വാരണാസി : മേക് ഇൻ ഇന്ത്യ പദ്ധതിയെ ആസ്പദമാക്കി വേസ്റ്റ് പേപ്പര്‍ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ എൻവലപ് നിർമിച്ചു തന്‍റെ നാലാമത്തെ ഗിന്നസ്സ് നേട്ടം കൈവരിച്ചിരിക്കുകയാണ് വാരാണസി നിവാസിയും മലയാളിയുമായ ഡോ. ജഗദീഷ് പിള്ള. ഈ നേട്ടത്തോടു കൂടി ഏറ്റവും കൂടുതൽ ഗിന്നസ്സ് റെക്കോർഡുകൾ സ്വന്തമായുള്ള മലയാളി, പ്രധാന മന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കിയ ഏക വ്യക്തി, കൂടാതെ ഉത്തർ പ്രദേശിലെ ഏറ്റവും കൂടുതൽ ഗിന്നസ്സ് റെക്കോർഡുകൾ സ്വന്തമായുള്ള വ്യക്തി എന്ന ബഹുമതികളും ഇനി മലയാളിയായ ജഗദീഷിന് സ്വന്തം.
അലിഗഡ് മുസ്ലിം സർവകലാശാല സ്വന്തമാക്കിയിരുന്ന 3042 Sq. Ft. എന്ന അളവിലെ എന്‍വലോപ് ആണ് ഡോ. ജഗദീഷ് പിള്ള 3948 Sq. Ft. എന്ന അളവില്‍ നിര്‍മ്മിച്ച് സ്വന്തം പേരിലാക്കിയത്. വാരണാസിയിലെ പല വ്യാവസായിക സംരംഭങ്ങളില്‍ നിന്നും ശേഖരിച്ച വേസ്റ്റ് പേപ്പര്‍ ഉപയോഗിച്ചാണ് മേക് ഇന്‍ ഇന്ത്യ ഈ ഭീമൻ ഇൻവെലപ് നിർമിച്ചിരിക്കുന്നത്. ഉത്തർ പ്രദേശ് വ്യാവസായിക വകുപ്പ് വ്യാവസായിക മാലിന്യങ്ങളുടെ ഗുണ ദോഷങ്ങൾ അവലോകനം ചെയ്യാൻ സംഘടിപ്പിച്ച പരിപാടിയിലാണ് ജഗദീഷ് തന്‍റെ ഈ ഭീമൻ എൻവലപ് അവതരിപ്പിച്ചത്. വാരണാസി ജില്ലാ കളക്ടർ ശ്രി യോഗേശ്വർ റാം മിശ്ര (IAS) സർട്ടിഫിക്കറ്റ് പ്രകാശനം ചെയ്തു.
അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 നു ,കഴിഞ്ഞവർഷം യോഗയുടെ ഗുണങ്ങൾ വർണിച്ചു ജഗദീഷ് ലോകത്തിലെ ഏറ്റവും വലിയ എൻവലപ് നിർമിച്ചിരുന്നു . എന്നാൽ ചില ഗിന്നസ് നിയമങ്ങൾ പാലിച്ചില്ല എന്ന കാരണത്താല്‍ ഗിന്നസ്സ് അധികൃതർ ഈ ശ്രമത്തെ റദ്ദ് ചെയ്തു. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ആനിമേഷന്‍ മൂവി നിര്‍മ്മിച്ച് ലോകം മുഴുവന്‍ ബ്രോഡ്‌കാസ്റ്റ് ചെയ്തു ഒരു കനേഡിയന്റെ റെക്കോര്‍ഡ് ബ്രേക്ക് ചെയ്തു കൊണ്ടായിരുന്നു ആദ്യത്തെ ഗിന്നസ് നേട്ടം. പിന്നെ ബേട്ടി ബച്ചാവോ ബേട്ടി പടാവോ, മൂന്നാമതായി ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റ് കാര്‍ഡുകളുടെ വലിയ നിര നിരത്തി ചൈനയുടെ റെക്കോര്‍ഡ് ബ്രേക്ക് ചെയ്തു. ഇപ്പോൾ നാലാമതും റെക്കോഡ് കരസ്ഥമാക്കി.
ഈ പ്രയാണം ഇവിടെ അവസാനിക്കുന്നില്ല, നമാമി ഗംഗെയും, സ്വച്ഛ ഭാരതവും ആസ്പദമാക്കി അടുത്ത ഗിന്നസ് നേട്ടത്തിന് തയ്യാറെടുക്കുകയാണ് ഇദ്ദേഹം ഇപ്പോൾ. ഡോ. ജഗദീഷ് പിള്ള വര്‍ക്കല സ്വദേശിയായ ശ്രീ പരമേശ്വരന്‍ പിള്ളയുടെയും, ബേബി സരോജത്തിന്റെയും മകനാണ്. ഭാര്യ ശ്രീലത, മക്കള്‍ കാര്‍ത്തിക്കും, പ്രണവും.
Post Your Comments