
പത്തനംതിട്ട: മറ്റൊരു പണിയും ഇല്ലാത്തതുകൊണ്ടാണു മലയാളികൾ സമൂഹമാധ്യമങ്ങളിൽ ട്രോളുകളുമായി രംഗത്തെത്തുന്നത് എന്നും ആരിതൊക്കെ ശ്രദ്ധിക്കുന്നുവെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. എല്ലാവരും പങ്കു വച്ചു ജീവിക്കുക എന്ന മോദിയുടെ ആശയം രാജ്യവ്യാപകമായി ആളുകൾ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ, ഞാനും എന്റെ പിള്ളേരും എന്നതാണു മലയാളിയുടെ ചിന്ത. അതിനപ്പുറം ഒരു ലോകം അവർക്കില്ലെന്നും കണ്ണന്താനം പറഞ്ഞു.
കാശുള്ളവർ പാവപ്പെട്ടവരെക്കുറിച്ചു കൂടി ചിന്തിക്കണം. 67% പേർക്കു കക്കൂസ് ഇല്ല എന്നു പറയുന്നത് എന്തൊരു നാണക്കേടാണ്.ഒരു ശതമാനം പേർ മാത്രമാണു നേരത്തെ നികുതി കൊടുത്തിരുന്നത്. നമ്മൾ അത്ര മാന്യന്മാരൊന്നുമല്ല. തട്ടിപ്പും വെട്ടിപ്പും ആണു നടത്തിക്കൊണ്ടിരുന്നത്. അതിനു തടയിടുമ്പോൾ എതിർപ്പുണ്ടാവും. സാമ്പത്തികമാന്ദ്യം ഉണ്ടാവാം. ഏതൊരു വിപ്ലവകരമായ മാറ്റം വരുമ്പോഴും ഇത്തരത്തിലുള്ള ചെറിയ കടമ്പകൾ സ്വാഭാവികമാണ്.
ഒരു പക്ഷെ ആളുകൾ കണ്ണന്താനത്തിനു വട്ടാണെന്ന് പറഞ്ഞെന്നു വരാം. പരിഹസിക്കുമായിരിക്കാം , എന്നാലും ഞാൻ മോദിയുടെ സ്വപ്നങ്ങളെ കുറിച്ചും മറ്റും പറയും. ഒരു പണിയുമില്ലാത്തവർ ട്രോളുകളുമായും മറ്റും രാവിലെ തന്നെ സമൂഹ മാധ്യമങ്ങളിൽ വരികയാണ്. പക്ഷെ എല്ലാവരും അത്തരക്കാരാണെന്നു ഞാൻ പറയുന്നില്ല. പരിഹാസങ്ങൾ തമാശയായാണ് ഞാൻ കാണുന്നതെന്നും കണ്ണന്താനം പറഞ്ഞു.
Post Your Comments