അഹമ്മദാബാദ്: ഗുജറാത്തിൽ ദലിത് യുവാവിനു നേരെ മേൽജാതിക്കാരുടെ ആക്രമണം. മീശ വച്ചതിനാണ് വീണ്ടും ഒരു ദളിത് യുവാവിന് നേരെ ക്വട്ടേഷൻ ആക്രമണം ഉണ്ടായത്. ദിഗന്ത് മഹേരിയ എന്ന പതിനേഴുകാരനെ ബൈക്കിലെത്തിയ രണ്ടുപേർ പിന്നിൽ നിന്നു വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ഗാന്ധിനഗറിനടുത്തു ലിംബോധര ഗ്രാമത്തിലാണ് സംഭവം നടന്നത്.
ദിഗന്ത് ഇതേ കാരണത്തിന് ആക്രമണത്തിനിരയാകുന്ന മൂന്നാമത്തെ ദലിത് യുവാവാണ്. ഗാന്ധിനഗറിലെ നിയമസഭാ കവാടത്തിൽ ദലിതുകൾക്കു നേരേയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച ദലിത് പ്രക്ഷോഭ നായകൻ ജിഗ്നേശ് മെവാനിയടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
സമൂഹമാധ്യമങ്ങളിലും പിരിച്ചുവച്ച മീശയുടെ ചിത്രത്തിനൊപ്പം മിസ്റ്റർ ദലിത് എന്ന അടിക്കുറിപ്പോടെ പ്രതിഷേധം വൈറലായി. നേരത്തേ ഇതേ കാരണത്തിനു രാജ്പുത്തുകൾ ആക്രമിച്ച പിയൂഷ് പർമാറിന്റെ ബന്ധുവായ ദിഗന്ത് ആ സംഭവത്തിൽ ദൃക്സാക്ഷിയായിരുന്നു.
മുഖം മറച്ചു ബൈക്കിലെത്തിയ സംഘം സ്കൂളിൽ പരീക്ഷ കഴിഞ്ഞു മടങ്ങിവരുമ്പോഴായിരുന്നു പിന്നിൽ നിന്നു മൂർച്ചയുള്ള ആയുധം കൊണ്ടു വെട്ടിയത്. സംഭവം വിശദമായി അന്വേഷിക്കുമെന്നു ഗാന്ധിനഗർ എസ്പി വിരേന്ദ്രസിങ് യാദവ് അറിയിച്ചു. ഈയാഴ്ച ആദ്യമാണ് നവരാത്രി ആഘോഷത്തിനിടെ ഗർബ നൃത്തം കാണാനെത്തിയ ദലിത് യുവാവിനെ പട്ടേൽ യുവാക്കളുടെ സംഘം തല്ലിക്കൊന്നത്.
Post Your Comments