അഴകിന്റെ റാണിമാരായി ഇരിയ്ക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. മാറി മാറി വരുന്ന ഫാഷന്‍ ട്രെന്റുകള്‍ക്കിടയില്‍ ഇന്നും തയെടുപ്പോടെ നില്‍ക്കുന്ന ഒന്നാണ് മൈലാഞ്ചി. ഒരുകാലത്ത് മൈലാഞ്ചി മുസ്ലീം വിഭാഗക്കാര്‍ മാത്രം കൈയടക്കിവെച്ചിരുന്ന ഒന്നായിരുന്നു. മൈലാഞ്ചി കല്യാണം. എന്നാല്‍ ഇന്ന് അത് കോളേജ് പെണ്‍കുട്ടികള്‍ അടക്കമുള്ള യുവത്വങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമായി മാറിക്കഴിഞ്ഞു കല്ല്യാണം പോലെയുള്ള എല്ലാ വിശേഷങ്ങള്‍ക്കും മൈലാഞ്ചി ഒരു ഒരുഅഭിവാജ്യഘടകമായി മാറി.
മണവാട്ടിയുടെ കൈകളും കാലുകളും മൈലാഞ്ചികൊണ്ട് അലങ്കരിക്കുന്നത് എല്ലാമതവിഭാഗക്കാരും ഇന്ന് ആഘോഷമാക്കി മാറ്റുകയാണ്. വരാന്‍ പോകുന്ന സന്തോഷംനിറഞ്ഞ ദിനങ്ങളുടെ തുടക്കം. എന്നാല്‍ മൈലാഞ്ചി കൈകള്‍ക്ക് മാത്രമല്ല മൊഞ്ചേകുന്നത്. കാലുകളിലും മൈലാഞ്ചിക്ക് നല്ല ഭംഗിതന്നെയാണ്. പാദങ്ങളില്‍ മൈലാഞ്ചിയിടുന്നതാണ് ഇന്ന് ട്രെന്‍റായി മാറിക്കൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ ചിത്രപനികളില്‍ കാലുകളില്‍ തീര്‍ക്കുന്ന മനോഹാരിത ഒന്ന് കാണേണ്ടത് തന്നെ.
തൊടിയിലെ മൈലാഞ്ചിച്ചെടിയിലെ ഒരിലപോലും വയ്ക്കാതെ നുള്ളിയെടുത്ത് അല്പം പച്ചമഞ്ഞളുംചേര്‍ത്തരച്ചു കൈയില്‍ ഓണപ്പൂക്കളം പോലെയിടുന്ന ഡിസൈനില്‍ നിന്നു തുടങ്ങിയ മൈലാഞ്ചി ഇന്ന് ബ്യൂട്ടിഷന്റെ കരങ്ങളുടെ ഭംഗി മുഴുവന്‍ ആവശ്യപ്പെടുന്നു. വീട്ടിലെ ഇലയരച്ച മൈലാഞ്ചിയില്‍ നിന്നും കടകളിലെ പാക്കറ്റുകള്‍ക്ക് മാര്‍ക്കറ്റ് ഏറി. കോണിന്‍റെ രൂപത്തിലേക്കു വഴിമാറിയ മൈലാഞ്ചി ഗ്രാമങ്ങളിലുള്ള ലേഡീസ് സ്റ്റോറുകളില്‍ വരെ ലഭ്യമായി. പാല്‍വെള്ള നിറമുള്ള കൈവെള്ളയില്‍ മൈലാഞ്ചി ചുവപ്പ് നല്‍കുന്ന അഴക് പെണ്‍കൊടിക്ക് എത്രവര്‍ണിച്ചാലും മതിയാവുകയില്ല.
ഹെന്ന എന്ന അറബ് വാക്കില്‍ നിന്നാണ് മൈലാഞ്ചിയുടെ ഉത്ഭവം. ചുവപ്പുനിറത്തിന്‍റെ വശ്യതയില്‍ മാത്രം നിറഞ്ഞുനിന്ന മൈലാഞ്ചിയ്ക്ക് ഇന്ന് സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും പകിട്ടുകൂടി കൈവന്നിരിക്കുകയാണ്. സില്‍വര്‍, ഗോള്‍ഡന്‍ നിറങ്ങള്‍കൂടി ചേര്‍ത്ത മൈലാഞ്ചി കോണുകള്‍ക്കാണ് ഇപ്പോള്‍ മണവാട്ടിമാര്‍ക്കിടയില്‍ ഡിമാന്‍റ്. സ്വര്‍ണം, വെള്ളിനിറത്തിലുള്ള മെറ്റാലിക് പൌഡര്‍ മൈലാഞ്ചിയില്‍ എളുപ്പത്തില്‍ കലരും.അതിനാല്‍ മൈലാഞ്ചിയും മെറ്റാലിക് നിറങ്ങളും വേറിട്ട് നില്‍ക്കുമെന്ന ഭയം വേണ്ട.
ഇടയ്ക്ക് ചുവപ്പ് അതിനിടയില്‍ ചുവപ്പിന്‍റെ തെളിമകൂട്ടാന്‍ സില്‍വര്‍ അല്ലെങ്കില്‍ ഗോള്‍ഡ്. ഇത് കൈകള്‍ക്കും കാലുകള്‍ക്കും ചിയര്‍ അപ് ലുക്ക് നല്‍കുന്നു. വിവാഹവസ്ത്രത്തിന്‍റെ നിറത്തിനോടും ആഭരണങ്ങളോടും ചേര്‍ന്നു നില്‍ക്കുന്ന രീതിയില്‍ മെറ്റാലിക് നിറങ്ങള്‍ കൂട്ടി യോജിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം.
വെറും ഭംഗിയ്ക്ക് മാത്രമുള്ള ഒന്നല്ല മൈലാഞ്ചി. തൊലിപ്പുറത്തുണ്ടാകുന്ന ഫംഗസ് രോഗങ്ങൾക്ക് വളരെ ഫലപ്രദമായ മരുന്നാണ് മൈലാഞ്ചി. താരനും മൈലാഞ്ചി നല്ലതാണ്.
Post Your Comments