ശ്രീനഗര്‍: ജമ്മു കാശ്മീരീലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലശ്കറെ ത്വയിബ കമാന്‍ഡര്‍ വസീം ഷാ കൊല്ലപ്പെട്ടു. ഭീകരവാദികളുട സുരക്ഷാ താവളമായി അറിയപ്പെടുന്ന പുല്‍വാമയിലെ ലിറ്റര്‍ പ്രദേശത്തുവെച്ചാണ് അബു ഒസാമ ഭായ് എന്ന് അറിയപ്പെടുന്ന ഷാ വധിക്കപ്പെട്ടത്. നാല് വര്‍ഷത്തിനിടെ ലിറ്റര്‍ പ്രദേശത്ത് നടക്കുന്ന ആദ്യത്തെ ഓപറേഷനാണിത്. ഷോപ്പിയാന്‍ നിവാസിയായ ഷാ കോളജ് പഠനം ഉപേക്ഷിച്ച് 2014ലാണ് ലശ്കറില്‍ ചേര്‍ന്നത്. പഴക്കച്ചവടം നടത്തിയിരുന്ന കുടംബത്തില്‍ നിന്നും വന്ന ഷാ സ്കൂള്‍ പഠനകാലത്തു തന്നെ ലശ്കര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. സൗത്ത് കശ്മീരിലെ അസ്വസ്ഥതകളുടെ പ്രധാന ശില്പി ഷായാണെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.
സംഘടനയിലെ മറ്റൊരു നേതാവായ ഹഫീസ് നിസാറിനെയും കൊലപ്പെടുത്തിയതായി സുരക്ഷാ സേന വൃത്തങ്ങള്‍ അറിയിച്ചു. ദിവസങ്ങളായി സേനയുടെ നിരീക്ഷണത്തിലായിരുന്നു 23കാരനായ ഷാ എന്നാണ് കരുതപ്പെടുന്നത്. സുരക്ഷാ സേനയുടെ പിടിയില്‍ അകപ്പെട്ടെന്ന് അറിഞ്ഞ് ലിറ്ററിലെ ഒളിത്താവളത്തില്‍ നിന്നും ബോഡിഗാര്‍ഡായ നിസാര്‍ അഹമ്മദിനൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സി.ആര്.പി.എഫും ആര്‍മിയും ചേര്‍ന്ന് പ്രദേശം വളഞ്ഞിരുന്നതിനാല്‍ രക്ഷപ്പെടാനായില്ല. സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന്റെയും ചുമതല വഹിച്ചിരുന്ന വസീം ഷായുടെ തലക്ക് 10 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചിരുന്നത്.
Post Your Comments