Latest NewsInternationalGulf

ശമ്പളമില്ലാതെ കഷ്ടപ്പെട്ടും, ജയില്‍വാസം അനുഭവിച്ചും ദുരിതത്തിലായ മലയാളി ഡ്രൈവര്‍, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

സൗദി ; ശമ്പളമില്ലാതെ കഷ്ടപ്പെട്ടും, ജയില്‍വാസം അനുഭവിച്ചും ദുരിതത്തിലായ മലയാളി ഡ്രൈവര്‍ വടകര വല്യാപ്പള്ളി സ്വദേശിയായ സൈഫുദ്ദീൻ നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. പത്തു മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമിലെ ഒരു സൗദി ഭവനത്തില്‍ സൈഫുദ്ദീന്‍ ഹൌസ്‌ ഡ്രൈവറായി ജോലിയ്ക്ക് എത്തിയത്. ഡ്രൈവര്‍ പണി കൂടാതെ ആ വീട്ടിലെ പുറം പണികളും അവര്‍ അയാളെക്കൊണ്ട് ചെയ്യിപ്പിച്ചു. എന്നാല്‍ വന്നിട്ട് നാലുമാസം കഴിഞ്ഞിട്ടും ഒരു റിയാല്‍ പോലും ശമ്പളമായി നല്‍കിയില്ല. മാതാപിതാക്കളും, ഭാര്യയും രണ്ടു കുട്ടികളും അടങ്ങിയ നാട്ടിലുള്ള കുടുംബത്തിന് ചിലവിനുള്ള കാശ് പോലും അയയ്ക്കാന്‍ കഴിയാതെ സൈഫുദ്ദീന്‍ ദുരിതത്തിലായി. അഞ്ചാം മാസം, ശമ്പളം തന്നില്ലെങ്കില്‍ ഇനി ജോലി ചെയ്യില്ല എന്ന് സൈഫുദ്ദീന്‍ സ്പോൺസറോടു പറഞ്ഞു. ഇതിന്റെ പേരില്‍ സ്പോൺസറും അയാളുടെ മകനുമായി തര്‍ക്കം ഉണ്ടായി. ഇതെത്തുടര്‍ന്ന് സ്പോണ്സര്‍ സൈഫുദ്ദീന് എതിരെ പരാതി നല്‍കിയത് അനുസരിച്ച് പോലീസ് അയാളെ അറസ്റ്റ് ചെയ്തു.

ഈ അവസരത്തിലാണ് സൈഫുദ്ദീന്‍ നവയുഗം കുടുംബവേദി കണ്‍വീനര്‍ ദാസന്‍ രാഘവന്‍ വഴി നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ ഷിബു കുമാറിനെ ബന്ധപ്പെട്ടു. ശേഷം ഷിബുകുമാര്‍ പോലീസുമായി ബന്ധപ്പെട്ട്
സൈഫുദ്ദീനെ ജാമ്യത്തില്‍ ഇറക്കുകയും, ലേബര്‍ കോടതിയില്‍ സ്പോൺസര്‍ക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു. കോടതി രണ്ടു പ്രാവശ്യം നോട്ടീസ് അയച്ചിട്ടും സ്പോണ്സര്‍ ഹാജരായില്ല. തുടര്‍ന്ന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വഴി കോടതി നോട്ടീസ് അയച്ചപ്പോള്‍ സ്പോന്‍സര്‍ ഹാജരായി. വാദങ്ങള്‍ക്ക് ഒടുവില്‍ സൈഫുദ്ദീന് ഫൈനല്‍ എക്സിറ്റ് നല്‍കാന്‍ കോടതി ഉത്തരവിടുകയും നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകര്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ഒടുവില്‍ ഒരു മാസത്തെ ശമ്പളവും സ്പോന്‍സര്‍ നല്‍കുകയും ചെയ്തു.

നവയുഗം തുഗ്ബ സനയ്യ യൂണിറ്റ് സൈഫുദ്ദീന് വിമാനടിക്കറ്റ് നല്‍കി. തുഗ്ബയിലെ നവയുഗം പ്രവര്‍ത്തകരും സുഹൃത്തുക്കളും പിരിവെടുത്ത് ഒരു സഹായധനവും സൈഫുദ്ദീന് കൈമാറി. നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സൈഫുദ്ദീന്‍ നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button