ഇസ്ലാമാബാദ്: ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ പങ്കെടുത്ത ബ്രിക്സ് ഉച്ചകോടി ഭീകരതയ്ക്കെതിരെ സ്വീകരിച്ച നിലപാട് ഇന്ത്യൻ നയതന്ത്ര വിജയമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിൽ, പാക്ക് വിദേശകാര്യമന്ത്രി മുഹമ്മദ് ആസിഫ് ഉടൻ ചൈനയിലേക്കു പോകും.
പാക്ക് മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകളുടെ പേരെടുത്ത് പറഞ്ഞ് ബ്രിക്സ് ഉച്ചകോടി പ്രസ്താവന ഇറക്കിയതോടെ രാജ്യാന്തര തലത്തിൽ ഒറ്റപ്പെട്ടു പോയേക്കുമെന്ന ഭീതിയിലാണ് പാക്കിസ്ഥാൻ. ഇതുവരെ ബ്രിക്സ് ഉച്ചകോടിയിലെ സംയുക്ത പ്രസ്താവന ചൈന–പാക്ക് ബന്ധത്തിൽ വിള്ളലുണ്ടാക്കില്ലെന്ന് ഉറപ്പാക്കുന്നതിനായാണ് പാക്ക് മന്ത്രിയുടെ അടിയന്തര സന്ദർശനം
കഴിഞ്ഞവർഷം ഗോവയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പാക്ക് സംഘടനകളെ ഭീകരസംഘങ്ങളായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയത്തെ ചൈന എതിർത്തിരുന്നു. പുതിയ സാഹചര്യത്തിൽ ജയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെ യുഎൻ ഭീകരപട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തെ ചൈന പിന്തുണയ്ക്കാനും സാധ്യതയേറി.
പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ചൈനീസ് പ്രവിശ്യയായ ഷിൻജിയാങ്ങിൽ ഭീകര സംഘടനയായ ഈസ്റ്റ് ടർക്കിസ്ഥാൻ ഇസ്ലാമിക് മൂവ്മെന്റ് (ഇടിഐഎം) തീർക്കുന്ന ഭീഷണി നേരിടാൻ പാക്കിസ്ഥാൻ വേണ്ടവിധത്തിൽ സഹായിക്കാത്തത്തിലും ചൈനയ്ക്ക് കടുത്ത അമർഷമുണ്ട്. ഭീകരരുടെ ഒളിത്താവളങ്ങൾ പാക്കിസ്ഥാനിലുണ്ടെന്ന ഇന്ത്യയുടെ വാദത്തെ ചൈന പൂർണമായും തള്ളാത്തത് ഇതുമൂലമാണ്.
Post Your Comments