KeralaLatest NewsNews

കോളേജ് അദ്ധ്യാപക നിയമനത്തിന് ലക്ഷങ്ങളുടെ കോഴ ; പണപിരിവിന് പ്രത്യേകം ഓഫീസ്

 

തിരുവനന്തപുരം: കോളേജ് അധ്യാപക നിയമനത്തിന് ലക്ഷങ്ങളുടെ കോഴ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കോളജുകളില്‍ അധ്യാപക നിയമനത്തിന് ഹോട്ടല്‍ മുറിയില്‍ ഓഫീസൊരുക്കി കോഴപ്പിരിവ്. ബോര്‍ഡിലെ പ്രമുഖന്‍ നേതൃത്വം നല്‍കുന്ന പണപ്പിരിവിന് അടുത്തിടെ ബോര്‍ഡില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥന്റെ ചുമതലയിലാണ് ഹോട്ടല്‍ മുറി ഓഫീസാക്കിയത്.

30 ലക്ഷം മുതലാണു കോഴ. കൂടുതല്‍ പണം നല്‍കുന്നവര്‍ക്കു നിയമനം കിട്ടും. ഇതിന്റെ സൗകര്യത്തിനു വേണ്ടി എഴുത്തുപരീക്ഷ ഒഴിവാക്കി. ശേഷിക്കുന്നത് അഭിമുഖം മാത്രം.

ദേവസ്വം ബോര്‍ഡിനു കീഴിലുള്ള നാലു കോളജിലും ഒഴിവുകളുണ്ട്. ഇതില്‍ കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലേക്കുള്ള അഭിമുഖം നടക്കുകയാണ്. തുടര്‍ന്ന് മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളിലേക്ക് അഭിമുഖം നടത്തും. കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ശാസ്താംകോട്ട, എരമല്ലിക്കര എന്നീ കോളജുകളില്‍ ഹിന്ദി, കൊമേഴ്‌സ്, ഫിസിക്‌സ്, മലയാളം, ഹിസ്റ്ററി വിഷയങ്ങളിലാണ് ഒഴിവുകള്‍. മലയാളത്തിലും ഫിസിക്‌സിലും ഒന്നിലധികം ഒഴിവുകളുണ്ട്.

അഡ്വ. രാജഗോപാലന്‍ നായര്‍ ബോര്‍ഡ് ചെയര്‍മാനായിരിക്കെ കോളജ് അധ്യാപകനിയമനത്തിനു മാനദണ്ഡങ്ങള്‍ തയാറാക്കിയിരുന്നു. ഹൈക്കോടതി അംഗീകരിക്കുകയും ചെയ്ത ഈ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായാണ് ഇപ്പോഴത്തെ നിയമന നടപടികള്‍.

എഴുത്തു പരീക്ഷ ഒഴിവാക്കാനും അഭിമുഖം മാത്രം മതിയെന്നുമാണ് തീരുമാനം. 45 പേരാണ് നിയമനത്തിനായി അപേക്ഷിച്ചത്. അടുത്തിടെ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ തസ്തികയില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥനാണ് പിരിവിന്റെ ചുമതല. ഇതിനായി തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് ഒരു ഹോട്ടലിലെ മുറിയെ ഓഫീസാക്കി മാറ്റി.

കോഴയുടെ നിശ്ചിത ശതമാനം കമ്മിഷനായി എടുത്തശേഷം ബാക്കി തുക ബോര്‍ഡിലെ പ്രമുഖനു നല്‍കണമെന്നാണു വ്യവസ്ഥ. അഭിമുഖം മാത്രമായതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി. 20 മാര്‍ക്കിനാണ് അഭിമുഖം. ബോര്‍ഡിന്റെ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരും വകുപ്പു മേധാവികളുമൊക്കെയാകും അഭിമുഖം നടത്തുക. ഇവരെ എളുപ്പം സ്വാധീനിക്കാമെന്നാണു കണക്കുകൂട്ടല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button