KeralaLatest NewsIndiaNewsAutomobile

നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിക്കൽ ഇനി മുതൽ നടക്കില്ല

കൊച്ചി: വാഹന നമ്പർ പ്ലേറ്റുകള്‍ മാറ്റിയും കൃത്രിമം കാണിച്ചും മോട്ടോര്‍വാഹന വകുപ്പിനെ കബളിപ്പിക്കാന്‍ ഇനിയാവില്ല. ഇത്തരക്കാരെ കുടുക്കാനായി അതിസുരക്ഷാ നമ്പർ പ്ലേറ്റുകള്‍ (എച്ച്‌.എസ്.ആര്‍.പി.) രംഗത്തെത്തും. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച്‌ ഹോളോഗ്രാഫ് രീതിയിലാണ് നമ്പറുകൾ എഴുതുന്നത്. പദ്ധതി ഒരു മാസത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ജോയന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത്  പറഞ്ഞു.


ഇത്തരം നമ്പർ പ്ലേറ്റുകള്‍ ഒരിക്കല്‍ ഘടിപ്പിച്ചാല്‍ അഴിച്ചെടുക്കാന്‍ സാധിക്കുകയില്ല. ഓരോ വാഹനത്തിനും വ്യത്യസ്തമായ കോഡുകള്‍ നല്‍കും. ഇവ ലേസര്‍വിദ്യ ഉപയോഗിച്ച്‌ ഓരോ നമ്പർ പ്ലേറ്റിലും ഘടിപ്പിക്കും. വാഹനത്തിന്റെ രജിസ്ട്രേഷന്‍ അടക്കമുള്ള വിവരങ്ങള്‍ ഈ കോഡുമായി ബന്ധിപ്പിക്കും. മോട്ടോര്‍വാഹന വകുപ്പാണ് വിവരങ്ങള്‍ സൂക്ഷിക്കുക. ഹോളോഗ്രാഫ് രീതിയിലുള്ള പ്ലേറ്റില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ക്ക് ശ്രമിച്ചാല്‍ പ്ലേറ്റുകള്‍ പൂര്‍ണമായും നശിക്കും.


ആദ്യഘട്ടത്തില്‍ പുതിയ വാഹനങ്ങളിലായിരിക്കും ഈ നമ്പർ പ്ലേറ്റുകള്‍ സ്ഥാപിക്കുക. 2019-ഓടെ കേരളത്തിലെ എല്ലാ വാഹനങ്ങളിലും ഇവ ഘടിപ്പിക്കും. 2005-ലാണ് മോട്ടോര്‍വാഹന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ അതിസുരക്ഷാ നമ്പർ പ്ലേറ്റുകളുമായി ബന്ധപ്പെട്ട ഭേദഗതി കൊണ്ടുവന്നത്. എന്നാല്‍, നിയമം നടപ്പാക്കിയില്ല. 2010-ല്‍ അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിര്‍ബന്ധമാക്കി സുപ്രീംകോടതിവിധി വന്നു.


കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എത്രയും വേഗം ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാനാണ് കോടതി ഉത്തരവ്. എന്നാല്‍ ഇ-ടെന്‍ഡറുകള്‍ പലപ്രാവശ്യം വിളിച്ചെങ്കിലും പദ്ധതി നടപ്പായില്ല.
നിലവില്‍ പുതിയ ടെന്‍ഡറുകളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. കിറ്റ്കോയ്ക്കാണ് ചുമതല. നിലവില്‍ അസം, ഗുജറാത്ത്, രാജസ്ഥാന്‍, ജമ്മുകാശ്മീര്‍, ബംഗാള്‍, കര്‍ണാടക, ഗോവ എന്നിവിടങ്ങളിലാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button