അഹമ്മദാബാദ്: ബിജെപി തന്നെ ഒരു കോടി രൂപയ്ക്ക് വിലയ്ക്കെടുക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ത്തി പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ വലംകൈ നരേന്ദ്ര പട്ടേല്‍. ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ സംവരണമാവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ള സുപ്രധാന പങ്ക് വഹിക്കുന്നയാളാണ് നരേന്ദ്ര. ഞായറാഴ്ച വൈകുന്നേരം നരേന്ദ്ര ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
ഹാര്‍ദിക്കിന്റെ അടുത്ത അനുയായിയും ബി.ജെ.പിയില്‍ ചേര്‍ന്ന വരുണ്‍ പട്ടേലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നരേന്ദ്ര ബി.ജെ.പയില്‍ ചേര്‍ന്നത്. എന്നാലിതൊരു നാടകമായിരുന്നെന്ന് നരേന്ദ്ര പറഞ്ഞു. ഒരു കോടി രൂപ വാഗ്ദാനം ചെയ്തത് വരുണ്‍ പട്ടേലാണ്. അതില്‍ 10 ലക്ഷം രൂപ തനിക്ക് കൈമാറി. ബാക്കി 90 ലക്ഷം രൂപ അടുത്ത ദിവസം നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. ബി.ജെ.പിയുടെ കള്ളക്കളി പുറത്ത് കൊണ്ടുവരുന്നതിന് വേണ്ടിയാണ് പണം സ്വീകരിച്ചതെന്ന് നരേന്ദ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒരു കോടിയല്ല, റിസര്‍വ് ബാങ്ക് മുഴുവന്‍ തരാമെന്ന് പറഞ്ഞാലും തന്നെ വിലയ്ക്ക് വാങ്ങാനാവില്ലെന്നും നരേന്ദ്ര പറഞ്ഞു. അതേസമയം, വരുണ്‍ പട്ടേല്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്. ആരോപണം അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസിന്റെ കള്ളക്കളി മനസിലാക്കിയ പട്ടേല്‍ സമൂഹം ബി.ജെ.പിയിലേക്ക് മടങ്ങിപ്പോകുമെന്ന് അവര്‍ ഭയക്കുന്നതായും വരുണ്‍ പറഞ്ഞു.
പട്ടേല്‍ സമരം കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്യുന്നു എന്നാരോപിച്ചാണ് വരുണ്‍ പട്ടേല്‍ നേരത്തേ ബിജെപിയില്‍ എത്തിയത്. നരേന്ദ്ര പട്ടേലിന്റെ പുതിയ ആരോപണവും കോണ്‍ഗ്രസ് പിന്നില്‍ നിന്നും നയിക്കുന്ന തന്ത്രമാണെന്നാണ് വരുണ്‍ പട്ടേല്‍ പറയുന്നത്.
Post Your Comments