ന്യൂഡല്‍ഹി: ദോക് ലാ സംഘര്‍ഷത്തിന് കുറച്ച് അയവ് വന്നെങ്കിലും അതിര്‍ത്തിയില്‍ ഇപ്പോഴും ചൈനീസ് ആക്രമണം ഉണ്ടായേക്കാം എന്ന് മുന്നറിയ്പ്പുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യ-ചൈനാ അതിര്‍ത്തി ശക്തമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കരസേനാ കമാന്‍ഡര്‍മാരുടെ യോഗം തീരുമാനിച്ചു.
4000 കിലോമീറ്റര്‍ വരുന്ന അതിര്‍ത്തി പ്രദേശത്തു റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാനാണു പ്രധാന തീരുമാനം. അതിര്‍ത്തിയിലെ വെല്ലുവിളികള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു. വികസന പ്രവര്‍ത്തികള്‍ക്കായി ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനു കൂടുതല്‍ തുക അനുവദിക്കും. അതിര്‍ത്തിയിലെ പ്രധാന സെക്ടറുകളെയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണു റോഡുകള്‍ നിര്‍മിക്കുക.
2020 ആകുമ്പോഴേക്കും നാലു ചുരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുമെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് സ്റ്റാഫ് ഡ്യൂട്ടീസ് ലഫ്. ജനറല്‍ വിജയ് സിങ് പറഞ്ഞു. നീതി, ലിപുലേഖ്, താംഗ്‌ള ഒന്ന്, സാംഗ് ചോക്ക് ല എന്നിവയാണ് ഈ പാതകള്‍.
എപ്പോഴും തയാറായിരിക്കാന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും സദാ ജാഗരൂകരായിരിക്കാന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും കമാന്‍ഡര്‍മാരോട് ആവശ്യപ്പെട്ടു. ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങുന്നതിലുള്ള കാലതാമസത്തില്‍ ജനറല്‍ ബിപിന്‍ റാവത്ത് ഉത്കണ്ഠ രേഖപ്പെടുത്തി.
ദോക് ലായില്‍ രണ്ടു മാസത്തോളം നീണ്ട ‘സംഘര്‍ഷ’ത്തിനൊടുവില്‍ ഓഗസ്റ്റ് 28ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു അതിര്‍ത്തി ശക്തമാക്കുന്നതിനെക്കുറിച്ച് കൂടുതല്‍ ഗൗരവമായി ആലോചിക്കാന്‍ പ്രതിരോധ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.
Post Your Comments