Latest NewsKeralaNews

ഗുരുവായൂരപ്പന്റെ വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ മോഷണം പോയി

പാലക്കാട് : ഗുരുവായൂരപ്പന്റെ വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന ആഭരണള്‍ മോഷണം പോയി . വീട്ടിലെ പൂജാമുറിയില്‍ വിഗ്രഹത്തില്‍ അണിയിച്ചിരുന്ന 65 പവന്‍ സ്വര്‍ണം മോഷണം പോയത്. ഇന്നലെ പുലര്‍ച്ചെയാണു സംഭവം. ഹെഡ്പോസ്റ്റ് ഓഫീസിനു സമീപം താമസിക്കുന്ന ഹോമിയോ ഡോക്ടര്‍ പി.ജി. മേനോന്റെ കൃഷ്ണ നികേതന്‍ വീട്ടിലാണു മോഷണമുണ്ടായത്.
 
ഇന്നലെ രാവിലെ ഉറക്കമുണര്‍ന്ന വീട്ടുജോലിക്കാരിയാണു മോഷണവിവരം ആദ്യം അറിഞ്ഞത്. വീടിന്റെ പിന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നു. പൂജാമുറിയുടെ വാതില്‍ പൂട്ടിയിരുന്നെങ്കിലും അകത്തെ ബോള്‍ട്ട് ഇടാതിരുന്നതിനാല്‍ തള്ളിത്തുറന്ന നിലയിലായിരുന്നു.
 
ഇവിടെ ജോലി ചെയ്യുന്ന അകത്തേത്തറ സ്വദേശിനിയായ വീട്ടുജോലിക്കാരി ചില ദിവസങ്ങളില്‍ ഇവിടെ താമസിക്കാറുണ്ട്. ശനിയാഴ്ച രാത്രി വയറുവേദനയായതിനാല്‍ ഇവര്‍ ഒരുമണിവരെയും ഉറങ്ങിയില്ലെന്ന് പറയുന്നു.
ഒരുമണിയോടെ ടോയ്ലറ്റില്‍ പോയിവന്നപ്പോള്‍ പിറകിലെ വാതില്‍ അടയ്ക്കാന്‍ മറന്നുപോയതായി സംശയം പറയുന്നുണ്ട്.
 
രാവിലെ ഏഴുമണിയോടെ വീട്ടില്‍ പോകാനായി തയാറെടുത്തപ്പോഴാണ് ഇവര്‍ മോഷണവിവരം അറിഞ്ഞത്. വാതില്‍ തുറന്നുകിടക്കുന്നതും പൂജാമുറിയില്‍ വെള്ളം ഉള്ളതുപോലെയും തോന്നിയതായി അവര്‍ പോലീസിനു മൊഴി നല്‍കി.പൂജാമുറിയിലെ രണ്ടരഅടിയോളം ഉയരമുള്ള ഗുരുവായൂരപ്പന്റെ വിഗ്രഹത്തില്‍ ഇരുനൂറുപവനോളം സ്വര്‍ണാഭരണങ്ങളാണ് ചാര്‍ത്തിയിരുന്നത്.
 
കിരീടവും വളകളും നെക്ലസും മറ്റുമായാണിത്. ഇതില്‍ എട്ടോളം നെക്ലസുകളാണു നഷ്ടപ്പെട്ടത്. ഇതിന്റെ തൂക്കം സംബന്ധിച്ച്‌ കൃത്യമായ ധാരണയില്ല. എങ്കിലും ഓരോന്നും എട്ടുപവനിലേറെ തൂക്കംവരുമെന്നാണു കണക്കാക്കുന്നത്. സംഭവമറിഞ്ഞ് പോലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
 
വീടിനെക്കുറിച്ചു വ്യക്തമായ ധാരണയുള്ളവരാണു മോഷണത്തിനു പിന്നിലെന്നാണു സംശയിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പും ഇവിടെനിന്നും 15 പവനോളം നഷ്ടപ്പെട്ടിരുന്നു. അന്ന് ജോലിയിലുണ്ടായിരുന്നവരെയാണു സംശയിച്ചതെങ്കിലും പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button