ബഗ്ദാദ്: തെക്കൻ ഇറാഖിലെ റസ്റ്ററന്റിലും പൊലീസ് ചെക്ക് പോയിന്റിലും ഭീകരാക്രമണം. ആക്രമണത്തിൽ 50 പേർ മരിച്ചതായിട്ടാണ് പ്രാഥമിക വിവരം. 87 പേർക്ക് പരുക്കേറ്റു. ഇസ്‌ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പരുക്കേറ്റവരിൽ മിക്കവരും ഗുരുതരാവസ്ഥയിലായതിനാൽ മരണസംഖ്യ ഇനിയും ഏറുമെന്ന് അധികൃതർ അറിയിച്ചു.
ആക്രമണം നടന്നത് ഇറാഖിലെ പ്രധാന എണ്ണ ഉൽപാദന കേന്ദ്രമായ നസിറിയയിലായിരുന്നു. ഭീകരർ റസ്റ്ററന്റിലേക്കു കടക്കുകയും നാലു പേർ അകത്തുള്ളവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. അതിനിടെ, ശരീരത്തിൽ സ്ഫോടകവസ്തുക്കൾ വച്ചുകെട്ടി അകത്തുകയറിയ ഒരു ചാവേർ സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് സമീപത്തെ പൊലീസ് ചെക്ക് പോയിന്റിനു നേരെയും ആക്രമണമുണ്ടായത്. തോക്കുധാരികളായ ഭീകരർ ചെക്ക് പോയിന്റിനു നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ നാല് ഇറാൻ പൗരന്മാരുമുണ്ടെന്ന് അധികൃതർ അറിയിച്ചു.
Post Your Comments