തിരുവനന്തപുരം; ഗൗരീലങ്കേഷിന്റെ ശബ്ദത്തെയും എഴുത്തിനെയും ഭയപ്പെട്ടവരാണ് അവരെ കൊന്നുതള്ളിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും കേരള സര്‍വകലാശാല യൂണിയനും സംയുക്തമായി സംഘടിപ്പിച്ച ഗൗരിലങ്കേഷ് സാംസ്‌കാരിക കൂട്ടായ്മ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൗരിലങ്കേഷ് രാജ്യത്തിന്റെ ഭാവിയെക്കരുതിയാണ് നിലപാടുകള്‍ സ്വീകരിച്ചത്. മതനിരപേക്ഷതയ്‌ക്കെതിരെ നിലകൊണ്ടതിനൊപ്പം വര്‍ഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടും സ്വീകരിച്ചു. എന്നാല്‍ ഗാന്ധിജിയുടെ നിലപാടുകളോട് അസഹിഷ്ണുത പുലര്‍ത്തുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്തതിന് സമാനമായി ഗൗരിലങ്കേഷും ജീവിച്ചിരിക്കരുതെന്ന് തീരുമാനിച്ച ശക്തികള്‍ കൊലയാളിയെ ആയുധമേല്‍പ്പിച്ച് പറഞ്ഞുവിട്ടു.
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടത്. ഗൗരിലങ്കേഷിന്റെ ആശയങ്ങളെ നേരിടാന്‍ തങ്ങളുടെ ആശയങ്ങള്‍ക്ക് ശക്തിയില്ലെന്ന തിരിച്ചറിവാണ് ആയുധമുപയോഗിച്ച് അവരെ നേരിടാന്‍ പ്രേരിപ്പിച്ചത്. ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി, ധാബോല്‍ക്കര്‍ തുടങ്ങി കഴിഞ്ഞ കാലങ്ങളില്‍ നടന്ന നിരവധി കൊലപാതകങ്ങള്‍ രാജ്യത്താകെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
പുരോഗമനപരമായി ചിന്തിക്കുകയും ഉത്പതിഷ്ണുതയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ കൃത്യതയോടെ ആശയം മുന്നോട്ടു വച്ചവരുമായിരുന്നു ഇവരെല്ലാം. പേന മാത്രമായിരുന്നു ഇവരുടെ ആയുധം. എന്നാല്‍ രാജ്യത്ത് വളര്‍ന്നു വരുന്ന അസഹിഷ്ണുതയുടെ ശക്തികള്‍ ഇവരെയെല്ലാം കൊലപ്പെടുത്തി. നമ്മുടെ രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം ഇത്തരം കൊലപാതകങ്ങള്‍ക്ക് വളമേകുന്നതാണ്.
രാജ്യത്ത് ജനാധിപത്യമായാണ് കാര്യങ്ങള്‍ നടക്കേണ്ടത്. ഏതെങ്കിലുമൊരു കൂട്ടര്‍ക്ക് ജനാധിപത്യത്തെ ഹനിക്കാന്‍ അധികാരമില്ല. ഒരു കൂട്ടര്‍ ആഗ്രഹിക്കുന്ന രീതിയില്‍ മറ്റെല്ലാവരും ചിന്തിക്കണമെന്ന നിലപാട് രാജ്യത്തെ അപകടത്തിലേക്ക് നയിക്കും. ചിന്തയില്‍ മാത്രമല്ല, ഭക്ഷണത്തിലും മതവിശ്വാസത്തിലുമെല്ലാം ഈ ഇടപെടല്‍ നടക്കുന്നു.
ഇത്തരം നീക്കങ്ങളെ ചെറുക്കാന്‍ രാജ്യത്തെ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ക്ക് തയ്യാറാകുന്നില്ല. ഇത് യാദൃശ്ചികമായി സംഭവിക്കുന്നതല്ല. രാജ്യത്തെ വീണ്ടും അന്ധകാരത്തിലേക്ക് തള്ളിയിടാനുള്ള നീക്കമാണ് നടക്കുന്നത്. ഈ നീക്കം അനുവദിക്കില്ലെന്ന് നാം ഉറക്കെ പ്രഖ്യാപിക്കണം. ജനാധിപത്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മുന്നോട്ടു വരേണ്ട സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊലപാതകത്തില്‍ പ്രതിഷേധം അറിയിച്ച് സദസ് പ്രതിജ്ഞയെടുത്തു. ചലച്ചിത്ര പ്രവര്‍ത്തകന്‍ ലെനിന്‍ രാജേന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിഷേധ ജ്വാലയ്ക്ക് മുഖ്യമന്ത്രി തിരിതെളിയിച്ചു.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു അദ്ധ്യക്ഷത വഹിച്ചു. വി. എസ്. ശിവകുമാര്‍ എം. എല്‍. എ, സാംസ്‌കാരിക, രാഷ്ട്രീയ, സിനിമ, മാദ്ധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സംബന്ധിച്ചു
Post Your Comments