ആലപ്പുഴ: കേരള പൊലീസ് ഇനി ഡ്രോണും ഉപയോഗപ്പെടുത്തും. വിഐപി സുരക്ഷ പോലുള്ള പ്രത്യേക ഘട്ടങ്ങളിലാണ് ഡ്രോൺ ഉപയോഗിക്കുക. ചെന്നൈ അണ്ണാ സർവകലാശാല സെന്റർ ഫോർ എയ്റോസ്പേസ് റിസർച്ച് സെന്ററിൽ നിന്നു സേനാ നവീകരണ പദ്ധതിയുടെ ഭാഗമായി വാങ്ങിയ ഡ്രോൺ പൊലീസ് ആസ്ഥാനത്തെത്തി.
ഒരു ഡ്രോൺ ആണ് നിലവിൽ വാങ്ങിയിരിക്കുന്നത്. ഫലപ്രദമെന്നു കണ്ടാൽ കൂടുതൽ വാങ്ങാനും പദ്ധതിയുണ്ട്. ചുമതല ഇന്റലിജൻസ് ഐജിക്കാണ്. ഉയരത്തിൽ നിന്നുള്ള ചിത്രങ്ങൾ ലഭ്യമാക്കുന്ന ഈ വിദൂര നിയന്ത്രിത ആളില്ലാ വിമാനം വിഐപി സന്ദർശന വേളയിൽ സുരക്ഷാ നിരീക്ഷണം, ഗതാഗത ക്രമീകരണം, തിരക്ക് നിയന്ത്രണം എന്നിവയ്ക്കായാണ് ഉപയോഗപ്പെടുത്തുക. മാത്രമല്ല യുഎവി ഉപയോഗിക്കുന്നതിനു പൊലീസ് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകുന്നുണ്ട്. 150 മീറ്റർ ഉയരത്തിൽ എട്ടു മണിക്കൂർ വരെ പറക്കാൻ കഴിയും.
Post Your Comments