തിരുവനന്തപുരം : ഇത് മഞ്ജുഷ. മണലാരിണ്യത്തില്‍ താന്‍ അനുഭവിച്ച മാനസികമായും ശാരീരികമായും അനുഭവിച്ച കൊടിയ പീഡനങ്ങളും ദുരിതവും മറ്റാര്‍ക്കും ഉണ്ടാകല്ലേ എന്ന പ്രാര്‍ത്ഥനയിലാണ് അവര്‍ . തല ചായിക്കാന്‍ സ്വന്തമായി ഒരു വീടോ ഒരു തുണ്ടു ഭൂമിയോ ഇല്ലാത്ത മഞ്ജുഷയുടെ കഥ തുടങ്ങുന്ന് ആറുമാസം മുമ്പാണ്.
ഗള്‍ഫിലെ ഗാര്‍ഹിക പീഡനത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ പേറി പാലോട് ഇലവംകോണത്തു വീട്ടില്‍ മഞ്ജുഷ നാട്ടില്‍ തിരിച്ചെത്തി. അനവധി വീട്ടുജോലിക്കാര്‍ മണലാരണ്യത്തില്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ ഉദാഹരണമായി സ്വയം വെളിപ്പെടുത്തിക്കൊണ്ട്.
സ്വന്തമായി വീടില്ലാത്ത, മഞ്ജുഷ രണ്ടു പെണ്‍കുട്ടികളുടെ ഭാവി ഓര്‍ത്താണു മാര്‍ച്ചില്‍ സൗദി അറേബ്യയില്‍ വീട്ടുജോലിക്കു യാത്രയായത്. ‘പോത്തന്‍ക്കോട്ടെ ട്രാവല്‍ ഏജന്‍സി മുഖേനയായിരുന്നു യാത്ര. സൗദിയിലെ ഹൗസ് ഡ്രൈവര്‍ ആയ മണിലാലാണു വിസ നല്‍കിയത്. വൃദ്ധദമ്പതികളെ നോക്കാനെന്നു പറഞ്ഞാണു കൊണ്ടുപോയത്്. എന്നാല്‍ എഗ്രിമെന്റ് പേപ്പര്‍ നല്‍കിയില്ല. വിശ്വസ്ഥനായതിനാല്‍ യാത്രയായി. എന്നാല്‍ അവിടെ ചെന്നപ്പോള്‍ വീടുമാറി. 32 അംഗങ്ങളുള്ള മൂന്നുനില കെട്ടിടത്തിലെ ഏക ജോലിക്കാരിയായിരുന്നു മഞ്ജുഷ. ഉറങ്ങാന്‍പോലും അനുവദിക്കാതെ 24 മണിക്കൂറും ജോലിയായിരുന്നു.
അവിടത്തെ ക്രൂര മര്‍ദ്ദന മുറകളെ പ്പറ്റി പറയുമ്പോള്‍ മഞ്ജുഷയുടെ ശബ്ദം ഇടറി. ഭക്ഷണംപോലും തരില്ല. പലതവണ വേസ്റ്റ് ബോക്‌സില്‍ നിന്ന് ആഹാരം എടുത്തുകഴിച്ചിട്ടുണ്ട്. ഭക്ഷണം ഇല്ലാതായപ്പോള്‍ അള്‍സര്‍ പിടിപെട്ടു. അസുഖത്തിനു ചികില്‍സ നിഷേധിച്ചു. രാത്രി തളര്‍ന്നു വിശ്രമിച്ചാല്‍ ക്രൂര മര്‍ദനമായിരുന്നു. പീഡനം സഹിക്കാനാവാതെ വിവരങ്ങളെല്ലാം കാണിച്ചു പാലോട് എസ്‌ഐയ്ക്കു വാട്‌സാപ് സന്ദേശം അയച്ചു.
എന്നാല്‍ പിന്നീട് ഫോണ്‍ വീട്ടുകാര്‍ പിടിച്ചെടുത്തു. ഭക്ഷണമില്ലാതെയും രോഗത്തിന്റെ പിടിയിലും അവശയായി പിടിച്ചു നില്‍ക്കാനാവാതെ വീട്ടില്‍നിന്നു ചാടി രക്ഷപ്പെടുന്നതിനിടെ പൊലീസ് പിടിച്ച് സൗദിയിലെ അഭയകേന്ദ്രത്തില്‍ എത്തിച്ചു. അവിടെ കിടന്നു വീണ്ടും പൊലീസിനു സന്ദേശം അയച്ചു. തുടര്‍ന്ന് അവര്‍ നോര്‍ക്ക വഴിയൊക്കെ ബന്ധപ്പെട്ട് നാട്ടിലെത്താന്‍ നല്ല ശ്രമം നടത്തി.
ഇതിനിടെ സമ്പത്ത് എംപിയുടെ ഇടപ്പെടലും ഉണ്ടായി. അങ്ങനെ ബുധനാഴ്ച പുലര്‍ച്ചെ
പാലോട് ഇലവംകോണത്തു വീട്ടില്‍ തിരിച്ചെത്തി.
ആറുമാസത്തെ ഗള്‍ഫ് ജീവിതത്തില്‍ നിന്ന് ഇനിയും തന്റെ നടുക്കം മാറിയിട്ടില്ലെന്നു മഞ്ചുഷ പറയുന്നു. നാലുമാസത്തെ ശമ്പളം തരാനുണ്ട്. പാസ്‌പോര്‍ട്ടും സീല്‍ വച്ചു. സൗദി, ഇന്ത്യന്‍ എംബസികളില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒന്‍പതിനും മൂന്നിലുമാണു കുട്ടികള്‍, ഭൂതകാലത്തിന്റെ നടുക്കം മാത്രമല്ല ചോദ്യചിഹ്നമായി ഭാവി ജീവിതവും മഞ്ജുഷയുടെ പേക്കിനാവാകുന്നു.
Post Your Comments