ ജാംറണ്‍ ബീവിയെ അറിയിച്ചു.

ഉടന്‍ തന്നെ ജാംറണ്‍ ബീവി ഫോണ്‍പേ വഴി ബാങ്ക് അക്കൗണ്ടില്‍ കിടന്ന പണം അയച്ചു കൊടുക്കുകയൂം ചെയ്തു. സമ്മാനത്തിന് വേണ്ടി കാത്തിരുന്നിട്ടും വന്നില്ല. ഇതിനിടയില്‍ ഫ്രണ്ട് അപ്രത്യക്ഷമാകുകയും ചെയ്തതോടെയാണ് താന്‍ തട്ടിപ്പിന് ഇരയായ വിവരം ജാംറണ്‍ ബീവി മനസ്സിലാക്കിയത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. ജോലിക്കായി ഗുജറാത്തില്‍ കഴിയുന്ന ഷെയ്ഖ് വിവരമറിഞ്ഞപ്പോള്‍ ഭാര്യയോട് കടുത്ത ദേഷ്യമായി. താന്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ഭാര്യ നഷ്ടപ്പെടുത്തിയതറിഞ്ഞ ഉടന്‍ തന്നെ ഇയാള്‍ ഭാര്യയെ ഫോണ്‍ വിളിച്ച്‌ മുത്തലാക്ക് ചൊല്ലി.

ജാംറണിനും ഷെയ്ഖ് റഷീദിനും നാലു മക്കളുണ്ട്. മൊഴി ചൊല്ലിയതിന് പിന്നാലെ ഭാര്യയേയും മക്കളേയും ഇയാള്‍ വീട്ടില്‍ നിന്നു പുറത്താക്കുകയും ചെയ്തു. ഇതോടെ ഭര്‍ത്താവിനെതിരേയും ജാംറണ്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. രണ്ടു പരാതിയിലും പോലീസ് അന്വേഷണം നടത്തുകയാണ്. തനിക്കും മക്കള്‍ക്കും ജീവിക്കാനുള്ള പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഭർത്താവിനെതിരെ ഇവരുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button