യു.എ.ഇ: 24 മണിക്കൂറിനുള്ളില്‍ ആത്മഹത്യയായി റിപ്പോര്‍ട്ട് ചെയ്ത കൊലപാതകത്തിന്റെ ചുരുളഴിച്ച് റാസല്‍ഖൈമ പോലീസ്.
ശനിയാഴ്ചയാണ് എഷ്യക്കാരനായ തൊഴിലാളി ലേബര്‍ ക്യാമ്പിലെ മുറിയില്‍ മരിച്ചു കിടക്കുന്നതായി പോലീസിനു വിവരം ലഭിച്ചത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഒറ്റ നോട്ടത്തില്‍ ആത്മഹത്യയെന്നു തോന്നിയ്ക്കുന്ന തരത്തില്‍ എല്ലാ തെളിവുകളും നശിപ്പിച്ചുകൊണ്ടായിരുന്നു പ്രതിയുടെ ഓരോ നീക്കവും. ആത്മഹത്യയെന്നു തോന്നിയ്ക്കാന്‍ കൊല്ലപ്പെട്ടയാളുടെ കഴുത്തില്‍ ഒരു ഷാള്‍ ചുറ്റിയിട്ടുണ്ടായിരുന്നു.
എന്നാല്‍ വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനുമൊടുവില്‍ അത് ആത്മഹത്യയല്ല കൊലപാതകമാണ് എന്ന നിഗമനത്തില്‍ പോലീസ് എത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസിന്റെ നിഗമനത്തിന് അനുകൂലമായിരുന്നു.
തുടക്കത്തില്‍ നിരവധി പേരെ പോലീസ് സംശയിച്ചെങ്കിലും അവസാനം കൊലപാതകി മരിച്ചയാളുടെ ബന്ധുവാണെന്ന നിഗമനത്തില്‍ പോലീസ് എത്തി. കുറ്റകൃത്യം ആദ്യം പ്രതി നിഷേധിച്ചെങ്കിലും ഏറെ നേരത്തെ ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ പ്രതി കുറ്റം സമ്മതിച്ചു.
പ്രതിയും കൊല്ലപ്പെട്ട വ്യക്തിയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തര്‍ക്കത്തിനിടെ താഴെ വീണയാളെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. പിന്നീട് ആത്മഹത്യയെന്നു തോന്നിയ്ക്കാന്‍ ഒരു ഷാള്‍ കഴുത്തില്‍ ചുറ്റുകയും മുറിയടച്ച് പുറത്തുപോകുകയും ചെയ്തതായി പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments