കോട്ടയം•ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മതംമാറി ഹാദിയയായി മാറിയ അഖിലയുടെ വീട്ടിലെത്തി പിതാവ് അശോകനുമായി കൂടിക്കാഴ്ച നടത്തി.
വൈക്കത്ത് അഖില മാതാപിതാക്കളുടെ തടവിലാണ് കഴിയുന്നതെന്ന സിപിഎം നേതാവ് വൃന്ദാ കാരാട്ടിന്റെ പ്രസ്താവന കോടതിയലക്ഷ്യവും കുടുംബജീവിത മൂല്യങ്ങളെ അവഹേളിക്കലുമാണെന്ന് കുമ്മനം കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. വനിതാ കമ്മീഷനും വൃന്ദാ കാരാട്ടും അഖിലാപ്രശ്‌നത്തെ മനുഷ്യാവകാശ ലംഘന വിഷയമായി ചിത്രീകരിക്കുക വഴി വസ്തുതകളെ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. സുപ്രീം കോടതിയും ഹൈക്കോടതിയും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്ത പ്രശ്‌നത്തെ വനിതാ കമ്മീഷന്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്നത് ഒരു ഭരണഘടനാ സ്ഥാപനത്തിന് ചേര്‍ന്നതല്ല. ഭീകര ബന്ധവും നിയമവിരുദ്ധ പ്രവര്‍ത്തനവും കണ്ടതിനാലാണ് എന്‍.ഐ.എയുടെ അന്വേഷണം വേണ്ടി വന്നത്. നിര്‍ബന്ധിത മതം മാറ്റത്തിനും തീവ്രവാദ പ്രവര്‍ത്തനത്തിനും വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ ജോസഫൈന്‍ കൂട്ട് നില്‍ക്കുന്നത് ഖേദകരമാണെന്നും കുമ്മനം പറഞ്ഞു.
ഒരു അച്ഛന്റെയും അമ്മയുടെയും പുത്രദു:ഖം വൃന്ദാകാരാട്ടിന് അറിയില്ലായിരിക്കാം. അഖിലയും അച്ഛനും അമ്മയും സ്വന്തം വീട്ടില്‍ സ്വൈര്യമായും സമാധാനമായും കുടുംബജീവിതം നയിക്കുമ്പോള്‍ കുടുംബബന്ധം തകര്‍ക്കാനാണ് സച്ചിദാനന്ദനും പുരോഗമന കലാസാഹിത്യ സംഘവും ശ്രമിക്കുന്നത്. അഖിലയുടേതെന്നത് പോലെ അച്ഛന്റെയും അമ്മയുടെയും മനുഷ്യാവകാശവും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. അഖിലയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നവര്‍ സ്വന്തം മക്കളെ സിറിയയിലേക്ക് ചാവേറുകളായി പറഞ്ഞയക്കാന്‍ തയ്യാറാകാത്തത് മാതൃപുത്ര ബന്ധത്തിന് വിലയും നിലയും കല്‍പ്പിക്കുന്നത് കൊണ്ടാണ്. മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും സിപിഎം നേതാവ് വൃന്ദാ കാരാട്ടും വേങ്ങരയില്‍ കുറെ വോട്ട് കിട്ടാന്‍ വേണ്ടിയാണ് അഖിലാ പ്രശ്‌നവുമായി ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുള്ളത്. ഇതില്‍ ആത്മാര്‍ത്ഥത ഒട്ടുമില്ല. ചുവപ്പ് ഭീകരതയും, ജിഹാദി ഭീകരതയും അഖില പ്രശ്നത്തിൽ കൈ കോർക്കുകയാണ്. സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നേതാക്കള്‍ നടത്തുന്ന ഈ ശ്രമം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും കുമ്മനം മുന്നറിയിപ്പ് നല്‍കി.
Post Your Comments