കാളികാവ്: ഒരു കല്യാണത്തിന്റെ ബാധ്യത തീര്‍ക്കാന്‍ മറ്റൊരു കല്യാണം. അങ്ങനെ അങ്ങനെ ഏഴുകല്യാണം. ഏഴാമത്തതിന്റെ ബാധ്യത തീര്‍ക്കാന്‍ എട്ടാമത്തെ കല്യാണത്തിനൊരുങ്ങവേ ഒരു ഭാര്യ ഇടങ്കോലിട്ടു.
കാളികാവ് പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞദിവസം രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഭര്‍ത്താവ് കബളിപ്പിച്ചു എന്നപരാതിയില്‍ കുറ്റിപ്പുറം സ്വദേശിയെ കരുവാരക്കുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് കല്യാണക്കഥകളുടെ ചുരുളഴിയുന്നത്. കരുവാരക്കുണ്ടിലെ ഭാര്യവീട്ടില്‍നിന്ന് പിടികൂടിയ ഇയാളെ കാളികാവ് പോലീസിന് കൈമാറി.
ഭര്‍ത്താവ് പിടിയിലായ വിവരമറിഞ്ഞ് ഭാര്യമാര്‍ ഒന്നൊന്നായി സ്റ്റേഷനിലെത്തി. പലര്‍ക്കും പരസ്പരമറിയില്ല. കാളികാവിലെ ഭാര്യയായിരുന്നു പരാതിക്കാരി. വിവാഹസമയത്തുനല്‍കിയ 50,000 രൂപയും വിദേശത്തേക്കുപോകാന്‍ ടിക്കറ്റിനുനല്‍കിയ 30,000 രൂപയും തിരിച്ചുതന്നാല്‍ പരാതി പിന്‍വലിക്കാമെന്ന്് അവരറിയിച്ചു.
ഭര്‍ത്താവിന്റെ കൈയിലാണെങ്കില്‍ പണമില്ല. പക്ഷേ, എണ്‍പതിനായിരമല്ല ഒരുലക്ഷംതന്നെ താന്‍ തരാമെന്ന് വിവാഹദല്ലാള്‍ പറഞ്ഞു. പിന്നീടാണ് ദല്ലാളിന്റെ സ്നേഹത്തിന്റെ കാരണം വെളിപ്പെടുന്നത്. ഈ കുരിശൊന്നു തീര്‍ത്തിട്ടുവേണം ഇയാളെക്കൊണ്ട് വയനാട്ടില്‍ എട്ടാമത്തെ കെട്ടുകൂടി കെട്ടിക്കാന്‍. ആമപ്പൊയില്‍ സ്വദേശിയായ ദല്ലാളിനും കിട്ടും വലിയൊരു തുക. വന്‍തുക കിട്ടുമെന്നായതോടെ ഏഴാംഭാര്യ പരാതി പിന്‍വലിച്ചു.
ഇതിനിടയില്‍ മറ്റുഭാര്യമാര്‍ പോലീസ് സ്റ്റേഷനില്‍വെച്ച് പരസ്പരം പരിചയപ്പെട്ടു. ചിലര്‍ സ്നേഹം പങ്കുവെച്ചു. ചിലര്‍ മുഖംതിരിച്ചു. ഒടുവില്‍ പരാതിക്കാരിയായ ഭാര്യയെ ഒഴിവാക്കി മറ്റുള്ളവര്‍ ഭര്‍ത്താവിനുപിന്നാലെ സ്റ്റേഷനില്‍നിന്ന് ഇറങ്ങിപ്പോയി, ഒന്നും സംഭവിക്കാത്തമട്ടില്‍.
ഒരു കല്യാണം കഴിച്ച് കുട്ടിയുണ്ടാകുന്നതോടെ സാമ്പത്തികപ്രശ്നങ്ങള്‍ തുടങ്ങും. അതുപരിഹരിക്കാന്‍ മറ്റൊരു കല്യാണം കഴിക്കും. ഇതാണ് ഇയാളുടെ രീതിയെന്നാണ് പോലീസ് പറയുന്നത്. പരാതിയില്ലാത്തതിനാല്‍ പോലീസിനും ഒന്നുംചെയ്യാനില്ലാതായി. ഏതായാലും പെട്ടു, ഇനി കെട്ടിയോന്റെകൂടെ തുടരാമെന്നാണ് ഭാര്യമാരുടെയും തീരുമാനം. ദല്ലാളും മോശമല്ല, ഒന്നിലേറെ ഭാര്യമാരുണ്ട് ഇയാള്‍ക്കുമെന്നാണ് പോലീസ് പറയുന്നത്.
Post Your Comments