Latest NewsKeralaNews

സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് അദ്ധ്യാപികയെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു:നിയമ നടപടിയിലേക്ക്

ആലപ്പുഴ: സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് വിജയ കിരീടം നേടിയ അദ്ധ്യാപികയെ ജോലിയില്‍ നിന്നും മാനേജ്മെൻറ് പിരിച്ചുവിട്ടു. അദ്ധ്യാപിക നിയമ നടപടിയിലേക്ക്.ചേര്‍ത്തല കെ വി എം ട്രസ്റ്റിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കോളേജില്‍ നിന്നാണ് അരീപ്പറമ്പ് സ്വദേശിയും കോളേജിലെ ഇംഗ്ലീഷ് വിഭാഗം വകുപ്പ് മേധാവിയുമായ പ്രൊഫസര്‍ അനിത ശേഖറിനെ കെ വി എം ട്രസ്റ്റ് മാനേജ്മെന്‍റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. സര്‍വ്വീസ് നിയമങ്ങള്‍ കാറ്റില്‍ പറത്തിയും സ്ത്രീത്വത്തിന്‍റെ അന്തസ്സും സ്വാതന്ത്ര്യവും ചോദ്യം ചെയ്യുന്ന കെ വി എം ട്രസ്റ്റ് മാനേജ്മെന്‍റിന്‍റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രൊഫ.അനിത ശേഖര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കൊച്ചിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ഫെബ്രുവരി 24 ന് നടന്ന ജി എന്‍ ജി മിസിസ് കേരള- ദി ക്രൗണ്‍ ഓഫ് ഗ്ലോറി സീസണ്‍ വണ്‍ ന്‍റെ ഗ്രാന്‍റ് ഫിനാലെയിലാണ് അനിത ശേഖര്‍ പങ്കെടുത്ത് മിസിസ് ഇന്‍സ്പിറേറ്റ് -2024, ടൈം ലൈസ്സ് ബ്യൂട്ടി എന്നീ കിരീടങ്ങള്‍ കരസ്ഥമാക്കിയത്. എന്നാല്‍ പുരസ്ക്കാരങ്ങള്‍ നേടി കോളേജിലെത്തിയ അനിത ശേഖറിനെ യാതൊരു മുന്നറിയിപ്പുമില്ലാതെ അന്തര്‍ദേശീയ വനിതാ ദിനത്തില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. കോളേജ് അധികൃതരുടെ അനുമതിയോടെയാണ് മത്സരത്തില്‍ പങ്കെടുത്തത്. സഹപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ്ണ സമ്മതത്തോടെയാണ് മത്സരത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഒരു കാരണവും കാണിക്കാതെ തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട മാനേജ്മെന്‍റ് നടപടി ജനാധിപത്യ വിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് അനിത ശേഖര്‍ പറഞ്ഞു.

മാനേജ്മെന്‍റ് ഈ നടപടി തിരുത്തണം. മേലില്‍ ഇത്തരത്തിലുള്ള ദുരനുഭവം ആര്‍ക്കും ഉണ്ടാവരുത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത അപമാനകരമായ സംഭവം പൊതു സമൂഹം അറിയേണ്ടതാണ്. ഒരു സ്ത്രീയുടെ അവകാശത്തെയും പൊതു സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെയും അവഹേളിക്കുന്ന മാനേജ്മെന്‍റ് നടപടിക്കെതിരെ വനിതാ കമ്മീഷനെയും വിദ്യാഭ്യാസ വകുപ്പിനെയും സമീപിക്കുമെന്നും പ്രൊഫസര്‍ അനിത ശേഖര്‍ അറിയിച്ചു.

വിവരങ്ങൾക്ക്: പി.ആർ.സുമേരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button