ലാഹോർ: അഞ്ച് മാസം മുമ്പ് കേന്ദ്രം തീവ്രവാദിയായി പ്രഖ്യാപിച്ച ഹിസ്ബുൾ മുജാഹിദീൻ ‘ടോപ്പ് റാങ്കിംഗ് കമാൻഡർ’ ഇംതിയാസ് ആലം എന്ന ബഷീർ അഹമ്മദ് പിർ വെടിയേറ്റ് മരിച്ചു. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് ആയിരുന്നു ഇയാളുടെ മരണം. ഫെബ്രുവരി 20 ന് വൈകുന്നേരം ഇസ്ലാമാബാദിലെ റാവൽപിണ്ടി ഏരിയയിലെ ഒരു കടയ്ക്ക് പുറത്ത് നിൽക്കുമ്പോൾ അക്രമികൾ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീന്റെ അടുത്തയാളാണ് ആലം. നിലവിൽ, നുഴഞ്ഞുകയറ്റ വഴികൾ കണ്ടെത്തി ലോജിസ്റ്റിക്സ് നൽകിക്കൊണ്ട് കശ്മീരിലേക്ക് പുതിയ റിക്രൂട്ട്‌മെന്റുകളെ അയയ്‌ക്കുന്നതിന്റെ ചുമതല ‘കമാൻഡർ’ ആലത്തിന് ആയിരുന്നു. വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിലെ ബാബർപോറ പ്രദേശത്തുകാരനാണ് ഹാജി എന്ന ആലം. 2000 മുതൽ സജീവമായ ഇയാൾ പാകിസ്ഥാനിൽ നിന്നാണ് പ്രവർത്തിക്കുന്നത്.
2022 ഒക്ടോബറിൽ കേന്ദ്രം ആലമിനെ തീവ്രവാദിയായി പ്രഖ്യാപിച്ചു. ഹിസ്ബുൾ മുജാഹിദ്ദീന്റെ ‘ലോഞ്ചിംഗ് കമാൻഡർ’, പ്രത്യേകിച്ച് ‘കുപ്‌വാരയിലേക്ക് നുഴഞ്ഞുകയറുന്നതിനും ജമ്മു കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായി ഏകോപിപ്പിക്കുന്നതിനും’ പരിശ്രമം നടത്തിവരുന്ന തീവ്രവാദിയെന്നായിരുന്നു കേന്ദ്രം ഇയാളെ വിശേഷിപ്പിച്ചത്.
Post Your Comments