ഇടുക്കി: കള്ളന്മാർക്ക് മാതൃകയുമായി മനസ്സിൽ നന്മയുള്ള ഒരു കള്ളൻ. പണമില്ലാത്ത പേഴ്സ് മോഷ്ടിച്ചുവെങ്കിലും കിട്ടിയ വിലപ്പെട്ട രേഖകള്‍ തിരികെ നല്‍കിയിരിക്കുകയാണ് ഈ കള്ളൻ. വളരെ ബുദ്ധിമുട്ടി മോഷ്ടിച്ച പേഴ്സ് കണ്ട് കള്ളൻ ആദ്യമൊന്ന് ഞെട്ടി. ആ പഴ്സിൽ ആകെ ഉണ്ടായിരുന്നത് ഉടമയുടെ വിലപ്പെട്ട രേഖകള്‍ മാത്രമായിരുന്നു. ഒരു രൂപപോലും അതിൽ ഇല്ലായിരിക്കുന്നു.
തുടർന്നാണ് പഴ്സിലുണ്ടായിരുന്ന വിലപ്പെട്ട രേഖകള്‍ ഉടമയ്ക്ക് കള്ളന് തപാലില്‍ തിരിച്ചയച്ചത്. വിലപ്പെട്ട രേഖകള്‍ തപാലിലൂടെ കൂലിയടച്ച് വാങ്ങേണ്ടി വന്നത് ബെംഗളുരുവില്‍ ബിരുദ വിദ്യാര്‍ത്ഥിയായ ഹരിശങ്കറിനാണ്. കള്ളന് അടിച്ചുമാറ്റിയത് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എടിഎം കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ അടങ്ങിയ പഴ്സ് ആണ്.
ഹരിശങ്കര്‍ പണം പഴ്സിനുള്ളില്‍ സൂക്ഷിക്കാതെ പാന്റിന്റെ രഹസ്യ അറയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇതാണ് കള്ളന് വിനയായത്. രേഖകള്‍ നഷ്ടപ്പെട്ട വിഷമത്തില്‍ കഴിയുന്നതിനിടയിലാണ് പോസ്റ്റ്മാന് കൂലിയടിച്ചു വന്ന ഒരു കവറുമായി ഹരിശങ്കറിനെ അന്വേഷിച്ചെത്തിയത്. ഊരും പേരുമില്ലാതെ എത്തിയ കത്ത് പണം അടച്ചെങ്കിലേ കിട്ടുകയുള്ളു എന്നതിനാല്‍ ആദ്യം ഹരിശങ്കര്‍ ഒന്ന് മടിച്ചുവെങ്കിലും അവസാനം രണ്ടും കല്‍പ്പിച്ച് വാങ്ങിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. ഒരു രേഖകള്‍ പോലും നഷ്ടപ്പെടുത്താതെ എല്ലാം ഭദ്രമായി ആ കവറില്‍ ഉണ്ടായിരുന്നു.
Post Your Comments