കൊച്ചി: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി തീർപ്പാക്കി ഹൈക്കോടതി. കേസന്വേഷണം സിബിഐയ്‌ക്ക് കൈമാറണമെന്ന ആവശ്യം കോടതി നിരസിച്ചു.
കേസിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് അംഗീകരിക്കുകയായിരുന്നു കോടതി. ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കീഴിൽ നവീൻ ബാബു മരണത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു.
കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം കൊലപാതകമാണോയെന്ന് സംശയിക്കുന്നുണ്ടെന്നും സിപിഎം നേതാവ് പ്രതിയായ കേസ് കേരളാ പൊലീസ് തുടർന്നന്വേഷിക്കുന്നതിൽ വിശ്വാസമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മഞ്ജുഷ ഹർജി നൽകിയത്.
എന്നാലിത് തള്ളിയിരിക്കുകയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച്. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് വിധി പറഞ്ഞത്. സ്വതന്ത്രവും നീതിപൂർവകവുമായ അന്വേഷണം നടത്തണമെന്നാണ് SITക്ക് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദേശം. ഹർജിയിൽ കുടുംബം ഉന്നയിച്ച കാര്യങ്ങൾ SIT അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ അപ്പീൽ പോകുമെന്നും നിയമപോരാട്ടം തുടരുമെന്നുമാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ പ്രതികരണം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയോ സുപ്രീംകോടതിയേയോ സമീപിക്കുമെന്ന് നവീന്റെ ഭാര്യ മഞ്ജുഷ അറിയിച്ചു. SITയുടെ അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്.
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. CBI അന്വേഷണം വേണമെന്ന നിലപാടിൽ നിന്ന് പിന്മാറില്ലെന്നും അനുകൂല ഉത്തരവ് ലഭിക്കാൻ ഏതറ്റം വരെയും മുന്നോട്ടുപോകുമെന്നും മഞ്ജുഷ പറഞ്ഞു.
Post Your Comments